Connect with us

Gulf

ശൈഖ് റാശിദ്; ഓര്‍മകളുടെ ജ്വലനം കെട്ടുപോകുന്നില്ല

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പുത്രന്‍ ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വിയോഗം സൃഷ്ടിച്ച വേദനയില്‍ നിന്ന് യു എ ഇ മുക്തമായിട്ടില്ല. കായിക രംഗത്തും ജീവകാരുണ്യമേഖലയിലും ഒരേപോലെ, ആത്മാര്‍ഥമായി ഇടപെട്ട മഹദ്‌വ്യക്തിയാണ് ശൈഖ് റാശിദ്. രാജ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കും വിധം കുതിരയോട്ട മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ ശൈഖ് റാശിദ് നേടിയിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ പ്രതിരൂപമായിരുന്നു എന്ന് അടുത്തിടപഴകിയവരില്‍ പലരും ചൂണ്ടിക്കാട്ടുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ മൂത്തമകനാണ് ശൈഖ് റാശിദ്. ഇതെല്ലാം ദുഃഖം ഇരട്ടിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനുശോചനം ഇപ്പോഴും പ്രവഹിക്കുന്നു. ശൈഖ് മുഹമ്മദിന്റെ കുടുംബാംഗങ്ങളെ എത്രമാത്രം ആളുകള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചിട്ടുണ്ട് എന്നതിന് ഉദാഹരണം കൂടിയാണിത്.
ശൈഖ് റാശിദിന് പകരം വെക്കാന്‍ മറ്റൊരാളില്ല. കായിക രംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു. കുതിരയോട്ടവും ഫുട്‌ബോളും നീന്തലും ആവേശമായികൊണ്ടുനടന്നിരുന്നു. യു എ ഇ കായിക മേഖലക്ക് ഇനിയും വലിയ സംഭാവനകള്‍ അര്‍പിക്കാന്‍ പ്രാപ്തിയുണ്ടായിരുന്നു.
കുതിരയോട്ട മത്സരത്തില്‍ മൂന്നു തവണ യൂറോപ്യന്‍ ചാമ്പ്യനായിരുന്നു. 2001ല്‍ ഇറ്റലിയില്‍ നടന്ന യൂറോപ്യന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത് യു എ ഇക്ക് അവിസ്മരണീയ മുഹൂര്‍ത്തം. 2003ല്‍ അയര്‍ലന്റിലും 2005ല്‍ ഫ്രാന്‍സിലും ഇത് ആവര്‍ത്തിച്ചു.
2006ല്‍ ദോഹ ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ശൈഖ് റാശിദ് സ്വര്‍ണം നേടി. രാജ്യം അഭിമാനം കൊണ്ട് ജ്വലിച്ച ദിവസങ്ങളായിരുന്നു അത്. ദുബൈ കിരീടാവകാശിയും സഹോദരനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മറ്റു സഹോദരങ്ങളായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ്, ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് എന്നിവരും ശൈഖ് റാശിദിനൊപ്പം ഉണ്ടായിരുന്നു. യു എ ഇയുടെ കായിക പുരോഗതിക്ക് വന്‍ നഷ്ടമാണ് ശൈഖ് റാശിദിന്റെ വേര്‍പാടെന്ന് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി സഈദ് ഹാരിബ് വിലയിരുത്തുന്നു. ദുബൈയില്‍ രാജ്യാന്തര മാരത്തോണ്‍ സംഘടിപ്പിക്കാനും ഫുട്‌ബോളില്‍ പ്രഫഷണലിസം കൊണ്ടുവരാനും ശൈഖ് റാശിദ് മുന്നില്‍ നിന്നു. 2008ല്‍ യു എ ഇ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് പദം വെറും അലങ്കാരം മാത്രമായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദരിദ്രരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്ന ദുബൈ കെയര്‍ പദ്ധതി ശൈഖ് മുഹമ്മദ് ആവിഷ്‌കരിച്ചപ്പോള്‍ മുന്‍നിരയില്‍ ശൈഖ് റാശിദ് ഉണ്ടായിരുന്നു. ഇതിനുവേണ്ടി ലോകത്തിന്റെ പലഭാഗങ്ങളില്‍ യാത്ര ചെയ്തു. യു എ ഇക്ക് നഷ്ടങ്ങളുടെ മാസമാണിത്.
യമനില്‍ 50 ലധികം സൈനികര്‍ ധീര രക്തസാക്ഷിത്വം വരിച്ചതിന്റെ വിഷമ സന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് ധീരനായ പുത്രന്റെ വിയോഗം. ഇതെല്ലാം തരണം ചെയ്യാനുള്ള കരുത്ത് യു എ ഇക്കുണ്ടെങ്കിലും ശൈഖ് റാശിദിന് പകരമായി മറ്റൊരാളില്ല.
കെ എം എ

Latest