Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്തും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ രണ്ടാം വാരത്തോടെ പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. രണ്ടു ദിവസങ്ങള്‍ ഇടവിട്ട് തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും ശബരിമല തീര്‍ഥാടനകാലത്തിന് മുമ്പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ ശശിധരന്‍ നായര്‍ അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് കമ്മീഷണറും ചീഫ്‌സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ആദ്യ ഘട്ടത്തില്‍ നാല് വടക്കന്‍ ജില്ലകളിലും മൂന്ന് തെക്കന്‍ ജില്ലകളിലും വോട്ടെടുപ്പ് നടക്കും. അതിനുശേഷം രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം രണ്ടാം ഘട്ടത്തില്‍ മധ്യകേരളത്തിലെ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ കണക്കിലെടുത്താണ് വോട്ടെടുപ്പ് രണ്ടു ദിവസമായി നടത്താനുള്ള തീരുമാനം.
ജില്ലാ പഞ്ചായത്ത് വാര്‍ഡ് പുനഃക്രമീകരണം ഉടന്‍ പൂര്‍ത്തിയാകും. ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് അടുത്ത മാസം ഒന്നിനും ജില്ലാ പഞ്ചായത്ത് നറുക്കെടുപ്പ് മൂന്നിനും നടത്തും. പുതിയ നഗരസഭകളിലെയും കൊല്ലം കോര്‍പറേഷനിലെയും വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കമ്മീഷന്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. നേട്ടം അവതരിപ്പിച്ചു സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യസാമഗ്രികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ വളപ്പില്‍നിന്ന് അടിയന്തരമായി മാറ്റണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനവും വിജ്ഞാപനവും ഈ മാസം അഞ്ചോടെ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന.