അബൂബക്കര്‍ അല്‍ ബഗ്ദാദിയും അബുല്‍ അഅ്‌ലാ മൗദൂദിയും

Posted on: September 28, 2015 12:17 pm | Last updated: September 28, 2015 at 12:17 pm

bagdadi
ജമാഅത്തെ ഇസ്‌ലാമിയുടെ ഐ എസ് വിരുദ്ധ ക്യാമ്പയിന്‍ ലക്ഷ്യം കാണാതെ പോയതില്‍ അതിശയമില്ല. അബുല്‍ അഅ്‌ലാ മൗദൂദിയുടെ ആശയങ്ങളെ പ്രമാണമായി കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനത്തിന് ഐ എസിനെ തള്ളിപ്പറയാനാകില്ലെന്നതു തന്നെ കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടാനാണ് എസ് എസ് എഫ് ശ്രമിച്ചത്. അതിനെ സുന്നി സംഘടനകളുടെ ഐ എസ് അനുഭാവമായി ദുര്‍വ്യാഖ്യാനിച്ച് തമാശ പറയാനുള്ള ജമാഅത്ത് കേന്ദ്രങ്ങളുടെ തിടുക്കം അവരകപ്പെട്ട പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ പാര്‍ട്ടി നിലപാടുകള്‍ ന്യായീകരിച്ച് പത്രങ്ങളില്‍ നിറയാറുള്ള പുതുതലമുറയിലെ ബൗദ്ധിക കസര്‍ത്തുകാരെയൊന്നും ഈ വഴിക്ക് കാണാത്തതെന്തേ എന്ന ചോദ്യവും ഐ എസ് ക്യാമ്പയിന്‍ കാലത്ത് ജമാഅത്തെ ഇസ്‌ലാമി നേതൃത്വം അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു.
അബുല്‍അഅലാ മൗദൂദിയില്‍ നിന്ന് അബൂബക്കര്‍ അല്‍ ബഗ്ദാദിയിലേക്കുള്ള കാലദൈര്‍ഘ്യം ഗണിച്ചെടുത്ത് ജമാഅത്തിനെ ഐ എസുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നതെങ്ങനെയെന്ന് അദ്ഭുതപ്പെടുന്നവര്‍ ചരിത്രത്തിലെ സമാനതകളെ പഠനവിധേയമാക്കണം. 1328ല്‍ മരണപ്പെട്ട ഇബ്‌നു തീമിയ്യ 1903ല്‍ ജനിച്ച മൗദൂദിയെ സ്വാധീനിച്ചുവെങ്കില്‍ 1979ല്‍ മരണപ്പെട്ട മൗദൂദിക്ക് ഇക്കാലത്തെ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ ആശയപരമായി സ്വാധീനിക്കാനെന്താണ് തടസ്സം? ‘സ്വയം പ്രഖ്യാപിത ഖലീഫ’യെന്ന നിലക്ക് ബഗ്ദാദി നടത്തിയ ആദ്യ പ്രസംഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദി പരാമര്‍ശിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അങ്ങനെ കരുതുന്നതില്‍ തെറ്റ് പറയാനുമാകില്ല.

