ബ്രസീല്‍ ടീമില്‍ നിന്ന് റാഫീഞ്ഞ പിന്‍മാറി; ലക്ഷ്യം ജര്‍മനിക്കൊപ്പം ലോകകപ്പ് ?

Posted on: September 26, 2015 8:00 am | Last updated: September 26, 2015 at 1:01 pm
SHARE

w638_h359_at__82508സാവോപോളോ: ബ്രസീലിന്റെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ടീമില്‍ നിന്ന് ബയേണ്‍ മ്യൂണിക് ഡിഫന്‍ഡര്‍ റാഫീഞ്ഞ പിന്‍മാറി. ബ്രസീല്‍ ടീമിലെ സ്ഥിരം അംഗമല്ലാത്തതും തന്റെ പൊസിഷനില്‍ നിലവില്‍ രണ്ട് പേരുള്ളതിനാലുമാണ് പിന്‍മാറ്റമെന്ന് റാഫീഞ്ഞ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ (സി ബി എഫ്) അറിയിച്ചു. റാഫീഞ്ഞയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത സി ബി എഫ് റാഫീഞ്ഞയെ ഒഴിവാക്കിയതായി അറിയിപ്പിറക്കുകയും ചെയ്തു. ദേശീയ ടീമിന് കരിയര്‍ സമര്‍പ്പിക്കാന്‍ തയ്യാറുള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളുവെന്നും സി ബി എഫ് വ്യക്തമാക്കി.കഴിഞ്ഞ ഒരു ദശകത്തോളമായി റാഫീഞ്ഞ ജര്‍മനിയിലാണ്. 2005 – 2010 വരെ ഷാല്‍ക്കെ 04 താരമായിരുന്നു. 2011 ല്‍ ബയേണ്‍ മ്യൂണിക്കിലെത്തി. ബ്രസീലിനായി രണ്ട് സൗഹൃദ മത്സരങ്ങള്‍ മാത്രമേ മുപ്പതുകാരനായ റാഫീഞ്ഞ കളിച്ചിട്ടുള്ളൂ.
ജര്‍മനിയുടെ ദേശീയ ടീമില്‍ കളിക്കാന്‍ റാഫീഞ്ഞ താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍, ജര്‍മന്‍ പാസ്‌പോര്‍ട് ഇല്ലാത്ത ആരെയും ടീമിലുള്‍പ്പെടുത്തില്ലെന്ന് കോച്ച് ജോക്വം ലോ വ്യക്തമാക്കിയിരുന്നു. ജര്‍മനിക്കായി ലോകകപ്പ് കളിക്കാനുള്ള സാധ്യതയുള്ളതിനാലാവാം റാഫീഞ്ഞയുടെ പിന്‍മാറ്റമെന്ന് കരുതപ്പെടുന്നു.