Connect with us

Articles

വിഴിഞ്ഞം വരുമ്പോള്‍ വല്ലാര്‍പ്പാടം മറക്കരുതേ

Published

|

Last Updated

വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയുടെ എല്ലാ തടസ്സങ്ങളും മാറിയെന്നും നവംബര്‍ 1ന് അദാനിയുടെ കമ്പനി ആരംഭിക്കുമെന്നും അതിന് തറക്കല്ലിടാന്‍ അദാനിയുടെ ആത്മസുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. 7525 കോടി മൂലധന മുടക്കില്‍ വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖത്തിന് 500 മീറ്റര്‍ തെക്ക് മാറി നിര്‍മിക്കുന്ന ഈ തുറമുഖത്തിന് വേണ്ടി 1500 മീറ്റര്‍ കടലിലേക്കും തുടര്‍ന്ന് 1700 മീറ്റര്‍ തെക്കോട്ടും ഭിത്തി കെട്ടി (പുലിമുട്ട്) ആ പ്രദേശത്ത് കപ്പല്‍ അടുക്കാന്‍ സൗകര്യമുണ്ടാക്കും. 18മീറ്റര്‍ വരെ കപ്പല്‍ചാലിന് ആഴമുണ്ട്. വലിയ കപ്പലുകള്‍ക്കും കടന്നു വരാം. .കടലിനകത്ത് കല്ലിന്റെ ഭിത്തി കെട്ടി തീരം വരെ നികത്തി 165 ഏക്കര്‍ പുതിയ ഭൂമി ഉണ്ടാക്കും. ഇത് സ്വാഭാവിക തുറമുഖമാണ്. കപ്പല്‍ചാലിന് ആഴം കൂട്ടാന്‍ തുടര്‍ച്ചയായി മണ്ണെടുപ്പ് (ഡ്രെഡ്ജിംഗ്) വേണ്ടി വരില്ല. വന്‍കിട കണ്ടെയ്‌നര്‍ ഷിപ്പുകള്‍ ഇവിടെ വന്നു പോകും. അതില്‍ നിന്ന് കണ്ടെയ്‌നറുകള്‍ ചെറിയ കപ്പലിലേക്ക് മാറ്റും. ആ സ്ഥാപനം വരുന്നത് വഴി അനേകായിരം പേര്‍ക്ക് തൊഴില്‍ കിട്ടും. തിരുവനന്തപുരം നഗരം സിംഗപ്പൂരും ദുബൈയും പോലെയാകും. വരും തലമുറക്ക് ഈ വികസനം വലിയൊരു കുതിച്ചു ചാട്ടത്തിന് പടവാകും. ഇങ്ങനെ പോകുന്നു സര്‍ക്കാര്‍ വാദങ്ങള്‍.
ഇതിനോട് പൊതുവേ യോജിപ്പ് തന്നെയാണ് പ്രതിപക്ഷത്തിനും. അവരുടെ എതിര്‍പ്പ് പദ്ധതി അദാനിയെ ഏല്‍പ്പിച്ചതിലാണ.് ഇത് പൊതുമേഖലയില്‍ നടത്താമായിരുന്നു എന്നവര്‍ പറയുന്നു. (ഇതില്‍ വലിയ കാര്യമില്ലെന്ന് വല്ലാര്‍പാടത്തെ അനുഭവം ബോധ്യമാകും) എന്തായാലും വിഴിഞ്ഞം തുറമുഖം കേരളത്തിനും തിരുവനന്തപുരത്തിനും കുതിപ്പുണ്ടാക്കുമെന്ന് ഇവരും സമ്മതിക്കുന്നു. എന്നാല്‍ വിഴിഞ്ഞം പദ്ധതി പാരിസ്ഥിതികമായി മാത്രമല്ല സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും കേരളത്തിനും തിരുവനന്തപുരത്തിനും പശ്ചിമ തീരത്തിനും വന്‍ നാശമുണ്ടാക്കുമെന്ന് ആ പദ്ധതിയെ എതിര്‍ക്കുന്നവര്‍ പറയുന്നു. ഇക്കാലത്തു ഏതു പദ്ധതിയുടെയും സാമ്പത്തിക സുസ്ഥിരതയാണല്ലോ ആദ്യം പരിഗണിക്കേണ്ടത്. . ഇവിടെ മുതല്‍മുടക്കുന്ന 7525 കോടി രൂപ പദ്ധതിയിലൂടെ തിരിച്ച് കിട്ടില്ല (പലിശപോലും) എന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ദേശീയ അന്തര്‍ദേശീയ ഏജന്‍സികളെല്ലാം കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയുടെ സാമ്പത്തിക വിടവ് നികത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ 1600 കോടി രൂപ സഹായം നല്‍കുന്നു. മൊത്തം പദ്ധതിച്ചെലവിന്റെ 64 ശതമാനം മുടക്കുന്നത് കേരള സര്‍ക്കാര്‍. എന്നാല്‍ പദ്ധതിയുടെ ഉടമസ്ഥത (40 മുതല്‍ 60വര്‍ഷം വരെ) അദാനിക്കായിരിക്കും. . അവര്‍ മുടക്കുന്നു എന്ന് പറയുന്നത് 36 ശതമാനം മാത്രം. അതും സര്‍ക്കാര്‍ നല്‍കുന്ന ഭൂമി പണയം വെച്ച് ബേങ്കില്‍ നിന്നും വായ്പയെടുക്കുന്നതായിരിക്കും. പദ്ധതി വിജയിച്ച് 14 വര്‍ഷം പൂര്‍ത്തിയായാല്‍ അന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു ശതമാനം അവര്‍ കേരള സര്‍ക്കാറിന് നല്‍കും. 14 വര്‍ഷക്കാലം ഒന്നും തിരിച്ച് കിട്ടാതെ 4500 കോടി രൂപ മുടക്കിയ കേരളം കാത്തിരിക്കും. സാമ്പത്തിക വിദഗ്ധരുടെ കണക്കനുസരിച്ച് തന്നെ അന്ന് സര്‍ക്കാറിന് കിട്ടുന്നത് 93 കോടി രൂപ. അപ്പോള്‍ അദാനിക്ക് കിട്ടുന്ന 99ശതമാനമോ? 9300 കോടി രൂപ. 64 ശതമാനം മുടക്കുന്നവര്‍ക്ക് 93 കോടി. . ബാക്കി (ബേങ്കില്‍ നിന്നും എടുത്ത്)മുടക്കുന്നവര്‍ക്ക് 9300 കോടി.
ഈ പദ്ധതി ലാഭകരമാകില്ലെന്നു കണ്ടെത്തിയതിനാല്‍ ഈ കണക്കുകള്‍ക്കൊന്നും പ്രസക്തിയില്ലെന്നും വാദിക്കാം. ലോകമാകെ വ്യവസായ മാന്ദ്യമാണ്, പഴയതിന്റെ പാതി പോലും കപ്പലുകള്‍ ഇപ്പോള്‍ ഓടുന്നില്ല. . വ്യാപാരത്തകര്‍ച്ച ഏറെ ബാധിച്ചിരിക്കുന്ന ഒരു മേഖലയാണണത്. (എണ്ണ, ഇരുമ്പ്, ചെമ്പ്, റബ്ബര്‍ മുതലായവയെപ്പോലെ).
പദ്ധതിയുടെ പാരിസ്ഥിതികാഘാതം ഗുരുതരമായിരിക്കുമെന്ന് വനം, പരിസ്ഥിതി മന്ത്രാലയത്തിനു വേണ്ടി മുമ്പു നടത്തിയ എല്ലാ പഠനങ്ങളും കാണിക്കുന്നു. മണ്‍സൂണ്‍ കാലത്ത് വടക്കു നിന്നും തെക്കോട്ടാണ് കടലൊഴുക്ക്. അപ്പോള്‍ തെക്കേ തീരത്തേക്ക് വടക്കന്‍ തീരത്ത് നിന്നും മണലൊഴുകും. തുലാവര്‍ഷ കാലത്ത് തിരിച്ച് തെക്ക് നിന്നും വടക്കോട്ടാണ് ഒഴുക്ക്. എന്നാല്‍ ഈ കാലത്ത് മണലിന് തിരിച്ചൊഴുകാന്‍ കഴിയാത്ത വിധത്തില്‍ 32 കി. മീ നീളത്തില്‍ പുലിമുട്ട് (ഭിത്തി) കടലിലിറക്കിക്കെട്ടിയതിനാല്‍ ആ മണ്ണ് തിരിച്ച് വരില്ല. ഫലമോ? തുറമുഖത്തിന്റെ വടക്കു വശത്ത് വന്‍ തോതില്‍ കടലെടുക്കും. മുതലപ്പൊഴി, കേണാപട്ടണം തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ 400മീറ്റര്‍ പുലിമുട്ട് കെട്ടിയതിന്റെ ഫലമായി മാത്രം കടലെടുത്തത് അനേക കിലോമീറ്റര്‍ നീളത്തില്‍ ഒന്നിലധികം കിലോമീറ്റര്‍ തീരമാണ്. ഈ പദ്ധതി നടപ്പിലായാല്‍ വടക്ക് ഭാഗത്ത് കരയുണ്ടാകില്ല. ദേശീയ പാത വരെ കടലെടുക്കാം. അനേകായിരം വീടുകളും കെട്ടിടങ്ങളും പോകും. . തെക്ക് വശത്ത് കര വെക്കുക വഴി അവിടെയും നാശമുണ്ടാകും. 35000ത്തോളം മത്സ്യ ബന്ധന തൊഴിലാളികള്‍ ഈ പ്രദേശത്തുണ്ട്. അവര്‍ സ്വന്തം മണ്ണില്‍ നിന്നും ജീവിതോപാധികളില്‍ ജീവിതത്തില്‍ നിന്നും പുറത്താകും. ഇതൊക്കെ അറിയാമായിരുന്നിട്ടും അദാനിക്കാണ് പദ്ധതിയെന്നുറപ്പായതോടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ചുവട് മാറ്റി. പദ്ധതിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് അനുമതി നല്‍കി. . ഈ അനുമതി ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജി ദേശീയ ഹരിത ട്രൈബ്യൂണലിലാണ്. അതിന്റെ വിധി വരുന്നതിന് മുമ്പു തന്നെ നിര്‍മാണം തുടങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിലൂടെ നിയമത്തോട് ഇവര്‍ക്കുള്ള സമീപനം വ്യക്തം.
വിഴിഞ്ഞത്തെപ്പറ്റി പറയുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സൗകര്യ പൂര്‍വം ഒഴിഞ്ഞ് മാറുന്ന ചില ചോദ്യങ്ങളുണ്ട്. അത് കൊച്ചിയിലെ വല്ലാര്‍പാടം തുറമുഖത്തിന്റെ ഇന്നത്തെ ദുരന്താവസ്ഥയെപ്പറ്റിയുള്ളവയാണ്. 1990കളുടെ രണ്ടാം പകുതി മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ് വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയിനര്‍ ടെര്‍മിനല്‍ പദ്ധതി. ആ പദ്ധതിയുടെ ഗുണഗണങ്ങള്‍ പാടി പുകഴ്ത്താന്‍ എല്ലാ കക്ഷി നേതാക്കള്‍ക്കും വികസനവാദികള്‍ക്കും ആയിരം നാവായിരുന്നു. ഹൈക്കോടതി വരെ അതാവര്‍ത്തിച്ചു. ഈ സ്വപ്‌ന പദ്ധതി വരുന്നതോടെ ആയിരക്കണക്കിന് മദര്‍ഷിപ്പുകള്‍ തുറമുഖത്ത് വരും. അതുകൊണ്ട് പോകാന്‍ നിരവധി പേരെ കുടിയൊഴിപ്പിച്ച് നൂറു കണക്കിന് കോടി രൂപ മുടക്കി ഒരു വന്‍ റയില്‍ പാളവും പാളങ്ങളുമുണ്ടാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി അതിലൂടെ ഒരു തീവണ്ടി പോലും ഓടിയില്ല. .(അന്നു പറഞ്ഞത് മൂന്നു മിനുട്ടില്‍ ഒരു കണ്ടെയിനര്‍ വീതം അതിലേ പോകുമെന്നാണ്). കേരളത്തിലെ ഏക സ്വാഭാവിക തുറമുഖവും അറബിക്കടലിന്റെ റാണിയുമായ കൊച്ചിയിലെ രാജീവ് ഗാന്ധി ടെര്‍മിനലിന്റെ അവകാശികളിപ്പോള്‍ ദുബൈ പോര്‍ട്ടാണ്. നൂറ്റ മ്പതിലധികം അന്താരാഷ്ട്ര തുറമുഖങ്ങള്‍ നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ച് പരിചയമുള്ളവരാണ് ദുബൈ പോട്ട്. അവര്‍ തന്നെ പറയുന്നു, ഇനി വലിയ വളര്‍ച്ചയൊന്നും ഇവിടെയുണ്ടാകില്ല എന്ന്.