Abul Ala Maududiബഗ്ദാദിയെ മൗദൂദി സ്വാധീനിച്ചാലും ഇല്ലെങ്കിലും, ഐ എസിന്റെ കാടത്തങ്ങള്‍ക്ക് പ്രത്യയശാസ്ത്ര പിന്തുണ ഉറപ്പാക്കുന്ന ഒട്ടേറെ വരികള്‍ മൗദൂദിയന്‍ സാഹിത്യത്തിലുണ്ട്. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസാധക വിഭാഗം ഐ പി എച്ച് പുറത്തിറക്കിയ മൗദൂദിയുടെ പ്രഭാഷണ സമാഹാരമായ ‘ഖുതുബാതി’ല്‍ വായിക്കുക: ”ഏതൊരു ജനങ്ങള്‍ അല്ലാഹുവിനെ തങ്ങളുടെ രാജാവെന്ന് വാക്കിലോ ഭാവനയിലോ മാത്രമല്ല, പ്രയോഗത്തില്‍ തന്നെ യഥാര്‍ഥ രാജാവെന്ന് സമ്മതിക്കുകയും അല്ലാഹു തന്റെ പ്രവാചകന്‍ വഴി നല്‍കിയിരിക്കുന്ന ജീവിത നിയമങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവരോട് ഇസ്‌ലാം ആവശ്യപ്പെടുന്നത് തങ്ങളുടെ രാജാവായ അല്ലാഹുവിന്റെ രാജ്യത്ത് അവന്റെ നിയമം നടപ്പില്‍ വരുത്തുവാനായി സര്‍വ സന്നദ്ധരായെഴുന്നേല്‍ക്കണമെന്നും അല്ലാഹുവിന്റെ പ്രജകളില്‍ നിന്ന് (മനുഷ്യരില്‍ നിന്ന്) സ്വയം രാജ്യത്തിന്റെ അധിപരായി ചമഞ്ഞ് അല്ലാഹുവിന്റെ രാജ്യദ്രോഹികളായി തീര്‍ന്നിരിക്കുന്ന ജനങ്ങളെ സാക്ഷാല്‍ നാഥനോടുള്ള അനുസരണത്തിന്റെ ഋജുമാര്‍ഗമവലംബിക്കാന്‍ ഉദ്‌ബോധിപ്പിക്കണമെന്നും എന്നിട്ടും ധിക്കാരമാര്‍ഗമുപേക്ഷിക്കാനൊരുക്കമില്ലാത്ത ജനങ്ങളുടെ സകലവിധ അധികാര ശക്തികളെയും നിശ്ശേഷം നശിപ്പിച്ച് അല്ലാഹുവിന്റെ പ്രജകളെ അവരുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കണമെന്നുമാണ്.’

ഐ എസ് ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. നിലനില്‍ക്കുന്ന അധികാരശക്തികളെ നിശ്ശേഷം നശിപ്പിച്ച് ഐ എസ് നടത്തുന്ന പടയോട്ടം മൗദൂദി വിഭാവന ചെയ്ത ദൈവരാജ്യത്തിനു വേണ്ടി തന്നെയാണ്. ഐ എസിന്റെ ഐഡിയോളജിയോട് യോജിപ്പുണ്ട്, അവരുടെ മാര്‍ഗത്തോടാണ് ജമാഅത്തിന് വിയോജിപ്പെന്ന് വൃദ്ധ നേതൃത്വം പറയുമ്പോള്‍ അത് തൊണ്ട നനക്കാതെ വിഴുങ്ങാന്‍ പാര്‍ട്ടിയിലെ പുതുതലമുറ തയ്യാറാകാത്തത് ലക്ഷ്യം നേടാന്‍ സന്ദര്‍ഭാനുസൃതം നശീകരണ മാര്‍ഗം അവലംബിക്കാന്‍ മൗദൂദി പച്ചക്കൊടി കാട്ടിയിട്ടുണ്ട് എന്നതുകൊണ്ട് കൂടിയാണ്.
അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ സ്വയം അവരോധിത ഖലീഫ പ്രഖ്യാപനത്തിനു പോലും മൗദൂദിയന്‍ സാഹിത്യത്തില്‍ ന്യായീകരണമുണ്ട്. ജിഹാദിനെ വിശദീകരിച്ചിടത്ത് മൗദൂദി ഇക്കാര്യം പറയുന്നുണ്ട്: ”നിങ്ങള്‍ എവിടെ ഏതു പരിതസ്ഥിതിയില്‍ താമസിക്കുന്നവരാണെങ്കിലും അവിടുത്തെ ജനങ്ങളെ ഉദ്ധരിക്കുവാനായി സര്‍വ സന്നാഹങ്ങളോടെ എഴുന്നേല്‍ക്കുകയും ഭരണത്തിന്റെ അബദ്ധമായ അടിസ്ഥാനത്തെ മാറ്റി സുബദ്ധമാക്കി തീര്‍ക്കുവാന്‍ അങ്ങേയറ്റം പരിശ്രമിക്കുകയും ദൈവഭയമില്ലാത്തവരും അനിയന്ത്രിതരുമായ ജനങ്ങളില്‍ നിന്ന് നിയമനിര്‍മാണാധികാരവും വിധികര്‍തൃത്വവും എടുത്തുമാറ്റി അല്ലാഹുവിന്റെ അടിമകളുടെ നേതൃത്വവും നിയന്ത്രണവും സ്വയം ഏറ്റെടുക്കുകയും രഹസ്യവും പരസ്യവുമറിയുന്ന അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്ന ബോധത്തോടെ അവന്റെ നിയമമനുസരിച്ച് ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുകയെന്നത് നിങ്ങളുടെ മേല്‍ സ്വയം നിര്‍ബന്ധമായി തീരുന്നതാകുന്നു. ഇതേ ലക്ഷ്യപ്രാപ്തിക്കുള്ള അശ്രാന്ത പരിശ്രമത്തിനും ത്യാഗത്തിനുമാണ് ഇസ്‌ലാമിന്റെ ഭാഷയില്‍ ജിഹാദ് അഥവാ സമരമെന്നു പറയുന്നത്. ”(ഖുതുബാത്)

അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ അവകാശവാദവും ഇതുതന്നെയാണ്. ദൈവഭയമില്ലാത്തവരും അനിയന്ത്രിതരുമായ ജനങ്ങളില്‍ നിന്ന് അധികാരം പിടിച്ചെടുത്ത് അല്ലാഹുവിന്റെ അധികാരം സ്ഥാപിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി തന്നെയാണ് ഐ എസിന്റെ അരുംകൊലകളെയും അതിക്രമങ്ങളെയും വായിക്കപ്പെടുന്നത്. ബഗ്ദാദി സ്വയമേറ്റെടുത്ത ഖലീഫ പദവിക്ക് ഇമ്മട്ടിലൊരു താത്വിക പിന്തുണ മുന്‍കാലത്തോ ഇക്കാലത്തോ ഇസ്‌ലാമിക ലോകത്ത് നിന്ന് ലഭിച്ചിട്ടുണ്ടാകില്ലെന്നത് അവിതര്‍ക്കിതമാണ്.

ജമാഅത്തെ ഇസ്‌ലാമി ഐ എസിനെതിരെ ക്യാമ്പയിനുമായി ഇറങ്ങുമ്പോള്‍ റദ്ദ് ചെയ്യപ്പെടുന്നത് മൗദൂദിയന്‍ വിചാരധാരയാണ്. കേരള ജമാഅത്തെ ഇസ്‌ലമാകിക്ക് ആചാര്യനെ തള്ളി മുന്നോട്ടു പോകാനുള്ള സര്‍വ സ്വാതന്ത്ര്യവുമുണ്ട്. അതംഗീകരിച്ചു കൊടുക്കാനുള്ള ജനാധിപത്യ സഹിഷ്ണുത പൊതു സമൂഹത്തിനുണ്ടായാല്‍ പോലും വിപണിയില്‍ നിന്ന് ഇനിയും പിന്‍വലിക്കപ്പെട്ടിട്ടില്ലാത്ത മുഴുത്ത മൗദൂദിയന്‍ സാഹിത്യങ്ങള്‍ പ്രതിശബ്ദമായി അവരെ തിരിഞ്ഞു കൊത്തുമെന്ന ആശങ്ക അസ്ഥാനത്തല്ല.

