കണ്‍സ്യൂമര്‍ഫെഡ് അഴിമതി: കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് രൂക്ഷമാകുന്നു

Posted on: September 27, 2015 12:32 am | Last updated: September 27, 2015 at 12:32 am

Ramesh-Chennithala-VM-Sudheeran-Oommen-Chandyതിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയാരോപണത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ രൂക്ഷമായ ചേരിപ്പോര്. എ, ഐ ഗ്രൂപ്പുകളെ വെട്ടിലാക്കി അഴിമതിയില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുധീരന്‍ പക്ഷം പരസ്യമായി രംഗത്തു വന്നതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എം എല്‍ എ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തുനല്‍കി. തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെതിരെ കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. രണ്ടുവര്‍ഷം മുമ്പ് താന്‍ അഴിമതി നടത്താന്‍ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച ജോയ് തോമസിനെതിരെയാണ് അനില്‍കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ കൈക്കൊള്ളുന്നതെന്നും അനില്‍കുമാര്‍ ആരോപിച്ചു.
അതേസമയം, കണ്‍സ്യൂമര്‍ഫെഡിലെ നടപടികള്‍ അഴിമതിക്കെതിരെയുള്ള സര്‍ക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നതെന്നായിരുന്നു ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ആരോപണങ്ങള്‍ക്കു പിന്നില്‍ ഗ്രൂപ്പുകളുണ്ടോ ഇല്ലയോ എന്ന് പറയില്ല. സര്‍ക്കാരിന്റെ നടപടികളെ ഇതൊന്നും സ്വാധീനിക്കില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍, കണ്‍സ്യൂമര്‍ഫെഡ് അഴിമതിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പ്രതികരണം. കാര്യങ്ങള്‍ എങ്ങനെ പോകുമെന്നു നോക്കാമെന്നും സുധീരന്‍ പറഞ്ഞു. സി ബി ഐ അന്വേഷണം ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് എ ഗ്രൂപ്പ് നടത്തുന്നതെന്നാണ് സുധീരന്‍ പക്ഷത്തിന്റെ നിലപാട്. ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവായ സി എന്‍ ബാലകൃഷ്ണനെ സംരക്ഷിക്കാനായായാണ് ആഭ്യന്തരമന്ത്രി വിജിലന്‍സ് അന്വേഷണവുമായി രംഗത്തെത്തിയതെന്ന ആരോപണവും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് ഗ്രൂപ്പുകളേയും വിഷമവൃത്തത്തിലാക്കി സി ബി ഐ അന്വേഷണത്തിന്റെ ആവശ്യം സുധീരന്‍ പക്ഷത്തു നിന്നുമുയരുന്നത്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കുന്ന സമയത്ത് സുധീരന്‍ വിഭാഗം ഈ ആവശ്യം മുന്നോട്ട് വെക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് ജോയി തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ട് വി എം സുധീരന്‍ നല്‍കിയ കത്ത് മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. അഴിമതിക്കെതിരെ നിലപാടെടുത്ത സതീശന്‍ പാച്ചേനി കൂടി ഉള്‍പ്പെട്ട ഭരണസമിതിയെ മരവിപ്പിക്കുകയും സുധീരന്‍ പക്ഷക്കാരനായ കെ പി അനില്‍ കുമാറിനെതിരെ അഴിമതിയാരോപണം ഉന്നയിക്കുകയും ചെയ്തതോടെ പുതിയ സാഹചര്യം രാഷ്ട്രീയമായി മുതലെടുക്കാനാണ് സുധീരന്‍ പക്ഷം ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സുധീരന്‍ പ്രതികരിച്ചിട്ടില്ല. എ, ഐ ഗ്രൂപ്പുകളുടെ നിലപാടുകള്‍ അറിഞ്ഞ ശേഷം കരുതലോടെ പ്രതികരിക്കാനാണ് കെ പി സി സി പ്രസിഡന്റിന്റെ നീക്കം.