കാളികാവിലും ചോക്കാടും ത്രികോണ മത്സരത്തിന് സാധ്യത

Posted on: September 27, 2015 8:02 am | Last updated: September 27, 2015 at 8:02 am

കാളികാവ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയ നേതാക്കളുടെ ചങ്കിടിപ്പ് കൂടി. കാളികാവ് പഞ്ചായത്തില്‍ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്ക് സീറ്റുകളുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്നിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസിന്റെ നേതാവും ഭരണ രംഗത്ത് കഴിവ് തെളിയിച്ച വനിതയും കൂടിയായ ആലിപ്പറ്റ ജമീലക്ക് വിജയ സാധ്യത ഉറപ്പുള്ള സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനകത്ത് എതിരഭിപ്രായമില്ല. പതിനൊന്ന് സീറ്റുള്ള കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണെന്നാണ് നേതാക്കളുടെ വിശദീകരണം. കാളികാവ് മണ്ഡലം പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ നീലേങ്ങാടന്‍ മൂസ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ കെ മുഹമ്മദാലി തുടങ്ങിയവര്‍ മത്സര രംഗത്തുണ്ടാകുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിരുന്നത്.
എന്നാല്‍ പ്രതീക്ഷിച്ച രീതിയിലല്ല സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പില്‍ സംഭവിച്ചതെന്ന വിലയിരുത്തലും കോണ്‍ഗ്രിസിനകത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ട്. വികസന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. മുസ്‌ലിംലീഗിന് ഏറെ പ്രതീക്ഷയാണ് സംവരണ വാര്‍ഡ് നറുക്കെടുപ്പില്‍ ഉണ്ടായിട്ടുള്ളതെന്നാണ് പാര്‍ട്ടിക്കാര്‍ വിലയിരുത്തുന്നത്. അഞ്ച് സീറ്റാണ് ലീഗിന് ഇപ്പോഴുള്ളത്. മുന്നണി ബന്ധം ഉപേക്ഷിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ലീഗിന്റെ പ്രവര്‍ത്തകര്‍. കോണ്‍ഗ്രസിലും മുന്നണി ബന്ധം വിച്ഛേദിക്കണമെന്നാണ് യുവാക്കളായ പ്രവര്‍ത്തകരുടെ ആവശ്യം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പ്രാമുഖ്യം കൊടുത്ത് കൊണ്ടുള്ള സ്ഥാനാര്‍ഥി നിര്‍ണയമാകും ഉണ്ടാകുക എന്നാണ് അറിയുന്നത്. എം എസ് എഫ് നേതാവ് പൂന്തിരുത്തി അബ്ദുറഹ്മാന്‍, യൂത്ത് ലീഗ് പ്രസിഡന്റ് വി പി എ നാസര്‍ തുടങ്ങിയവര്‍ മത്സര രംഗത്ത് ഉണ്ടായേക്കും. മുന്‍ വൈസ് പ്രസിഡന്റായിരുന്ന കുഞ്ഞാപ്പ ഹാജി ഒന്നാം വാര്‍ഡില്‍ നിന്ന് ഡി വൈ എഫ് ഐ യുവ നേതാവ് സി ടി സക്കറിയ്യയുമായി മത്സരിച്ചേക്കും. അതേസമയം സി പി എമ്മും ലീഗും തമ്മില്‍ ഒരു അഡ്ജസ്റ്റ്‌മെന്റ് മത്സരമാകും നടക്കുക എന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവായിരുന്ന വി മുസ്തഫയുടെ വാര്‍ഡ് വനിതാ വാര്‍ഡായി മാറിയതോടെ മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കുകയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചേക്കും. സി പി എമ്മിന് മൂന്ന് അംഗങ്ങളാണ് ഉള്ളത്. മൂന്ന് പേരും മത്സര രംഗത്ത് ഉണ്ടാകില്ല. ചോക്കാട് പഞ്ചായത്തിലും ത്രികോണ മത്സരത്തിനായിരിക്കും സാധ്യത. കോണ്‍ഗ്രസും ലീഗും സി പി എമ്മും കൂടുതല്‍ യുവാക്കളെ രംഗത്തിറക്കാനാണ് തയ്യാറെടുക്കുന്നത്. നിലവിലുള്ള പ്രസിഡന്റ് ലീഗ് അംഗം കൂടിയായ പൈനാട്ടില്‍ അശ്‌റഫ് പന്നിക്കോട്ടുമുണ്ട വാര്‍ഡില്‍ നിന്ന് മത്സരിക്കുമെന്നാണ് അറിയുന്നത്. വൈസ് പ്രസിഡന്റ് മാട്ടറ ലൈലക്ക് ഇത്തവണ സീറ്റ് നല്‍കാന്‍ സാധ്യതയില്ല. കോണ്‍ഗ്രസില്‍ നിന്ന് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ പെടയന്താളില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. കോണ്‍ഗ്രസിന് ഏഴും ലീഗിന് എട്ടും സി പി എമ്മിന് രണ്ട് സീറ്റുമാണ് ഉള്ളത്. കോണ്‍ഗ്രസില്‍ നിന്ന് മാറി ലീഗിന് അനുകൂലമായി അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്ത ഒരംഗവുമാണ് ചോക്കാട് പഞ്ചായത്തിലെ കക്ഷി നില. സി പി എമ്മി ന്റെ രണ്ട് അംഗങ്ങളും മത്സര രംഗത്ത് നിന്ന് മാറി നിന്നേക്കും. മുന്നണി ബന്ധം വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസിന്റേയും ലീഗിന്റേയും പ്രവര്‍ത്തകര്‍. ഇത്തരം ഒരു സാഹചര്യത്തില്‍ ലീഗും സി പി എമ്മും രഹസ്യ ധാരണക്കുള്ള സാധ്യതയുമുണ്ട്.