ആദ്യം ‘ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം’ എന്ന പേരിലും പില്‍ക്കാലത്ത് വേഷപ്പകര്‍ച്ചയുടെ സൗകര്യാര്‍ഥം ‘മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം’ എന്ന പേരിലും ഐ പി എച്ച് പ്രസിദ്ധീകരിച്ച രചനയിലും ഖിലാഫത്ത്സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വാചാലമാകുന്നുണ്ട് മൗദൂദി: ‘നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്‌കരിച്ച ഇസ്‌ലാമിലാണ് യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍ എവിടെയായിരുന്നാലും ശരി, മതേതര ഭൗതികത്വ സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവ വിശ്വാസത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു.’ എന്നിട്ടുമെന്തേ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഐ എസിനെ പോലെ കലാപത്തിനിറങ്ങിയില്ല എന്നാണ് ചോദ്യമെങ്കില്‍ നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ് ഓരോ കാലത്തും ഓരോ ദേശത്തും ആ സംഘടന പുറത്തെടുക്കാറുള്ളത് എന്നാണ് മറുപടി. ഒരേ നേതാവിനെ പിന്‍പറ്റിക്കൊണ്ടു തന്നെ ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ജമാഅത്തെ ഇസ്‌ലാമിക്ക് വ്യത്യസ്തരാകാന്‍ കഴിയുന്നത് അങ്ങനെയാണ്.

അതേ പുസ്തകത്തില്‍ ഖിലാഫത്തിനെ പരാമര്‍ശിക്കുന്ന മറ്റൊരു ഭാഗമിങ്ങനെ: ‘ഇലാഹീ ഖിലാഫത്തും ദൈവാധിപത്യവുമൊക്കെ തീര്‍ച്ചയായും ദൈവത്തിന്റെ സമ്മാനങ്ങള്‍ തന്നെയാണ്. അക്കാര്യത്തില്‍ ലവലേശം സംശയമില്ല. എന്നാല്‍ ഖിലാഫത്ത് വ്യവസ്ഥിതിയുടെ സ്ഥാപനാര്‍ഥം പ്രവര്‍ത്തിക്കുകയെന്നത് മുസല്‍മാന്‍മാരുടെ ഒഴിച്ചുകൂടാനാകാത്ത കര്‍ത്തവ്യമാകുന്നു.’

സ്വരം ഒന്നായിരിക്കെ, ഖിലാഫത്തിനെ കുറിച്ച് മൗദൂദി സംസാരിക്കുമ്പോള്‍ അത് ഇസ്‌ലാമികവും ബഗ്ദാദി പറയുമ്പോള്‍ അത് അനിസ്‌ലാമികവുമാകുന്നതെങ്ങനെയെന്ന ചോദ്യമാണ് ജമാഅത്തിനെ ഇപ്പോള്‍ തുറിച്ചുനോക്കുന്നത്. ഐ എസ് പുണ്യാളന്‍മാരുടെ സംഘമെന്ന് ഇപ്പറഞ്ഞതിനര്‍ഥമില്ല. മൗദൂദിയില്‍ നിന്ന് ബഗ്ദാദിയിലേക്കും ജമാഅത്തില്‍ നിന്ന് ഐ എസിലേക്കും ആശയദൂരം ഒട്ടുമില്ലെന്ന് പൊതുസമൂഹം തിരിച്ചറിയുകയാണ്. കുറ്റം ചെയ്തവരും അതിന് ന്യായം ചമച്ചവരും ഒരേപോലെ വിചാരണ ചെയ്യപ്പെടണം. ചുരുങ്ങിയപക്ഷം, ഐ എസ് വിഷയത്തില്‍ പ്രേരണാകുറ്റത്തിനെങ്കിലും ശിക്ഷയേറ്റു വാങ്ങാതെ ജമാഅത്തിന് പൊതുധാരയെ അഭിമുഖീകരിക്കാനാകില്ല.
(എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)