അനധികൃത സ്വത്ത്: ഹിമാചല്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിന് സ്റ്റേ

Posted on: October 2, 2015 5:27 am | Last updated: October 2, 2015 at 1:27 am
SHARE

ഷിംല: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിനെയും ഭാര്യ പ്രതിഭാ സിംഗിനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. തന്നെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സി ബി ഐയെ വിലക്കണമെന്നാവശ്യപ്പെട്ട് വീര്‍ഭദ്രസിംഗ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ശര്‍മയും സുരേശ്വര്‍ ഠാക്കൂറും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.
ഈ കേസില്‍ അടുത്ത മാസം 18ന് ഹരജിയില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും അതുവരെയുള്ള അന്വേഷണ പുരോഗതികള്‍ അറിയിച്ചുകൊണ്ടിരിക്കണമെന്നും സി ബി ഐയോട് കോടതി നിര്‍ദേശിച്ചു.
അനുചിതവും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതുമായ റെയ്ഡാണ് തന്റെ ഉടമസ്ഥതയിലുള്ള വീടുകളില്‍ സി ബി ഐ നടത്തിയതെന്ന് ഹരജിയില്‍ വീര്‍ഭദ്രസിംഗ് ചൂണ്ടിക്കാട്ടിയിരുന്നു. മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലാണ് സിംഗിന് വേണ്ടി കോടതിയില്‍ ഹാജരായത്.