തോട്ടം തൊഴിലാളികളുടെ വേതന വര്‍ധനവ്: ചര്‍ച്ച പരാജയം

Posted on: September 26, 2015 7:42 pm | Last updated: September 28, 2015 at 12:56 pm

moonnarതിരുവനന്തപുരം: മൂന്നാര്‍ സമരവുമായി ബന്ധപ്പെട്ടുള്ള പി എല്‍ സി (പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി) യോഗം തീരുമാനമാകാതെ പിരിഞ്ഞു. തോട്ടം തൊഴിലാളികളുടെ പ്രധാന ആവശ്യമായ കുറഞ്ഞ കൂലി 500 രൂപയെന്നതില്‍ സമവായമാകാതെ വന്നതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്. 29ന് വൈകീട്ട് നാലിന് വീണ്ടും പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ചേരാന്‍ തീരുമാനിച്ചു.
പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി അംഗങ്ങള്‍, ലേബര്‍ കമ്മീഷണര്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവരുമായാണ് ചര്‍ച്ച നടന്നത്. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ ഓഫീസിലായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ മൂന്നാറില്‍ നിന്നുള്ള തൊഴിലാളികളെ പങ്കെടുപ്പിച്ചില്ല. അംഗീകൃത ട്രേഡ് യൂനിയനുകളുമായി മാത്രമേ ചര്‍ച്ച നടത്തൂവെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതിനാലാണിത്. ചര്‍ച്ചയില്‍ കൂലി കൂട്ടാനാകില്ലെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്. മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഉറച്ചുനിന്നതോടെയാണ് തീരുമാനമാകാതെ ചര്‍ച്ച പിരിഞ്ഞത്. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഐ എന്‍ ടി യു സിയും സി ഐ ടി യുവും പ്രഖ്യാപിച്ചു. എന്നാല്‍, സമരത്തെക്കുറിച്ച് സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സ്ത്രീ തൊഴിലാളികള്‍ പറഞ്ഞു.
എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്‌തെന്ന് മന്ത്രി ഷിബു ബേബിജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പരമാവധി വിഷയങ്ങളില്‍ ധാരണയുണ്ടാക്കാന്‍ കഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍ കൂലിയുടെ കാര്യത്തില്‍ തീരുമാനമായില്ല. 500 രൂപയെന്ന ആവശ്യത്തില്‍ ട്രേഡ് യൂനിയനുകള്‍ ഉറച്ചുനിന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ തുക നല്‍കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ് നിലപാട് അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുെവച്ച നിര്‍ദേശങ്ങള്‍ പഠിച്ച് മറുപടി പറയാന്‍ കൂടുതല്‍ സമയം വേണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടതോടെയാണ് യോഗം പിരിഞ്ഞത്. 29ന് വൈകീട്ട് മൂന്നിന് മന്ത്രിമാരടങ്ങിയ സബ് കമ്മിറ്റി യോ ഗം ചേരും. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകും മന്ത്രിസഭ തീരുമാനമെടുക്കുക.
നിലവില്‍ ഒരു മുറിയില്‍ താമസിക്കേണ്ട ദയനീയ സ്ഥിതിയിലാണ് തൊഴിലാളികള്‍. ഓരോ മുറിയുള്ള രണ്ട് വീടുകള്‍ ഒന്നാക്കാന്‍ തത്വത്തില്‍ തീരുമാനമായി. തൊഴിലാളികളെ ഇ എസ് ഐയുടെ കീഴില്‍ കൊണ്ടുവരാനും തീരുമാനമായി. ഇതിനു നിയമഭേദഗതി ആവശ്യമാണ്. ഇ എസ് ഐ നടപ്പാക്കുന്നതിന് കാലതാമസം നേരിടുമെന്നതിനാല്‍ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കീഴില്‍ തൊഴിലാളികളെ കൊണ്ടുവരും. ഇതനുസരിച്ച് കുടുംബങ്ങള്‍ക്ക് മുപ്പതിനായിരം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളുടെയും യൂനിയനുകളുടെയും മറ്റ് ആവശ്യങ്ങള്‍ പലതും അംഗീകരിച്ചു. തൊഴിലിടങ്ങളിലും പരിഷ്‌കാരങ്ങള്‍ വരും. മറ്റു കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി സമരസമിതി നേതാക്കളായ ലിസി, ഗോമതി അഗസ്റ്റിന്‍ എന്നിവരടങ്ങിയ അഞ്ചംഗ സംഘം തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി ഷിബു ബേബിജോണിനെ കണ്ടെങ്കിലും പി എല്‍ സിയില്‍ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി അവരെ അറിയിച്ചു. കൂലിവര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മന്ത്രിക്ക് സമരസമിതി നേതാക്കള്‍ നല്‍കി.