മൂന്നാര്‍ സ്ത്രീ മുന്നേറ്റം ഇനി പെണ്‍കള്‍ ഒരുമൈ

Posted on: September 20, 2015 11:36 pm | Last updated: September 20, 2015 at 11:36 pm
SHARE

moonnarതൊടുപുഴ: രാജ്യത്തെ വിസ്മയിപ്പിച്ച മൂന്നാറിലെ സ്ത്രീ മുന്നേറ്റം ഇനി പെണ്‍കള്‍ ഒരുമൈ. ട്രേഡ് യൂനിയന് പകരം തൊഴിലാളി കൂട്ടായ്മയായി തത്കാലം നിലകൊ ള്ളും. ഈ മാസം 26ന് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിക്ക് ശേഷം ട്രേഡ് യൂനിയനാക്കുന്ന കാര്യം ആലോചിക്കും. ഇന്നലെ മൂന്നാര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ 350 സ്ത്രീ തൊഴിലാളികള്‍ പങ്കെടുത്ത യോഗത്തിലാണ് പെണ്‍കള്‍ ഒരുമൈ പിറവി കൊണ്ടത്. മൂന്നാര്‍ പ്രക്ഷോഭ നേതാക്കളായ ലിസി സണ്ണി, ഗോമതി അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉദ്ഘാടകനോ അധ്യക്ഷനോ ഇല്ലാതെ പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായ ഒത്തുചേരലിലാണ് സംഘടന രൂപവത്കരിച്ചത്.
ട്രേഡ് യൂനിയനുകളെ പൂര്‍ണമായി തളളിപ്പറയാതിരുന്ന യോഗം, യൂനിയനുകള്‍ തെറ്റുതിരുത്തിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 500 രൂപ ദിവസക്കൂലി എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും. ഓരോ തോട്ടം ഡിവിഷനിലും ആറ് പേരടങ്ങുന്ന സമിതി രൂപവത്കരിച്ചാണ് സംഘടന പ്രവര്‍ത്തിക്കുക. കണ്ണന്‍ ദേവന്‍ കമ്പനിയിലെ 12 ഡിവിഷനുകളില്‍ 90 ശതമാനത്തിലും സമിതി രൂപവത്കരിച്ചുകഴിഞ്ഞു. ഡിവിഷന്‍ സമിതികള്‍ ഉണ്ടാക്ക ിയതിന് ശേഷം ഭാരവാഹികളെ കണ്ടെത്തും.
26ന് നടക്കുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ പെണ്‍കള്‍ ഒരുമയുടെ അഞ്ച് പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നതാണ് ഇന്നലെ ഉയര്‍ന്ന പ്രധാന ആവശ്യം. എസ്റ്റേറ്റില്‍ തൊഴിലാളികളും മാനേജുമെന്റും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ചര്‍ച്ചയില്‍ പെണ്‍കള്‍ ഒരുമയെ കൂടി ഭാഗഭാക്കാക്കുക, പ്രവൃത്തി പരിചയം അനുസരിച്ച് വേതനം നല്‍കുക, അടിസ്ഥാന കൂലിക്കുള്ള അളവായ 21 കിലോക്ക് ശേഷം നുള്ളുന്ന കൊളുന്തിന് നിലവിലുള്ള സ്ലാബ് സമ്പ്രദായത്തിന് പകരം കിലോഗ്രാമിന് ഒരേ നിരക്കില്‍ കൂലി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഇന്നലെ ഐ എന്‍ ടി യു സിയുടെ തോട്ടം തോഴിലാളി സംഘടനയായ സൗത്ത് ഇന്‍ഡ്യന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍, എ ഐ ടി യു സി തോട്ടം തൊഴിലാളി യൂനിയന്‍ എന്നിവയുടെ പൊതുയോഗവും നടന്നു. നല്ലതണ്ണി സൊസൈറ്റി ഹാളില്‍ ചേര്‍ന്ന എ എന്‍ ടി യു സി യൂനിയന്‍ യോഗം എ കെ മണി പ്രസിഡന്റായി തുടരണമെന്ന് തീരുമാനിച്ചു. നേതാക്കളുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്താനും തൊഴിലാളികളുടെ ആവശ്യങ്ങള്‍ സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിക്കാനും തീരുമാനമായി. ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പങ്കെടുത്ത തോട്ടം തൊഴിലാളി സംഘടനയായ ദേവികുളം എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ യോഗം യൂനിയന്‍ ഹാളില്‍ ചേര്‍ന്നു. സി ഐ ടി യു ഡിവിഷന്‍ തലങ്ങളിലാണ് ജനറല്‍ബോഡി യോഗങ്ങള്‍ ചേര്‍ന്നത്. സ്ത്രീകളെ കൂടുതല്‍ നേതൃതലത്തിലേക്ക് കൊണ്ടവരാന്‍ എല്ലാ യൂനിയനുകളിലും ധാരണയായി.