എസ്എസ്എല്‍സി ഫലത്തിലെ വീഴ്ച: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Posted on: September 22, 2015 10:50 am | Last updated: September 23, 2015 at 7:31 pm

abdurab0തിരുവനന്തപുരം: കഴിഞ്ഞ എസ്എസ്എല്‍സി ഫലത്തിലുണ്ടായ അപാകതയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. വീഴ്ച ചൂണ്ടിക്കാട്ടി ഡിപിഐ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ പരീക്ഷാ കേന്ദ്രത്തിലേയും പരീക്ഷാഭവനിലേയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്.
പരീക്ഷാ ചുമതലകള്‍ക്ക് പരിചയമില്ലാത്തവരെ ഉള്‍പ്പെടുത്തി തെറ്റായ സ്‌കോര്‍ഷീറ്റ് ഫോര്‍മാറ്റ് ഉപയോഗിച്ചതും വീഴ്ചയ്ക്ക് കാരണമായി. ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതില്‍ തീരുമാനം വൈകി. പരീക്ഷക്ക് ഹാജരാകാതിരുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലും പിഴവുണ്ടായി. വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നപടിയെടുക്കാന്‍ ഡിപിഐക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. മുന്‍ പരീക്ഷാഭവന്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, സെക്ഷന്‍ സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്.

പാഠപുസ്തകം വൈകിയതില്‍ ധനവകുപ്പിനും അച്ചടി വകുപ്പിനും വീഴ്ചയുണ്ടെന്നും അബ്ദുറബ്ബ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വരെ ബ്ലാക്ക് ആന്റ് വൈറ്റ് പുസ്തകങ്ങളായിരുന്നു അച്ചടിച്ചിരുന്നുത്. എന്നാല്‍ ഈ വര്‍ഷം കളര്‍ പ്രിന്റുകളാണ് നല്‍കാന്‍ തീരുമാനിച്ചത്. ഇതും വൈകാന്‍ കാരണമായെന്നും മന്ത്രി പറഞ്ഞു.