Connect with us

Wayanad

ശക്തമായ ഇടപെടല്‍ നടത്തില്ലെങ്കില്‍ പൊതുസമൂഹത്തിന്റെ കനത്ത പരാജയമാകുമെന്ന് പൊതുചര്‍ച്ച

Published

|

Last Updated

കല്‍പ്പറ്റ: വില കൊടുത്ത് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയ ഭൂമി തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കല്‍ സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തില്ലെങ്കില്‍ അത് പൊതുസമൂഹത്തിന്റെ കനത്ത പരാജയമാകുമെന്ന് പൊതുചര്‍ച്ച.
കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബത്തിന്റെ ഭൂമി വിഷയത്തില്‍ വാദം; മറുവാദം എന്ന ബാനറില്‍ വയനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. വാദംമറുവാദം എന്നതാണ് പരിപാടിയുടെ പേരെങ്കിലും ആരും കാഞ്ഞിരത്തിനാല്‍ കുടുംബത്തിനെതിരായി മറുവാദമുയര്‍ത്തിയില്ല. പാവപ്പെട്ട കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഭരണകൂടം അടിയന്തിര ഇടപെടല്‍ നടത്തണമെന്നാണ് പരിപാടിയില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയപാര്‍ട്ടി, സാമൂഹിക, സന്നദ്ധ, കര്‍ഷക സംഘടനാ പ്രതിനിധികള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടത്.
വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലക്കുനിറുത്താന്‍ ജനം രംഗത്തിറങ്ങണമെന്നതടക്കമുള്ള തീവ്രമായ വികാരം ചില കര്‍ഷക സംഘടനകള്‍ പ്രകടിപ്പിച്ചപ്പോള്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തോട് വനംവകുപ്പ് കാണിച്ചത് തികഞ്ഞ മനുഷ്യാവകാശ ലംഘനവും നീതി നിഷേധവുമാണെന്ന് രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ഒരു ജനാധിപത്യ രാജ്യത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണെന്ന വിലയിരുത്തലും ചര്‍ച്ചയില്‍ ഉയര്‍ന്നു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് 12 ഏക്കര്‍ ഭൂമി തിരിച്ചു നല്‍കുക, മതിയായ നഷ്ടപരിഹാരം നല്‍കുക, വിലകൊടുത്തു വാങ്ങിയ ഭൂമി വനഭൂമിയാക്കി പിടിച്ചെടുത്ത ഉദ്യോഗസ്ഥ ഗൂഡാലോചനയെക്കുറിച്ച് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയില്‍ ഉയര്‍ന്നത്. മാധ്യമങ്ങളും പൊതുസമൂഹവും പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും അത് പ്രതീക്ഷിച്ചത്ര ആശാവഹമല്ലെന്ന വിലയിരുത്തലും ചര്‍ച്ചയില്‍ ഉയര്‍ന്നു.
പിടിച്ചെടുത്ത വനഭൂമിക്കു പകരം പാക്കേജ് നല്‍കാമെന്ന വനംമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമല്ലെന്നും അത്തരമാരു തീരുമാനം വനംവകുപ്പിന്റെ കള്ളക്കളികള്‍ മൂടിവെക്കാനാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ചര്‍ച്ചയിലുയര്‍ന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് നിവേദന രൂപത്തില്‍ മുഖ്യമന്ത്രി, മറ്റ് വകുപ്പ് മന്ത്രിമാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നല്‍കുവാനും ഈ വിഷയത്തില്‍ മന്ത്രിമാരെ നേരില്‍ കണ്ട് നീതിക്കുവേണ്ടി തുടര്‍ ഇടപെടലുകള്‍ നടത്തുവാനും തീരുമാനമായി.
ചടങ്ങില്‍ വയനാട് പ്രസ്‌ക്ലബ് സെക്രട്ടറി എന്‍.എസ്. നിസാര്‍ അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബിനു ജോര്‍ജ് വിഷയം അവതരിപ്പിച്ചു. കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മരുമകന്‍ ജയിംസ് ഭൂമി സംബന്ധമായ കാര്യങ്ങള്‍ വിശദീകരിച്ചു. ഒ. മുസ്തഫ സ്വാഗതവും ജയ്‌സണ്‍ കെ. തോമസ് നന്ദിയും പറഞ്ഞു.

Latest