ഇന്ധന വിലയിലെ പരിഷ്‌കാരം മികച്ച കാല്‍വെപ്പെന്ന്

Posted on: September 19, 2015 6:22 pm | Last updated: September 19, 2015 at 6:22 pm

3089507821ഫുജൈറ: ആഗോള ഇന്ധന വിലയുടെ ചുവട് പിടിച്ച് ഓരോ മാസവും ഇന്ധന വില പുതുക്കി നിശ്ചയിക്കാന്‍ രാജ്യം സ്വീകരിച്ച നടപടി മികച്ച കാല്‍വെപ്പാണെന്ന് ഊര്‍ജ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. ഫുജൈറയില്‍ സംഘടിപ്പിച്ച അഞ്ചാമത് ഗള്‍ഫ് ഇന്റലിജന്‍സ് എനര്‍ജി മാര്‍ക്കറ്റ് ഫോറമാണ് സബ്‌സിഡി വെട്ടിക്കുറച്ച് ഇന്ധന വില നിശ്ചയിക്കാന്‍ തീരുമാനിച്ചതിനെ പ്രശംസിച്ചത്. ഊര്‍ജ മേഖലയിലെ വളര്‍ച്ച മുരടിക്കാന്‍ സബ്‌സിഡി ഇടയാക്കുമെന്ന് ഊര്‍ജ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും പെട്രോള്‍ ആന്‍ഡ് ഡീസല്‍ പ്രൈസ് കമ്മിറ്റി ചെയര്‍മാനുമായ മത്തര്‍ അല്‍ നിയാദി അഭിപ്രായപ്പെട്ടു. ഇന്ധനത്തിന് സബ്‌സിഡി നല്‍കുന്നത് ഹൃസ്വ കാലത്തേക്ക് മാത്രമേ ഗുണം ചെയ്യൂ. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതമാണ് ദീര്‍ഘകാലത്തേക്ക് ഉണ്ടാക്കുക. ദീര്‍ഘവീക്ഷണമുള്ള ഇത്തരം നടപടികളിലൂടെ മാത്രമേ പ്രകൃതി വിഭവങ്ങള്‍ ഭാവി തലമുറക്കായി കരുതിവെക്കാന്‍ സാധിക്കൂ. ഇത് സുസ്ഥിര വികസനം ഉറപ്പാക്കാനും രാജ്യത്തിന് കരുത്തുപകരുന്ന തീരൂമാനമാണെന്നും അദ്ദേഹം പറഞ്ഞു.
യു എ ഇ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിച്ച് സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുകയും യു എ ഇ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് ഉന്നം. സര്‍ക്കാര്‍ സബ്‌സിഡികളെ ആശ്രയിക്കാത്ത കരുത്തുറ്റ ഒരു സമ്പദ്‌വ്യവസ്ഥയാണ് രാജ്യം ലക്ഷ്യമിടുന്നത്. രാജ്യാന്തര നിലയില്‍ യു എ ഇയുടെ മത്സരക്ഷമതയെ ശക്തിപ്പെടുത്താനും ഇന്ധനവിലയിലെ മാറ്റം ഉപകരിക്കുമെന്ന് ഫോറത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭാവി തലമുറക്കായി ഊര്‍ജസ്രോതസുകള്‍ സംരക്ഷിക്കാന്‍ സാധിക്കുന്നതിനൊപ്പം കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനം ഉപയോഗിക്കാനും എണ്ണ ഉപഭോഗത്തില്‍ സൂക്ഷ്മത കൈവരിക്കാനും വില വര്‍ധന സഹായകമാവും. കൂടുതല്‍ പേര്‍ അന്തരീക്ഷമലിനീകരണം കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കാറിലേക്ക് മാറാനും നടപടി വഴിയൊരുക്കും.
സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗത മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്താന്‍ ആളുകള്‍ തയ്യാറാവുമെന്നതിനാല്‍ റോഡുകളില്‍ ഗതാഗതക്കുരുക്കു കുറയുമെന്നുമാണ് കരുതുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.