ആധാര്‍: യു പി എ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത് ടെന്‍ഡര്‍ കൂടാതെ

Posted on: September 19, 2015 11:35 pm | Last updated: September 19, 2015 at 11:35 pm

aadhaarന്യൂഡല്‍ഹി: ആധാര്‍ പദ്ധതിക്കായി ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് കഴിഞ്ഞ യു പി എ സര്‍ക്കാര്‍ 13,000 കോടി രൂപ അനുവദിച്ചതെന്ന് വിവരാവകാശ രേഖ. സാമൂഹിക പ്രവര്‍ത്തകന്‍ അനി ല്‍ ഗല്‍ഗലി വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അന്വേഷണങ്ങള്‍ക്ക് ദേശിയ വിവരാവകാശ ഓഫിസര്‍ എസ് എസ് ബിഷ്, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ഹരീഷ് എ ന്നിവരാണ് മറുപടി നല്‍കിയത്.
സാങ്കേതിക വിഭാഗം മേധാവി നന്ദന്‍ നിലേക്കനിയുടെ മേ ല്‍നോട്ടത്തിലാണ് ഇത്രയും തുക ആധാറിനായി ചെലവഴിച്ചതെന്നും വെളിപ്പെടുത്തുന്നു. മൊത്തം 13,663.22 കോടി രൂപയുടെ കരാറാണ് ടെന്‍ഡര്‍ ഒന്നും കൂടാതെ ആധാറിനായി അന്നത്തെ സര്‍ക്കാര്‍ അനുവദിച്ചത്. 2015 മെയ് ആകുമ്പോഴേക്കും 90.3 ആധാര്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിലേക്ക് 6,563 കോടി രൂപ ചെലവഴിച്ചു. 25 കമ്പനികള്‍ക്ക് ഈ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വങ്ങള്‍ ഉള്ളതായും അറിയിക്കുന്നു.
അതേസമയം, രാജ്യത്തെ 125 കോടിയോളം വരുന്നവരുടെ സ്വകാര്യ വിവരങ്ങളെല്ലാം ചില സ്വകാര്യ കമ്പനികളുടെ കൈയിലെത്തുന്നതില്‍ സുപ്രീം കോടതി അടക്കമുള്ള ഉന്നത സ്ഥാപനങ്ങള്‍ ആശങ്കപ്പെട്ടിട്ടുണ്ട്. ആധാറിന്റെ കാര്യത്തില്‍ വിശ്വാസ്യത ഉറപ്പുവരുത്താനും കരാറിലെ സുതാര്യതയെ കുറിച്ച് അന്വേഷിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ടെന്നും രേഖ വ്യക്തമാക്കുന്നു.
മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരുടെയും വിരലടയാളവും കൃഷ്ണമണിയുടെ ചിത്രവും സ്വകാര്യ കമ്പനിയുടെ കൈവശമെത്തുന്നത് സുരക്ഷിതമല്ലെന്ന് സൈബര്‍ നിയമ വിദഗ്ധനും ഗവേഷനുമായ ഹര്‍ഷീത് ഷ പറയുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, മാക് അസോസിയേറ്റസ്, വിപ്രോ, എച്ച് സി എല്‍, എച്ച് പി ഇന്ത്യ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ്, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍, സാഗം മോര്‍ഫോ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, സത്യം കമ്പ്യൂട്ടര്‍ സര്‍വീസ് ലിമിറ്റഡ്, എല്‍ 1 ഐഡെന്റിറ്റി സൊലൂഷന്‍, ടോടം ഇന്റര്‍ നാഷണല്‍ ലിമിറ്റഡ്, നിക് വെല്‍ ടെലി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, സായി ഇംഫോസിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ്, ജ്യോഡെസിക് ലിമിറ്റഡ്, ഐ ഡി സൊലൂഷന്‍സ്, എന്‍ ഐ എസ് ജി, എസ് ക്യൂ ടി സി, ടെലിസിമ കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റഡ് ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ പ്രൊജക്റ്റുകള്‍ നല്‍കിയതായും വിവരാകാശ രേഖ വെളിപ്പെടുത്തുന്നു. റിലയന്‍സ് കമ്മ്യൂണണിക്കേഷ ന്‍, ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, ഏര്‍സെല്‍, ഭാരതി ഏര്‍ടല്‍, ബി എസ് എന്‍ എല്‍, റെയ്റ്റല്‍ കോ ര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഓരോ കരാറുകളുമാണ് കൈക്കലാക്കിയത്.