Connect with us

International

പതിനായിരം അഭയാര്‍ഥികളെ ഏറ്റെടുക്കുമെന്ന് കാനഡ

Published

|

Last Updated

ഒട്ടാവ: കുടിയേറ്റം സംബന്ധിച്ച അപേക്ഷ നടപടികള്‍ വേഗത്തിലും ലളിതവുമാക്കി ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരം സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് കാനഡയിലെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍. വിസ ഓഫീസര്‍മാര്‍ ഏറെത്താമസിയാതെ അഭയാര്‍ഥികള്‍ യു എന്‍ അഭയാര്‍ഥി ഏജന്‍സി വഴിയാണോ എന്ന് ചോദിക്കില്ല പകരം അഭയാര്‍ഥികളുടെ നിര്‍വചനത്തില്‍പ്പെടുന്നവരാണോ എന്ന് മാത്രം നോക്കി നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് കുടിയേറ്റ പൗരത്വ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. 2016 സെപ്തംബറില്‍ 10,000 സിറിയക്കാരെ പുനരധിവസിപ്പിക്കാമെന്നാണ് ഇപ്പോള്‍ കാനഡ ഏറ്റിരിക്കുന്നത്. പതിനഞ്ച് മാസം ഇതിന് തയ്യാറെടുക്കാനായി ഉപയോഗിക്കും. ഈ വര്‍ഷം അവസാനത്തോടെ 23,000 ഇറാഖികളെ പുനരധിവസിപ്പിക്കുമെന്ന വാക്ക് പാലിക്കുമെന്നും പ്രസ്താവനയിലുണ്ട്. സുരക്ഷ, ക്രിമിനല്‍ക്കുറ്റങ്ങള്‍, ആരോഗ്യ പരിശോധന എന്നിവയിലായിരിക്കും വിസ ഓഫീസര്‍മാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്നത് സംബന്ധിച്ച് കാനഡയില്‍ ഭരണത്തിലിരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആഴ്ചകളായി വിമര്‍ശത്തിന് വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. ഒക്‌ടോബര്‍ 19ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ സിറിയന്‍ അഭയാര്‍ഥികളോട് കൂടുതല്‍ ഉദാരമായ നയം സ്വീകരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്. മധ്യ ഇടത് പാര്‍ട്ടികള്‍ കനേഡിന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ക്ക് കനത്തവെല്ലുവിളിയാകുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.