അഭയാര്‍ഥികള്‍ക്ക് നേരെ ഫിന്‍ലാന്‍ഡില്‍ ആക്രമണം

Posted on: September 26, 2015 11:56 pm | Last updated: September 26, 2015 at 11:56 pm

ഹെല്‍സിങ്കി: ദക്ഷിണ ഫിന്‍ലാന്‍ഡില്‍ അഭയാര്‍ഥികളുമായെത്തിയ വാഹനത്തിന് നേരെ ഒരു കൂട്ടം പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ചുവിട്ടു. കല്ലുകളും കരിമരുന്നുകളും പ്രയോഗിച്ചായിരുന്നു ആക്രമണം. ഫിന്‍ലാന്‍ഡിന്റെ പതാക വീശിയെത്തിയ മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ വരുന്ന പ്രതിഷേധക്കാര്‍ ദക്ഷിണ നഗരമായ ലാത്തിയില്‍ വെച്ച് ബസിലുള്ളവര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി. കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ 40ഓളം പേരെ വഹിച്ച് എത്തിയ വാഹനത്തിലേക്ക് ചില പ്രതിഷേധക്കാര്‍ കരിമരുന്ന് പ്രയോഗവും കല്ലേറും നടത്തിയെന്ന് ഫിന്നിഷ് ടെലിവിഷന്‍ വൈ എല്‍ ഇ വ്യക്തമാക്കി.
ലാത്തിയിലെ യുവാക്കളായിരുന്നു പ്രതിഷേധക്കാര്‍. അവര്‍ എങ്ങനെ സംഘടിച്ചെത്തിയെന്നത് ഇതുവരെ വ്യക്തമായിട്ടില്ല- മേഖലയിലെ ചീഫ് ഇന്‍സ്‌പെക്ടര്‍ മാര്‍ത്തി ഹിര്‍വേനന്‍ വ്യക്തമാക്കി. അതേസമയം കവ്വേലയിലെ മറ്റൊരു സ്വീകരണ കേന്ദ്രത്തിന് നേരെ പെട്രോള്‍ ബോംബേറുമുണ്ടായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി വിവരം ലഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കി. രാജ്യത്ത് പ്രവേശിച്ച അഭയാര്‍ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ച് വിട്ട മനുഷ്യത്വരഹിത നടപടിയെ ഫിന്‍ലാന്‍ഡ് സര്‍ക്കാര്‍ ശക്തമായി അപലപിച്ചു.