അഹ്മദിന്റെ ക്ലോക്ക് ഓര്‍മപ്പെടുത്തുന്നത്

Posted on: September 21, 2015 3:36 am | Last updated: September 20, 2015 at 11:37 pm

ഇസ്‌ലാമോഫോബിയ അമേരിക്കന്‍ സാമൂഹിക മണ്ഡലത്തില്‍ എത്രമാത്രം രൂഢമൂലമാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയ ക്ലോക്ക് സംഭവം. അഹ്മദ് മുഹമ്മദ് എന്ന വിദ്യാര്‍ഥി ടെക്‌സാസിലെ സ്‌കൂളിലേക്ക് താന്‍ സ്വന്തമായി നിര്‍മിച്ച ക്ലോക്ക് കൊണ്ടുവരുന്നു. എന്‍ജിനീയറിംഗ് അധ്യാപകനെ കാണിക്കാനായിരുന്നു കുട്ടിയുടെ ശ്രമം. ശാസ്ത്രകുതുകിയായ ആ വിദ്യാര്‍ഥി തന്റെ ഗുരുനാഥന്റെ പ്രശംസാവചനങ്ങളാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇംഗ്ലീഷ് ക്ലാസ് നടക്കുമ്പോള്‍ ക്ലോക്കിന്റെ അലാറം മുഴങ്ങി. പിന്നെ നടന്നത് മൂന്നാംകിട ഹാസ്യപരിപാടിയില്‍ പോലും കാണാനിടയില്ലാത്ത നാടകമാണ്. അധ്യാപിക ഉടനെ പോലീസിനെ വിളിക്കുന്നു. കുട്ടിയെ കസ്റ്റഡിയിലെടുത്ത്, കൈയാമം വെച്ച്, ആദ്യം പോലീസ് സ്റ്റേഷനിലേക്കും പിന്നീട് ജുവൈനല്‍ ഹോമിലേക്കും കൊണ്ടുപോകുന്നു. അഹ്മദ് ക്ലാസില്‍ കൊണ്ടുവന്നത് ബോംബാണെന്നായിരുന്നു അധ്യാപികയുടെ കണ്ടെത്തല്‍. അവര്‍ സ്‌കൂളിലാകെ ഭീതി പരത്തി. അബദ്ധം പറ്റിയെന്നറിഞ്ഞിട്ടും പോലീസ് തിരുത്തിയില്ല. പകരം കള്ളബോംബുണ്ടാക്കി ഭീതി പരത്തിയന്ന കുറ്റം ചാര്‍ത്തുകയാണ് അവര്‍ ചെയ്തത്. കാറിനടിയിലോ മറ്റോ ഈ ക്ലോക്ക് വെച്ചാല്‍ ബോംബാണെന്ന് തെറ്റിദ്ധരിക്കുമത്രേ. അഹ്മദ് കൈയാമത്തില്‍ നില്‍ക്കുന്ന ചിത്രം മാധ്യമങ്ങളില്‍ നിറഞ്ഞതോടെ അമേരിക്കക്ക് അകത്തു നിന്നും പുറത്തു നിന്നും വന്‍ വിമര്‍ശമുയര്‍ന്നു.
അമേരിക്കന്‍ പോലീസിന്റെ ബുദ്ധിശൂന്യതയും മുന്‍വിധിയും മതവിദ്വേഷവും ഒരിക്കല്‍ കൂടി ചര്‍ച്ചയായി. മുസ്‌ലിം ആയതുകൊണ്ട് മാത്രമാണ് ഈ കുട്ടിക്ക് ഈ ദുരവസ്ഥയുണ്ടായതെന്ന് മനുഷ്യസ്‌നേഹികള്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടി. ഇതോടെ അമേരിക്കന്‍ പ്രതിച്ഛായ ഇടിയുന്നുവെന്ന് തിരിച്ചറിഞ്ഞ പ്രസിഡന്റ് ബരാക് ഒബാമ തന്നെ പ്രതിക്രിയയുമായി രംഗത്തെത്തി. അഹ്മദിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ്, മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്‍ തുടങ്ങിയ പ്രമുഖരും പ്രശംസയുമായി രംഗത്തെത്തി. സ്റ്റാന്‍ഡ് വിത്ത് അഹ്മദ് എന്ന ഹാഷ്ടാഗില്‍ രാഷ്ട്രതലവന്‍മാര്‍ അടക്കം പതിനായിരങ്ങളാണ് പ്രതികരിച്ചത്. എല്ലാവരും ചൂണ്ടിക്കാട്ടിയത് ഒരേ കാര്യം. അമേരിക്കയിലെ മുസ്‌ലിംകള്‍ ഭീകരമാംവിധം സംശയത്തിന്റെ നിഴലിലാണെന്ന വസ്തുത.
