ആയൂര്‍വേദ നാട്ടില്‍ വിജയക്കൊടി പാറിക്കാന്‍

Posted on: September 21, 2015 10:36 am | Last updated: September 21, 2015 at 10:36 am

ആഗോള പ്രശസ്തമാണ് കോട്ടക്കല്‍. എങ്കിലും ഗ്രാമീണത വിട്ടുമാറാത്ത പട്ടണം. കാലങ്ങളായി ഗ്രാമ പഞ്ചായത്തായിരുന്ന കോട്ടക്കല്‍ കന്നി നഗരസഭയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്താണ് നഗരസഭയാകുന്നത്. ഇത് കൊണ്ട് തന്നെ പരിമിതികളില്‍ നിന്നാണ് നഗരം ഉയിരുകൊള്ളുന്നത്.
പഞ്ചായത്ത് രാജ് വരുന്നതിന് മുമ്പ് തന്നെ കൈപ്പൊക്കി വോട്ട് ചെയ്ത ഭരണസമിതി പത്ത് വര്‍ഷം ഭരണം നടത്തിയിട്ടുണ്ട്. 1953 മുതല്‍ 1964 വരെയായിരുന്നു ഈ ഭരണം. പിന്നീടാണ് തിരഞ്ഞെടുപ്പിലൂടെ കോട്ടക്കല്‍ ഗ്രാമ പഞ്ചായത്ത് ഭരണം നിലവില്‍ വരുന്നത്. ഇടതുപക്ഷ അനുഭാവികളുടെതായിരുന്നു ആദ്യ കാല ഭരണം. പഞ്ചായത്ത് രാജിലൂടെ മുസ്‌ലിം ലീഗാണ് അധികാരത്തില്‍ വന്നത്. ആദ്യ പ്രസിഡന്റ് കേരളത്തിലെ പ്രമുഖനായ മന്ത്രി യു എ ബീരാന്‍ സാഹിബ്. രണ്ട് തവണ ഇദ്ദേഹം കോട്ടക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായി. അന്ന് തോട്ട് നഗരസഭയായി മാറിയ സാഹചര്യത്തില്‍ വരെ മുസ്‌ലിം ലീഗ് തന്നെയാണ് ഭരണം നടത്തി വരുന്നത്.
മുസ്‌ലിം ലീഗിന് ശക്തമായ പിടിക്കയറുള്ള നഗരം കൂടിയാണ് കോട്ടക്കല്‍. ഗ്രാമത്തിന്റെ ഉറക്കച്ചടവില്‍ നിന്നും നഗരത്തിന്റെ പ്രതാപത്തിലേക്ക് ഉയര്‍ന്നെങ്കിലും വികസന കാര്യത്തില്‍ കാര്യമായൊന്നും എടുത്ത് പറയാനില്ല. അറിയപ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളൊ, കോളജുകളോ വ്യവസായ കേന്ദ്രങ്ങളോ കോട്ടക്കലില്‍ ഒരിടത്തുമില്ല. അങ്ങാടിയായി പറയാന്‍ കോട്ടക്കല്‍ ടൗണ്‍ മാത്രം. പിന്നീടുള്ളത് ഇന്ത്യനൂരെന്ന കൊച്ചു ഗ്രാമം. ഇതുകൊണ്ട് തന്നെ ഗ്രാമീണതയുടെ ചൂരും ചുവയും ഇന്നും നിലനില്‍ക്കുകയാണ് ഈ നഗരത്തിന്. 2010 നവംബര്‍ ഒന്നിനാണ് നഗരസഭ സ്ഥാപിതമാകുന്നത്. 20.43 ചതുരശ്ര കിലോമീറ്ററാണ് നഗരസഭയുടെ വിസ്തൃതി. 2456 പുരുഷന്‍മാരും 23780 സ്ത്രീകളുമുള്‍പ്പെടെ 48342 ആണ് ജനസംഖ്യ. 8320 വീടുകളാണ് നഗരസഭ പരിധിയിലുള്ളത്. പറപ്പൂര്‍, ഒതുക്കുങ്ങല്‍, മാറാക്കര, പൊന്‍മള, എടരിക്കോട് ഗ്രാമ പഞ്ചായത്തുകള്‍ നാലതിരുകള്‍ നിശ്ചയിക്കുന്നു. 32 വാര്‍ഡുകള്‍ നഗരസഭക്കുണ്ട്. മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നഗരത്തില്‍ അണികളുണ്ടെങ്കിലും ലീഗിനെ വെല്ലാന്‍ മാത്രം ഒരു പാര്‍ട്ടിയും ശക്തമല്ലെന്നതിനാല്‍ ലീഗ് കോട്ടയെന്ന് കോട്ടക്കലിനെ വിശേഷിപ്പിക്കാം. ഭരണം കൈവിടാതെ ലീഗ് കൊണ്ട് നടക്കുമ്പോഴും ഉയര്‍ന്നു വരുന്ന ഗ്രാമത്തിനൊപ്പം ചലിക്കാന്‍ പാര്‍ട്ടിക്കാവുന്നില്ലെന്നത് നഗരത്തെ നാണക്കേടിലാക്കുന്നു. മാലിന്യമാണ് നഗരം നേരിടുന്ന മുഖ്യ പ്രശ്‌നങ്ങളിലൊന്ന്. ആഗോള പ്രശസ്തമെന്ന ഓമപ്പേരുണ്ടായിട്ടും നഗരത്തിലെത്തുന്ന വിദേശികള്‍ ഒന്നിറങ്ങി നടക്കാന്‍ മാത്രം വിശാലമല്ല ടൗണ്‍. കാരണം ഗതാഗത കുരുക്കില്‍ ഞെങ്ങി ഞെരുങ്ങുകയാണ് ഈ പട്ടണം. പഞ്ചായത്തായിരുന്നപ്പോഴും നഗരസഭയായി മാറിയപ്പോഴും ഭരണ സമിതിയെ വിടാതെ പിന്തുടരുന്ന പ്രശ്‌നമാണ് മാലിന്യം. പഞ്ചായത്തായിരുന്ന കാലത്ത് നഗരത്തിലെ മാലിന്യങ്ങള്‍ വലിയപറമ്പിലായിരുന്നു നിക്ഷേപിച്ചിരുന്നത്. നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെ ഇത് ഇന്ത്യനൂരിലെ മൈലാടിയിലേക്ക് മാറ്റി. ഈ ഭരണ സമിതി നേരിട്ട മുഖ്യപ്രശ്‌നം മൈലാടി മാലിന്യ പ്ലാന്റ് സംബന്ധിച്ചായിരുന്നു. സമരങ്ങളും ഏറ്റുമുട്ടലുകളും ഒന്നിച്ചൊന്നായി ഉയര്‍ന്നു വന്നു. ഇന്നും ശാശ്വത പരിഹാരം കാണാനാകാതെ നിലനില്‍ക്കുകയാണ് ഈ പ്രശ്‌നം. പ്ലാന്റിനായി നഗരസഭ വിലക്കെടുത്ത സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചു വരുന്നതിനെതിരെ നാട്ടുകാര്‍ ശക്തമായി രംഗത്തിറങ്ങി. പ്ലാന്റില്‍ കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യാതെ സമര രംഗത്ത് നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് ഇപ്പോഴും നാട്ടുകാര്‍. ടൗണിലെ മലിനജലം പുത്തൂര്‍ തോട്ടിലേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് നിലനിന്നിരുന്ന പ്രശ്‌നം പരിഹരിച്ചതാണ് മികച്ച നേട്ടം. കടകളില്‍ നിന്നും മലിന ജലം ഓട വഴി തോട്ടിലേക്ക് തള്ളുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് ഈ സമരത്തിനും മുമ്പിലുണ്ടായിരുന്നത്. ഒടുവില്‍ ഐറീഷ് മോഡല്‍ മഴപ്പാത നിര്‍മിച്ചാണ് പരിഹാരം കണ്ടത്. പ്രശ്‌നങ്ങള്‍ ഒരു ഭാഗത്ത് നിലനില്‍ക്കുമ്പോഴും നല്ല ഭരണം കാഴ്ച്ച വെച്ച സംതൃപ്തിയിലാണ് ഭരണ കക്ഷി. ചെയര്‍മാന്‍ സ്ഥാനം വനിതാ സംവരണമായിരുന്നതിനാല്‍ ലീഗ് ഊഴം നിശ്ചയിച്ച് രണ്ട് പേര്‍ക്കാണ് ഇത് നല്‍കിയിരുന്നത്. ഇതിനിടയില്‍ തന്നെ പാര്‍ട്ടി പ്രശ്‌നം ചില അസ്വരസ്യങ്ങള്‍ സൃഷ്ടിച്ചെങ്കിലും അത് ഭരണ രംഗത്ത് വിള്ളല്‍ വീഴ്ത്തിയില്ല. 2014-15ലെ പദ്ധതികള്‍ നൂറ് ശതമാനവും പൂര്‍ത്തികരിക്കാനായിട്ടുണ്ട്. സ്‌നേഹ സംഗമം, ഉദ്യാന പാത, ഐറീഷ് മഴപാത, ഓഫീസ് കമ്പ്യൂട്ടര്‍ വത്കരണം, സമ്പൂര്‍ണ ഭവന പദ്ധതികള്‍, 5000 വിളക്കുകള്‍, 582 ഗ്രാമീണ റോഡുകളുടെ നിര്‍മാണം, നവീകരണം, ടാറിംഗ് തുടങ്ങിയവ മികച്ച നേട്ടമായി എടുത്തു കാണിക്കുന്നു. നഗരസഭയുടെ ഇരു കരകളെയും ബന്ധിപ്പിച്ച് ഒമ്പത് റോഡുകള്‍ പൂര്‍ത്തിയാക്കി. അഞ്ച് സര്‍ക്കാര്‍ റോഡുകളുടെ നവീകരണവും നടത്തി. അഞ്ച് കോടി രൂപ ചെലവില്‍ ദേശീയപാത നവീകരണം ഭരണ സമിതിയുടെ മറ്റൊരു വികസന പദ്ധതിയാണ്. ഉറവിട മാലിന്യ സംസ്‌കരണം, ആടുഗ്രാമം പദ്ധതി, കാര്‍ഷിക മേഖലയില്‍ നിറവ്, വിദ്യാഭ്യാസ മേഖലയില്‍ വിജയപാത ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കി. ഇതിന് പുറമെ ആവിഷ്‌കരിച്ചു കഴിഞ്ഞ ചില പദ്ധതികളും ഭരണ സമിതിക്കുണ്ട്. 80 കോടി ചെലവില്‍ ബസ് സ്റ്റാന്‍ഡ് കം മാര്‍ക്കറ്റിംഗ് കോംപ്ലക്‌സ്, 140 കോടി ചെലവില്‍ കുടിവെള്ള പദ്ധതി ഇവ രണ്ടും സര്‍ക്കാരിന്റെ പരിഗണനയിലാണുള്ളത്. നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ ടൗണ്‍ പ്ലാനിംഗ് വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കി വരികയാണിപ്പോള്‍.