സുരക്ഷാ പ്രശ്‌നം: ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനം മാറ്റിവച്ചു

Posted on: October 1, 2015 6:55 pm | Last updated: October 1, 2015 at 6:55 pm
SHARE

മെല്‍ബണ്‍: ബംഗ്ലാദേശ് പര്യടനം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മാറ്റിവച്ചു. ബംഗ്ലാദേശിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ബംഗ്ലാദേശിലെ സ്ഥിതി വിലയിരുത്താന്‍ സന്ദര്‍ശനം നടത്തിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സുരക്ഷ വിഭാഗം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരമ്പര മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടിവ് ജെയിംസ് സതര്‍ലാന്‍ഡ് പറഞ്ഞു.

ബംഗ്ലാദേശില്‍ കഴിഞ്ഞദിവസം ഇറ്റാലിയന്‍ വംശജന്‍ കൊല്ലപ്പെട്ടതാണ് പരമ്പരയെ പ്രതിസന്ധിയിലാക്കിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തിരുന്നു. ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്കു ഓസ്‌ട്രേലിയ മുന്നറിയിപ്പും നല്‍കിയിരുന്നു.