Connect with us

National

വധശിക്ഷക്ക് പകരം ആജീവനാന്ത തടവ് നല്‍കിയാല്‍ പോരേയെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി : വധശിക്ഷക്ക് പകരം ആജീവനാന്ത തടവ്ശിക്ഷ നല്‍കിയാല്‍ പോരേയെന്ന് സുപ്രീം കോടതി. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയൊഴിവാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ വധശിക്ഷ നിരോധിക്കണമെന്നുള്ള മുറവിളി രാജ്യത്താകമാനം ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതി ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
കൊലപാതക കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഛത്തീസ്ഗഢില്‍നിന്നുള്ള അഞ്ച് പേര്‍ തങ്ങളുടെ ശിക്ഷയെ ചോദ്യം ചെയ്തുകൊണ്ട് ഹരജി നല്‍കിയിരുന്നു. ഈ കേസ് പരിഗണിച്ചപ്പോഴാണ് കോടതി ഇങ്ങനെ ചോദിച്ചത്. അഞ്ച് വര്‍ഷക്കാലത്തിലധികം തടവ് ശിക്ഷയനുഭവിച്ച അഞ്ച് പേരുടേയും ജാമ്യത്തിനായുള്ള ഹരജി മുടങ്ങിക്കിടക്കുകയാണ്.
ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള ഒരു പ്രതിയെ തൂക്കിക്കൊല്ലുന്നതിന് പകരം ജീവിതകാലം മുഴുവന്‍ അയാളെ ജയിലിലടച്ചാല്‍ പോരെയെന്ന് ടി എസ് താക്കൂര്‍, വി ഗോപാല ഗൗഡ എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു. എന്നാല്‍ വധശിക്ഷക്ക് പകരം ജീപപര്യന്തമെന്നത് 14 കൊല്ലമായി നിജപ്പെടുത്തുന്നത് യോജിച്ചുപോകുമോ എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഭൂരിഭാഗം പേരും സര്‍ക്കാര്‍ നല്‍കുന്ന ഇളവുകളുടെ പുറത്ത് 14 വര്‍ഷത്തിന് ശേഷം മോചിതരാകാറുണ്ട്.
ജീവപര്യന്തം തടവ് എന്നത് പൊതുജനങ്ങളും മനസ്സിലാക്കിയിരിക്കുന്നത് 14 വര്‍ഷക്കാലമെന്നാണ്. ക്രൂരവും പൈശാചികവുമായ കുറ്റക്യത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവ് ലഭിച്ചാല്‍ ശിക്ഷക്കെതിരെ കോടതിയില്‍ അപ്പീല്‍ പോകുന്ന പ്രതികള്‍ തങ്ങളുടെ അപ്പീല്‍ മുടങ്ങിക്കിടക്കുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ജീവപര്യന്തം തടവ് 14 വര്‍ഷക്കാലമായിരിക്കെ തങ്ങള്‍ ഇത്രകാലമായി തടവ് അനുഭവിക്കുകയാണെന്നും ബോധിപ്പിക്കും.
ഇതില്‍ പൊരുത്തക്കേടില്ലേയെന്ന് കോടതി ചോദിച്ചു. കൊലപാതകക്കുറ്റമടക്കമുള്ള കുറ്റക്യത്യങ്ങളില്‍ അപൂര്‍വത്തില്‍ അപൂര്‍വമെന്ന് കണ്ടെത്തിയാല്‍ ഇപ്പോള്‍ നല്‍കുന്ന വധശിക്ഷക്ക് പകരം ആജീവനാന്ത തടവെന്ന സാധ്യതയിലേക്കാണ് കോടതി വിരല്‍ചൂണ്ടിയിരിക്കുന്നത്. കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ വധശിക്ഷയോട് യോജിക്കുന്ന സമീപനമല്ലായിരുന്നു സുപ്രീം കോടതി കൈക്കൊണ്ടുവന്നിരുന്നത്. കീഴ്‌ക്കോടതികള്‍ വിധിച്ച വധശിക്ഷകളില്‍ പലതും ജീവപര്യന്തമായി കുറക്കുകയും ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ട കേസില്‍ പ്രതികളുടെ ശിക്ഷ തമിഴ്‌നാട് സര്‍ക്കാര്‍ ഭരണഘടനാ അധികാരം ഉപയോഗിച്ച് വെട്ടിക്കുറച്ചത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
വധശിക്ഷ സംബന്ധിച്ചും ജീവപര്യന്തം തടവ് സംബന്ധിച്ചുമുള്ള സുപ്രീംകോടതിയുടെ ഈ പരാമര്‍ശങ്ങള്‍ ഭാവിയില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ക്ക് ശക്തിയേകും.

Latest