നാളികേരോത്പന്നങ്ങളുടെ നിരക്ക് കുറഞ്ഞു; റബ്ബര്‍ തളര്‍ച്ച തുടരുന്നു

Posted on: September 20, 2015 11:40 pm | Last updated: September 20, 2015 at 11:40 pm

marketകൊച്ചി: ആഗോള വിപണിക്ക് ഒപ്പം കേരളത്തിലും സ്വര്‍ണ വില ഉയര്‍ന്നു. ദീപാവലി ഡിമാന്‍ഡിനെ കുരുമുളക് ഉറ്റ്‌നോക്കുന്നു. നാളികേരോത്പന്നങ്ങളുടെ നിരക്ക് കുറഞ്ഞു. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവ ഉയര്‍ത്തി. രാജ്യാന്തര റബ്ബര്‍ വിപണിയിലെ തളര്‍ച്ച തുടരുന്നു, ആഭ്യന്തര ടയര്‍ കമ്പനികള്‍ ഷീറ്റില്‍ താല്‍പര്യം കാണിച്ചു.
അന്താരാഷ്ട്ര മാര്‍ക്കറ്റിനൊപ്പം കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. ആഭരണ വിപണികളില്‍ പവന്‍ 19,640 രൂപയില്‍ നിന്ന് 19,840 രൂപയായി. ഒരു ഗ്രാമിന് 25 രൂപ കയറി 2480 രൂപയായി. ലണ്ടനില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1107 ഡോളറില്‍ നിന്ന് 1143 ഡോളര്‍ വരെ കയറി. വാരാന്ത്യം നിരക്ക് 1139 ഡോളറിലാണ്. സാങ്കേതികമായി സ്വര്‍ണ വിപണി ബുള്ളിഷ് ട്രന്റിലാണ്.
കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 63,000 രൂപയിലാണ്. കുരുമുളക് സംഭരണത്തിന് താല്‍പര്യം കാണിക്കാതെ ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും രംഗത്ത് നിന്ന് അകന്നു. ദീപാവലി അടുത്തതിനാല്‍ അന്തര്‍സംസ്ഥാന ഇടപാടുകാര്‍ രംഗത്ത് ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് സ്‌റ്റോക്കിസ്റ്റുകള്‍. ഹൈറേഞ്ചില്‍ നിന്ന് വിപണിയിലേക്കുള്ള ചരക്ക് വരവ് കുറഞ്ഞ അളവിലാണ്.
നാളികേരോത്പന്നങ്ങളുടെ നിരക്ക് പിന്നിട്ട വാരത്തിലും താഴ്ന്നു. വെളിച്ചെണ്ണക്ക് ലോക്കല്‍ ഡിമാന്‍ഡ് കുറഞ്ഞത് മൂലം കൊച്ചിയില്‍ നിരക്ക് 11,300 ലും കൊപ്ര 7605 രൂപയിലുമാണ്. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഡ്യൂട്ടി വര്‍ധിപ്പിച്ചത് ആഭ്യന്തര എണ്ണകുരുക്കളുടെ വിലക്കയറ്റത്തിന് കാരണമാകും. ഇറക്കുമതി ഡ്യൂട്ടി അഞ്ച് ശതമാനം മാത്രമാണ് ഉയര്‍ത്തിയത്. എന്നാല്‍ ആഭ്യന്തര വ്യവസായികളുടെ ആവശ്യം 25 മുതല്‍ 45 ശതമാനം വരെ ഡ്യൂട്ടി ഉയര്‍ത്തണമെന്നായിരുന്നു. ആഗോള വിപണിയില്‍ പാചക എണ്ണകളുടെ വില താഴ്ന്ന റേഞ്ചില്‍ നീങ്ങുന്നതിനാല്‍ ഇപ്പോഴത്തെ ഡ്യൂട്ടി വര്‍ധന കര്‍ഷകര്‍ക്ക് കാര്യമായ ഗുണം ചെയ്യില്ല.
ജപ്പാനീസ് മാര്‍ക്കറ്റില്‍ പോയ വാരം റബ്ബറിന് മൂന്നര ശതമാനം വില ഇടിവ് നേരിട്ടു. വിദേശത്തെ പ്രതികൂല വാര്‍ത്തകള്‍ക്കിടയില്‍ പതിവ് പോലെ ആഭ്യന്തര നിരക്ക് ഇടിക്കാന്‍ ഇന്ത്യന്‍ വ്യവസായികള്‍ മടിച്ചു. വിപണിയില്‍ ഷീറ്റിന്റെ ലഭ്യത ചുരുങ്ങിയതും ടാപ്പിംഗ് രംഗത്തെ തളര്‍ച്ചയും വരും മാസങ്ങളില്‍ ഷീറ്റ് ക്ഷാമം രൂക്ഷമാക്കാമെന്ന ആശങ്കയിലാണ് കമ്പനിക്കാര്‍. കൊച്ചിയില്‍ നാലാം ഗ്രേഡ് ഷീറ്റ് 12,300 രൂപയിലും അഞ്ചാം ഗ്രേഡ് 11,000 രൂപയിലുമാണ്. ലാറ്റക്‌സ് 8000 രൂപയില്‍ കൈമാറി.
ചുക്കിനെ ബാധിച്ച തളര്‍ച്ച തുടരുന്നു. തണുപ്പ് ശക്തമാകും മുമ്പേ കൂടുതല്‍ ഓര്‍ഡറുകളെത്തിയാല്‍ നിരക്ക് ഉയരാം. ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ കാര്യമായി ചുക്ക് സ്‌റ്റോക്കില്ല. വിവിധയിനം ചുക്ക് 20,000-21,500 രൂപയിലാണ്.