ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേത്: പ്രധാനമന്ത്രി നരേന്ദ്ര മോഡി

Posted on: September 28, 2015 10:47 am | Last updated: October 3, 2015 at 12:23 am

Modi at us sap centre

സാന്‍ ജോസ്: ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നേതൃത്വത്തിനായി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്ന സമയതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. യു എസ് സന്ദര്‍ശനത്തിനെത്തിയ മോഡി സാപ് സെന്‍്‌ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.

ഇന്ത്യയുമായി അടുത്ത സൗഹൃദം സൂക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ മത്സരിക്കുകയാണ്. അതിവേഗം വികസിക്കുന്ന രാജ്യമായാണ് ഇന്ത്യയെ മറ്റുരാജ്യങ്ങള്‍ കാണുന്നത്. ഒരിക്കല്‍ ഇന്ത്യയെ പരിഹസിച്ചവര്‍ ഇപ്പോള്‍ ഇന്ത്യയെ കേന്ദ്ര ബിന്ദുവായാണ് കാണുന്നത്. ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ കഴിവ് കൊണ്ടാണ് ഈ മാറ്റം സാധ്യമായത്. പ്രവാസികളുടെ കഠിനപ്രയത്‌നം ഇന്ത്യയുടെ പ്രതിച്ഛായ നന്നാക്കാന്‍ സഹായകമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

Modi at us sap centre 2

ഉപനിഷത്തുകളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന നമ്മള്‍ ഇപ്പോള്‍ ഉപഗ്രഹങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. സമാധാനത്തിന് വേണ്ടിയാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭഗത് സിംഗിന്റെ ജന്മദിനം ഓര്‍മിച്ചുകൊണ്ടാണ് മോഡി പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തില്‍ പ്രതിപക്ഷത്തിന് നേരെ ഒളിയമ്പ് എറിയാനും മോഡി മറന്നില്ല. ഇന്ത്യയില്‍ രാഷ്ട്രീയക്കാരുടെ ബന്ധുക്കളും മരുമക്കളും കോടികളുടെ അഴിമതിയാണ് നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ 16 മാസമായി തനിക്കെതിരെ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തിന് ഉറപ്പ് നല്‍കി. ഡിസംബര്‍ രണ്ട് മുതല്‍ ആഴ്ചയില്‍ മൂന്ന് തവണയായിരിക്കും എയര്‍ ഇന്ത്യ വിമാനം സര്‍വീസ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ അഞ്ച് ദിവസത്തെ യു എസ് സന്ദര്‍ശനം ഇന്ന് സമാപിക്കും. തിങ്കളാഴ്ച രാവിലെ ഫേസ്ബുക്ക്, ഗൂഗിള്‍ മേധാവികളുമായും മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു.