സാനിയ- ഹിംഗിസ് സഖ്യത്തിന് കിരീടം

Posted on: September 27, 2015 12:16 am | Last updated: September 27, 2015 at 12:16 am

sania-650_050615053152 (1)ഗ്വാംഗ്ഷു: വിംബിള്‍ഡണ്‍, യു എസ് ഓപണ്‍ കിരീട നേട്ടങ്ങള്‍ക്ക് പിന്നാലെ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഗ്വാംഗ്ഷു ഓപണ്‍ കിരീടവും സ്വന്തമാക്കി. ചൈനയുടെ ഷിലിന്‍ ഷു- ഷിയോദി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്തോ-സ്വിസ് സഖ്യം കിരീടം ചൂടിയത്. സ്‌കോര്‍: 6-3, 6-1. ലോക ഒന്നാം നമ്പറുകാരായ സാനിയ സഖ്യത്തിനെതിരെ പൊരുതാന്‍ പോലും ചൈനീസ് സഖ്യത്തിന് കഴിഞ്ഞില്ല.
ഇസ്‌റാഈലിന്റെ ജൂലിയ ഗ്ലസ്ഹ്‌കോ, സ്വീഡന്റെ റബേക്ക പീറ്റേഴ്‌സണ്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സഖ്യം കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സീസണില്‍ സാനിയ നേടുന്ന ആറാമത്തെ കിരീടമാണിത്. ഹിംഗിസിനോടൊപ്പം അഞ്ചാമത്തെതും. യു എസ് ഓപണ്‍, വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം കിരീടങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യന്‍ വെല്‍സ്, മയാമി, ചാള്‍സ്ടന്‍ എന്നിവയാണ് മറ്റു കിരീടങ്ങള്‍. ബെഥാനി മറ്റെക് സാന്‍ഡ്‌സിനൊപ്പമായിരുന്നു 2015 സീസണില്‍ സാനിയയുടെ ആദ്യ കിരീടം.
അതെ സമയം, ഗ്വാംഗ്ഷു ഓപണ്‍ വനിതാ കിരീടം സെര്‍ബിയന്‍ താരം യെലേന യാന്‍കോവിച് സ്വന്തമാക്കി. ചെക്ക് റിപ്ലബ്ലിക്കിന്റെ ദെനിസ അല്ലര്‍ടോവയെ തോല്‍പ്പിച്ചാണ് യെലേന കിരീടമണിഞ്ഞത്. സ്‌കോര്‍: 6-2, 6-0. സീഡ് ചെയ്യപ്പെടാത്ത താരമായ അല്ലര്‍ടോവയെ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ യെലേന യാതൊരു ദയയും കാണിച്ചില്ല. ഒരു മണിക്കൂര്‍ 10 മിനുട്ട് കൊണ്ട് മത്സരം അവസാനിച്ചു.