ബീഹാര്‍ മോദിക്ക് പരീക്ഷയെന്ന് യു എസ് നിരീക്ഷകര്‍

Posted on: October 2, 2015 6:00 am | Last updated: October 2, 2015 at 1:25 am
SHARE

emb-blackവാഷിംഗ്ടണ്‍: ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിടുന്ന വലിയ പരീക്ഷയാണെന്ന് അമേരിക്കന്‍ രാഷ്ട്രീയ വിദഗ്ധര്‍. ഈ തിരഞ്ഞെടുപ്പിന്റെ അന്തിമഫലം സംസ്ഥാനത്തിന് വെളിയിലേക്ക് കൂടി ബാധിക്കുന്നതായിരിക്കുമെന്നും അവര്‍ വിലയിരുത്തി.
കാര്‍ണെജി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷനല്‍ പീസ് എന്ന അമേരിക്കന്‍ സംഘടനയില്‍ നിന്നുള്ള വിദഗ്ധരായ മിലന്‍ വൈഷ്ണവ്, സക്ഷം കോസല എന്നിവരാണ് വിലയിരുത്തല്‍ നടത്തിയിട്ടുള്ളത്.
ബീഹാര്‍ തിരഞ്ഞെടുപ്പ് വിജയം കേന്ദ്രസര്‍ക്കാറിന് പുതിയ മുന്നേറ്റം നല്‍കും. രാജ്യസഭയില്‍ ഭൂരപക്ഷത്തിനടുത്ത് ഇതെത്തിച്ചേക്കും. അത് 2016- 17 വര്‍ഷത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ മുന്നണിക്ക് ആവോശമുണ്ടാക്കുകയും ചെയ്യും. എന്നാല്‍, തിരഞ്ഞെടുപ്പില്‍ പരാജയമാണ് ഉണ്ടാകുന്നതെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മോദിയുടെ ചുമലുകളില്‍ തന്നെ പതിക്കും. 1.25 ലക്ഷം കോടി രൂപയുടെ വികസനം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ മോദി സംസ്ഥാനത്ത് തന്റെനിലയില്‍ പ്രചാരണം തുടങ്ങിയതാണ്. ഏറെക്കുറെ സ്വന്തം ഇമേജ് ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചാരണം തന്നെയാണ് മോദി ബീഹാറിലും ആവര്‍ത്തിച്ചത്.
അതുപോലെ, തിരഞ്ഞെടുപ്പ് ജയപരാജയം മുഖ്യമന്ത്രി നിതീഷ് കുമാറിനും അദ്ദേഹത്തിന്റെ മുന്നണി നേതൃത്വങ്ങള്‍ക്കും നിര്‍ണായകമായിരിക്കും. 2014ലെ പൊതുതിരഞ്ഞെടുപ്പിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് നിതീഷ് കുമാറിന് സംസ്ഥാനത്ത് പഴയ പ്രമാണിത്തമില്ല. അഴിമതിക്കേസില്‍ ജയില്‍വാസമനുഭവിക്കേണ്ടിവന്ന ലാലുപ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചുവരവിനുള്ള വീണുകിട്ടിയ അവസരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.
മുന്നണിയില്‍ കയറിപ്പറ്റി തിരഞ്ഞെടുപ്പ് നേരിടുന്ന കോണ്‍ഗ്രസിന് വലിയ ആശ്വാസമാകും ബീഹാറിലെ വിജയം എന്നും യു എസ് സംഘം വിലയിരുത്തുന്നു.