കാര്‍ഡ് തിരുത്തല്‍: റേഷന്‍ കടകള്‍ വഴി അഞ്ചു മുതല്‍ അവസരം

Posted on: September 26, 2015 10:40 pm | Last updated: September 26, 2015 at 10:40 pm

പാലക്കാട്: പുതിയ റേഷന്‍കാര്‍ഡില്‍ തിരുത്തല്‍ വരുത്താന്‍ ഒക്‌ടോബര്‍ അഞ്ചുമുതല്‍ റേഷന്‍കടകള്‍ വഴി അവസരം നല്‍കുമെന്ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വികസനസമിതിയില്‍ ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ 21 .50 രൂപ നിരക്കില്‍ നെല്ല് സംഭരിക്കുന്നതിനും നടപടിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ 19 രുപയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. 21.50 രൂപ നിരക്കില്‍ നെല്ല് സംഭരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ അനുമതിയായിട്ടുണ്ട്. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് കൂടിയ നിരക്ക് കര്‍ഷകര്‍ക്ക് നല്‍കും. ഒക്‌ടോബര്‍ ഒന്നു മുതല്‍ ഒന്നാംവിള നെല്ല് സംഭരിച്ചു തുടങ്ങും.
മണ്ണാര്‍ക്കാട് പാലക്കയം മേഖലയില്‍ 1971നുമുമ്പ് പട്ടയം ലഭിച്ച 250 ഓളം കുടുംബങ്ങളോട് ഒഴിഞ്ഞു പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായി കെ വിജയദാസ് എം എല്‍ എ യോഗത്തില്‍ അറിയിച്ചു.ഇത് തെറ്റായാ വിവരമാണെന്നും ഇക്കാര്യത്തില്‍ അന്വേഷിക്കാമെന്നും മണ്ണാര്‍ക്കാട് ഡി—എഫ് ഒ യോഗത്തില്‍ അറിയിച്ചു.
എം—എല്‍—എ-എം പിമാരുടെ പ്രാദേശിക വികസന ഫണ്ടുകള്‍ കലാവധി തീരുന്ന മാര്‍ച്ചി നുമുമ്പ് ബാക്കിവരുന്ന തുകയെക്കുറിച്ച് അറിയിക്കണമെന്നും ഈ തുകയ്ക്കനുസരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും എം ചന്ദ്രന്‍ എം എല്‍ എ പറഞ്ഞു.
ഗ്രന്ഥശാല സംഘത്തില്‍ അഫിലിയേറ്റ് ചെയ്ത വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍, പുസ്തകം എന്നിവ വാങ്ങുന്നതിന് എം എല്‍ എ-എം പിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കുവാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് എം എല്‍ എമാരായ സി—പി മുഹമ്മദ്, എം ചന്ദ്രന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എസ് സി- എസ് സി ഫണ്ടുകള്‍ എത്ര ചെലവഴിച്ചു എന്നത് വ്യക്തമായി അറിയണമെന്ന് കെ വിജയദാസ് എം എല്‍ എ പറഞ്ഞു. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളും എസ് സി-എസ് ടി ഫണ്ട് വേണ്ട വിധത്തില്‍ ചെലവഴിച്ചിട്ടില്ലെന്നും എം എല്‍ എ പറഞ്ഞു.
മംഗലം ഡാം കുടിവെള്ള പദ്ധതി നടപ്പാക്കാത്തത് ഇറിഗേഷന്‍ വകുപ്പ് വാട്ടര്‍ അതോറിറ്റിക്ക് സ്ഥലം വിട്ടു നല്‍കാത്തതിനാലാണെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ പദ്ധതി്ക്കായി 86 കോടി അനുവദിച്ചിട്ടുണ്ട്. നാല് പഞ്ചായത്തുകള്‍ക്ക് ഈ പദ്ധതികൊണ്ട് പ്രയോജനം ലഭിക്കും. അട്ടപ്പാടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയാണ്. മേഖലയില്‍ വീടു നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള കരിങ്കല്ല്, പാറപ്പൊടി, മണല്‍ എന്നിവയ്ക്ക് ക്ഷാമം നേരിടുന്ന അവസ്ഥയാണുള്ളത്.
ഇതിന് ജില്ലാ ഭരണകൂടം ഇടപെടണമെന്ന് എന്‍ ഷംസുദ്ദീന്‍, കെ വിജയദാസ് എം എല്‍ എ എന്നിവര്‍ അറിയിച്ചു. ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ നിന്ന് ഗൈനക്കോളജിസ്റ്റിനെ മാനന്തവാടിയിലേക്ക് മാറ്റിയതിനെകുറിച്ച് സമിതിയില്‍ എം ചന്ദ്രന്‍ എം എല്‍ എ പരാതിപ്പെട്ടു. ഉടനെ നിയമിക്കാനുള്ള നടപടിയെടുക്കുമെന്ന് ഡി എം ഒ അറിയിച്ചു. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ നടത്തുന്ന വാഹനപരിശോധന ഒഴിവാക്കണമെന്ന് കെ വിജയദാസ് എം എല്‍ എ ആവശ്യപ്പെട്ടു. പ്രശ്‌നം പരിശോധിച്ച് നടപടി സ്വീകരിക്കുമന്ന് ആര്‍ ടി ഒ അറിയിച്ചു. വികസന സമിതിയില്‍ എ ഡി എം യു നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. എം—എല്‍ എമാര്‍ സബ് കലക്ടര്‍ പി ബി നൂഹ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ യു—ഗീത തുടങ്ങിയവര്‍ സംബന്ധിച്ചു.