വിദേശ രാജ്യങ്ങളില്‍ നടത്തുന്ന നെറികെട്ട സൈനിക ഇടപെടലുകള്‍ക്ക് ന്യായീകരണമായി ഭരണകൂടം ഉത്പാദിപ്പിക്കുന്ന ഭീതി അമേരിക്കന്‍ പൗരന്‍മാരെ എത്രമാത്രം അരക്ഷിതാവസ്ഥയിലകപ്പെടുത്തിയിരിക്കുന്നുവെന്ന വസ്തുത കൂടി ഈ സംഭവം അനാവരണം ചെയ്യുന്നു. മുസ്‌ലിമായത് കൊണ്ട് മാത്രമാണ് അഹ്മദിന് ഈ അനുഭവം ഉണ്ടായത്. മൊത്തം സംഭവം ഒരു നാടകമായിരുന്നുവെന്ന് സംശയിക്കാവുന്നതുമാണ്. യഥാര്‍ഥത്തില്‍ അത് ബോംബായിരുന്നുവെന്ന് അധ്യാപകര്‍ കരുതിയിരുന്നോ? സംശയാസ്പദമാണ് അത്. അങ്ങനെ അവര്‍ കരുതിയിരുന്നുവെങ്കില്‍ എന്തുകൊണ്ട് അവര്‍ ബോംബ് സ്‌ക്വാഡിനെ വിളിച്ചില്ല? ക്ലാസ് മുറിയില്‍ നിന്ന് ‘ബോംബ്’ എടുത്തുമാറ്റിയില്ല? പോലീസ് വാഹനത്തിലും ‘ക്ലോക്ക് ബോംബ്’ മിടിച്ചുവല്ലോ. അഹ്മദിന്റെ കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ജാഗ്രത്തായ പ്രതികരണങ്ങള്‍ വന്നതു കൊണ്ടും കൊള്ളാവുന്ന വിദ്യാഭ്യാസ സാമൂഹിക നിലവാരത്തിലുള്ളതാണ് അവന്റെ കുടുംബം എന്നതുകൊണ്ടുമാണ് അധികൃതര്‍ തിരുത്താന്‍ തയ്യാറായത്. എത്രയെത്ര നിരപരാധികള്‍ ആരും അറിയപ്പെടാതെ ഇത്തരത്തില്‍ ജയിലഴികള്‍ക്കുള്ളില്‍ അടക്കപ്പെട്ടിട്ടുണ്ട്. അവരെക്കുറിച്ചൊക്കെ മാധ്യമങ്ങള്‍ എത്രയെത്ര ഭീകര കഥകളാണ് മെനയാറുള്ളത്. ആരാധനാലയങ്ങള്‍ നിരന്തര പരിശോധനക്ക് വിധേയമാക്കുന്നു. മുസ്‌ലിംകളുടെ മതചിഹ്നങ്ങള്‍ നിരന്തരം അവഹേളിക്കപ്പെടുന്നു. അവയെക്കുറിച്ചുള്ള മനുഷ്യത്വരഹിതമായ വിശകലനങ്ങളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. തീവ്രവാദത്തെക്കുറിച്ചുള്ള ഏത് പരാമര്‍ശവും നിരപരാധരായ വിശ്വാസികളില്‍ ചെന്നുതറക്കുന്ന തരത്തിലാണ് നടത്താറുള്ളത്. മുസ്‌ലിംകള്‍ അമേരിക്കയുടെ ശത്രുക്കളല്ല, ഭീകരവാദികളോടേ ശത്രുതയുള്ളൂ എന്ന് ഒബാമ ഇടക്ക് പറയാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണകൂടം പ്രവര്‍ത്തിക്കുന്നത് നേരെ വിപരീത ദിശയിലാണ്.
അമേരിക്ക സംശയത്തിന്റെ തടവറയിലിട്ടിരിക്കുന്നത് മുസ്‌ലിംകളെ മാത്രമല്ല. സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണ്‍ അഫ്രോ- അമേരിക്കന്‍ ചര്‍ച്ചില്‍ ആക്രമണം നടത്തിയ ഡിലന്‍ റൂഫ് വംശീയ വെറിയുടെ ആള്‍രൂപമാണ്. കറുത്ത വര്‍ഗക്കര്‍ക്കെതിരായ അതിക്രമങ്ങളുടെ പ്രതീകമായ കോണ്‍ഫെഡറേഷന്‍ പതാകകള്‍ അമേരിക്കയില്‍ തിരിച്ചുവരികയാണ്. ഫൊര്‍ഗ്യൂസനില്‍ മൈക്കല്‍ ബ്രൗണ്‍ എന്ന കറുത്ത വര്‍ഗക്കാരനെ വെടിവെച്ച് കൊന്ന ഡാരന്‍ വില്‍സണ്‍ എന്ന വെള്ളക്കാരന്‍ പോലീസിനെ തെളിവില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിട്ടത് വംശവെറി നീതിന്യായ വ്യവസ്ഥയെ കൂടി ബാധിച്ചിരിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു. ഡാരന്‍ വില്‍സണ്‍ വിചാരണയിലുടനീളം ബ്രൗണിനെ ‘അത്’ എന്നാണ് വിശേഷിപ്പിച്ചത്. എന്നുവെച്ചാല്‍ കറുത്തവനെ ‘അവന്‍’ എന്നോ ‘അയാള്‍’ എന്നോ സംബോധന ചെയ്യാവുന്ന മനുഷ്യനായിപ്പോലും വെളുത്ത പോലീസ് കാണുന്നില്ലെന്ന് തന്നെ. ഈ വിദ്വേഷ പ്രചാരണത്തിന്റെ ഉത്പന്നമാണ് അമേരിക്കന്‍ സ്‌കൂളുകളിലെ അരക്ഷിതാവസ്ഥ. അവിടെ കുട്ടികള്‍ തോക്കുമായി വന്ന് തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുന്നത് അതുകൊണ്ടാണ്. ഈ വിഷമവൃത്തത്തില്‍ നിന്ന് ആ രാജ്യത്തെ രക്ഷിക്കാനുള്ള വിവേകം അവിടുത്തെ ഭരണ നേതൃത്വത്തിന് ഉദിക്കുമോ എന്നതാണ് ചോദ്യം. ഈ ഘടികാരമണി മുഴങ്ങുന്നത് ഈ തിരിച്ചറിവിന് വേണ്ടിയാണ്.