വാട്‌സ് ആപ്പ് മെസേജുകള്‍ ഡിലീറ്റ് ചെയ്യാം; വിവാദ നിര്‍ദേശം പിന്‍വലിച്ചു

Posted on: September 22, 2015 9:28 am | Last updated: September 23, 2015 at 7:31 pm

whatsappന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ സന്ദേശങ്ങള്‍ 90 ദിവസം വരെ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ചു. ദേശീയ എന്‍ക്രിപ്ഷന്‍ പോളിസിയിലെ നിര്‍ദേശം വിവാദമായതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര ഇലക്‌ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കി പ്രത്യേക അനുബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരട് നിയമത്തില്‍ വാട്‌സ് ആപ്പിനെ ഉള്‍പ്പെടുത്തിയതിനെതിരെ സൈബര്‍ ലോകത്ത് പ്രതിഷേധം ശക്തമായിരുന്നു.

വാട്‌സ്ആപ്പ് മെസേജുകള്‍ എന്‍ക്രിപ്റ്റഡ് രൂപത്തിലായതിനാല്‍ സെര്‍വറില്‍ കയറി പരിശോധിച്ചാലും വായിക്കാനോ ഡിക്കോഡ് ചെയ്യാനും സാധിക്കില്ല. ഈ പരിമിതി മറിക്കടക്കുന്ന നിര്‍ദ്ദേശങ്ങളാണ് നാഷണല്‍ എന്‍ക്രിപ്ഷന്‍ പൊളിസിയില്‍ മുന്നോട്ടു വച്ചിരുന്നത്. നിലവില്‍ എന്‍ഡ് ടു എന്‍ഡ് രീതിയിലാണ് വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം. അയക്കുന്ന സന്ദേശം സ്വീകരിക്കുന്ന ആളിനും അയക്കുന്ന ആളിനും മാത്രമേ കാണാന്‍ സാധിക്കുകയുളളു. ഈ രീതിയില്‍ മാറ്റം വരുത്താന്‍ കമ്പനിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചേക്കും.

സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകിയ സാഹചര്യത്തിലാണ് കരട് എന്‍ക്രിപ്ഷന്‍ നിയമത്തിന് കേന്ദ്രം രൂപം നല്‍കിയത്. ഈ നിയമമനുസരിച്ച് ഇമെയില്‍, ഗൂഗിള്‍ ഹാംഗ്ഔട്ട്, ചാറ്റിംഗിനുള്ള മറ്റു മെസ്സെഞ്ചറുകള്‍ തുടങ്ങിയവയിലൂടെ കൈമാറുന്ന സന്ദേശങ്ങള്‍ 90 ദിവസം ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഏതെങ്കിലും അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് ഈ സന്ദേശങ്ങള്‍ പരിശോധിക്കേണ്ടിവരുമ്പോള്‍ ഡിലീറ്റ് ചെയ്യപ്പെട്ടതായി കണ്ടാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് കരട് നിയമത്തില്‍ പറയുന്നു.