ആ സ്ഥാനത്താണ് ഒരു തുറമുഖം പോലും ഇതുവരേ നിര്‍മിച്ചിട്ടില്ലാത്ത അദാനി വിഴിഞ്ഞത്ത് വന്‍ വ്യാപാരം കൊണ്ടുവരുമെന്ന് പറയുന്നത്. വരും തലമുറക്ക് അനേകായിരം തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന വാഗ്ദാനമാണ് പദ്ധതിക്കെതിരായി പറയുന്നവരുടെ വായടപ്പിക്കാന്‍ അധികാരികള്‍ പ്രയോജനപ്പെടുത്തിയത്. പക്ഷെ ഇന്നെന്താണവസ്ഥ? വല്ലാര്‍പാടം പദ്ധതി കൊണ്ട് പുതുതായി തൊഴില്‍ കിട്ടിയവരുടെ പട്ടികയൊന്ന് പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ അധികാരികളെ വെല്ലു വിളിക്കുന്നു. നിര്‍മാണ കാലത്ത് കുറച്ച് ഇതര സംസ്ഥാനക്കാര്‍ക്ക് കിട്ടിയ തൊഴിലിനപ്പുറം പുതുതായി എത്ര പേരുണ്ട്?
യാഥാര്‍ഥ്യം മറിച്ചാണ്. കൊച്ചി തുറമുഖത്ത് തൊഴിലെടുത്ത് ജീവിച്ചിരുന്ന നൂറുകണക്കിന് തൊഴിലാളികള്‍ക്കു പണിയില്ലാതായി. അവര്‍ ഇനി വളരെ കുറച്ചു മതി. . പുതിയവരെ പണം വാങ്ങി നേതാക്കള്‍ നിയമിച്ചപ്പോള്‍ പഴയവര്‍ തൊഴില്‍രഹിതരുമായി. കൊച്ചിയില്‍ വളരെ ഉയര്‍ന്ന ശമ്പളവും പെന്‍ഷനും ലഭിക്കുന്നവരാണ് പോര്‍ട്ടിലെ ജീവനക്കാര്‍. വയലാര്‍ രവിയും, എം എം ലോറന്‍സുമാണവരുടെ വീര നേതാക്കള്‍. ഇപ്പോള്‍ അവിടെ പെന്‍ഷന്‍ തകരാറിലായി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നുള്ള വരുമാനത്തിന്റെ 30 ശതമാനം കിട്ടുന്ന തുറമുഖ ട്രസ്റ്റ്, കപ്പല്‍ ചാലിലെ മണ്ണു മാന്താന്‍ മാത്രം ഇതിന്റെ മൂന്നിരട്ടി ചെലവാക്കുന്നു. ഫലത്തില്‍ പോര്‍ട്ടിന്റെ നടത്തിപ്പിന് പണം പുറത്തു നിന്നു വരണം. ടെര്‍മിനല്‍ പ്രവര്‍ത്തനം ഇപ്പോള്‍ ദുബൈ കമ്പനി നടത്തി തുടങ്ങിയതോടെ അവിടത്തെ പഴയ ജീവനക്കാര്‍ തിരിച്ച് ട്രസ്റ്റിലേക്ക് വന്നു. ഇപ്പോള്‍ ഒരു മുറിയില്‍ രണ്ടും മൂന്നും ജനറല്‍ മാനേജര്‍മാര്‍ എന്ന രീതിയില്‍ ഒരു പണിയുമില്ലാതെ തിങ്ങിക്കൂടിയിരിക്കുകയാണ്.
കുടിയൊഴിപ്പിക്കുന്നവരാണ് വികസനത്തിന് തടസ്സമെന്നാണല്ലോ നമ്മുടെ ഭരണ കര്‍ത്താക്കളുടെ വാദം. . പാവപ്പെട്ട 316 കുടുംബങ്ങളെ പോലീസിന്റെ സഹായത്തോടെ തെരുവിലിറക്കി ഉണ്ടാക്കിയ പദ്ധതിയില്‍ 316 പേര്‍ക്കെങ്കിലും അധികമായി ജോലി കിട്ടിയില്ലെന്ന് പറയുമ്പോള്‍ ഏതു വികസനം? ആരുടെ വികസനം എന്നു ചോദിച്ചു പോകില്ലേ? തെരുവിലിറങ്ങി ആറാഴ്ച സമരം നടത്തിക്കിട്ടിയ പാക്കേജ് നടപ്പാക്കാന്‍ മുഖ്യ മന്ത്രിമാര്‍ നേരിട്ട് ഇടപെട്ടിട്ടും 250ല്‍ പരം കുടുംബങ്ങള്‍ തെരുവില്‍ തുടരുന്നുവെങ്കില്‍ ആ പാക്കേജിന്റെ അവസ്ഥ എന്തായിരിക്കും? ഭൂമി പേരിനു നല്‍കി -വഴിയില്ല, വൈദ്യുതിയില്ല, കുടിവെള്ളമില്ല. കിട്ടിയ ഭൂമിയില്‍ വീടു നിര്‍മിക്കുന്നതിന് തീരദേശ സംരക്ഷണ നിയമം തടസ്സമാകുന്നു. കേരളീയ മനസ്സാക്ഷിയെ ഞെട്ടിച്ച മൂലംപിള്ളി കുടിയൊഴിപ്പിക്കല്‍ നടന്നിട്ട് എട്ട് വര്‍ഷം കഴിഞ്ഞിട്ടും ഇതാണവസ്ഥ. ഇവിടെ കുടിയൊഴിപ്പിക്കപ്പെട്ടത് 316 കുടുംബങ്ങള്‍ മാത്രമാണ്. വിഴിഞ്ഞത്ത് ഇതിന്റെ നൂറിരട്ടിയായിരിക്കും കുടിയൊഴിപ്പിക്കല്‍. സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കിയാല്‍ കുടിയൊഴിയാം എന്നും മറ്റു ചിലര്‍ പറയുന്നുണ്ട്. ഇന്നത്തെ സര്‍ക്കാറുകളുടെ രേഖകള്‍ക്ക് എന്തുറപ്പാണുള്ളത്? മൂലംപിള്ളിക്കാര്‍ക്ക് നല്‍കിയ 14 രേഖാമൂലം ഉറപ്പുകള്‍ ഉണ്ട്. പക്ഷെ എല്ലാം ജല രേഖ മാത്രം.
ചുരുക്കത്തില്‍ പൊള്ളയായ വികസന വായ്ത്താരികള്‍ മുഴക്കി ജനങ്ങളെ കുടിയൊഴിപ്പിച്ച് പരിസ്ഥിതിക്ക് വന്‍ നാശം വരുത്തി ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയതിന്റെ നേരനുഭവമാണ് വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍. ഇക്കാര്യം മറച്ച് പിടിച്ച് വിഴിഞ്ഞത്ത് ഇതിനേക്കാള്‍ വലിയ ദുരന്തത്തിന് കളമൊരുക്കുന്നവരോട് ഒരു വാക്ക് മാത്രം. വല്ലാര്‍പാടം മറക്കരുതേ..

---- facebook comment plugin here -----

Latest