Connect with us

Editorial

കൊന്നുതിന്നവര്‍ക്ക് ചുട്ടുതിന്നവര്‍ കൂട്ട്

Published

|

Last Updated

അഴിമതിക്കും ക്രമക്കേടുകള്‍ക്കും കൂട്ടുനില്‍ക്കാത്ത ജേക്കബ് തോമസിന് തരംതാഴ്ത്തല്‍, അഴിമതിയാരോപണത്തിന് വിധേയരായി കണ്‍സ്യുമര്‍ ഫെഡില്‍ നിന്ന് പുറത്താക്കിയവരെ ദിവസങ്ങള്‍ക്കകം തിരിച്ചെടുക്കല്‍. അഴിമതിക്കാര്‍ക്ക് സുവര്‍ണകാലവും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കഷ്ടകാലവുമാണിപ്പോള്‍. പൊതുവേദികളില്‍ അഴിമതിക്കെതിരെ സിംഹഗര്‍ജനം മുഴക്കുന്നവര്‍, അധികാരത്തിന്റെ ഇടനാഴികകളില്‍ അഴിമതിക്കാരെ സംരക്ഷിക്കുകയാണ്.
അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് പ്രകടന പത്രികയിലും കര്‍മ പദ്ധതികളിലും പ്രഖ്യാപിച്ച യു ഡി എഫ് സര്‍ക്കാറിന്റെ പൊയ്മുഖം തുറന്നു കാട്ടുന്ന നടപടിയാണ് സത്യസന്ധനായ ഉദ്യോഗസ്ഥനായി പരക്കെ അറിയപ്പെട്ട ജേക്കബ് തോമസിനെ അഗ്നിശമന സേനാ വിഭാഗം ഡി ജി പി സ്ഥാനത്ത് നിന്ന് എ ഡി ജി പി പദവിയിലേക്കുള്ള തരംതാഴ്ത്തല്‍. ഫഌറ്റ് മാഫിയയുടെ ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തതിലുള്ള പ്രതികാരമാണ് ഈ മാറ്റത്തിന് പിന്നിലെന്നാണ് വിവരം. കെട്ടിട നിര്‍മാണത്തിന് അഗ്നിശമന സേനാ മേധാവിയുടെ അംഗീകാരം വേണം. നിര്‍മാണമേഖലയില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്ന കെട്ടിടങ്ങള്‍ക്ക് മാത്രമേ അംഗീകാരം നല്‍കാവൂ എന്നാണ് ചട്ടം. എന്നാല്‍ ഉന്നതങ്ങളില്‍ സ്വാധീനമുള്ള വന്‍കിടക്കാരുടെയും ഫഌറ്റ് മാഫിയയുടെയും കെട്ടിട നിര്‍മാണങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങളിലെ ചട്ടലംഘനങ്ങള്‍ക്ക് നേരെ കണ്ണടക്കുകയായിരുന്നു പല ഉദ്യോഗസ്ഥ മേധാവികളും. ജേക്കബ് തോമസ് അതിന് സന്നദ്ധനായില്ല. നിര്‍മാണത്തില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന ഉറച്ച നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. മുഖം നോക്കാതെ നിയമം നപ്പാക്കിയിരുന്ന അദ്ദേഹം പത്തനാപുരത്ത് ആരംഭിക്കുന്ന പുതിയ ഫയര്‍ സ്‌റ്റേഷനിലെ നിയമനവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയുടെ ഓഫിസ് നടത്തിയ അനധികൃത ഇടപെടലുകള്‍ക്ക് വഴങ്ങാനും കൂട്ടാക്കിയില്ല. ഇതാണ് അദ്ദേഹത്തിന് വിനയായത്.
ജേക്കബ് തോമസ് വിജിലന്‍സ് എ ഡി ജി പിയായരിക്കെ, ഡി ജി പിയായി സ്ഥാനക്കയറ്റം നല്‍കി ബാര്‍ കോഴക്കേസിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതിന് പിന്നിലെ പശ്ചാത്തലവും സമാനമായിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങളെ അതിജീവിച്ചു ബാര്‍കോഴക്കേസില്‍ രണ്ട് മന്ത്രിമാര്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ അന്വേഷണം ശരിയായ ദിശയിലൂടെയാണ് നീങ്ങുന്നതെന്ന് ബോധ്യപ്പെട്ടപ്പോഴായിരുന്നു സ്ഥാനക്കയറ്റം. ഡി ജി പി ആയാല്‍ വിജിലന്‍സില്‍ തുടരാന്‍ കഴിയില്ലെന്നാണത്ര ചട്ടം. ഇതോടെ വിജലന്‍സ് അന്വേഷിക്കുന്ന ബാര്‍ കേസിന്റെ ചുമതലയില്‍ നിന്ന് അദ്ദേഹത്തിന് മാറിനില്‍ക്കേണ്ടി വന്നു. എന്തൊരു തന്ത്രപരമായ നീക്കം!
സോളാര്‍ വിവാദത്തില്‍ ആരോപണ വിധേയനായി സസ്‌പെന്‍ഷനിലായ, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിം രാജിനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി, നിരവധി കേസുകളില്‍ ആരോപണവിധേയരായ ടോമിന്‍ ജെ തച്ചങ്കരിയെയും ടോം ജോസിനെയും അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തിരിച്ചെടുത്തതിന് പുറമെ അര്‍ഹിക്കുന്നതില്‍ കവിഞ്ഞ പദവികള്‍ നല്‍കിയത്, മലബാര്‍ സിമന്റ്‌സ് കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും പലരെയും ഒഴിവാക്കിയത്, സിഡ്‌കോ എം ഡി സജി ബഷീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ശിപാര്‍ശ പൂഴ്ത്തിയത് തുടങ്ങി സ്വാധീനമുള്ളവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയും രാഷ്ട്രീയ താത്പര്യങ്ങള്‍ വെച്ചും സര്‍ക്കാര്‍ അഴിമതിക്കാര്‍ക്ക് കൂട്ടുനിന്ന സംഭവങ്ങള്‍ നിരവിധിയുണ്ട്. കെ പി സി സി പ്രസിഡന്റ് പദമേറ്റെടുക്കുന്നതിന് മുമ്പ് വി എം സുധീരന്‍ തന്നെ പലപ്പോഴും സര്‍ക്കാറിന്റെ ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നതാണ്. സുതാര്യ ഭരണം അവകാശപ്പെടുന്നവര്‍ അഴിമതിക്കാരെ സംരക്ഷിക്കുയാണെന്നാണ് മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട് പാലക്കാട്ട് നടന്ന മാര്‍ച്ചില്‍ അദ്ദേഹം തുറന്നടിച്ചത്. ഭരണത്തില്‍ ഏത് മുന്നണിയാണെങ്കിലും അഴിമതിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും ഇത് ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപെടുത്തുമെന്നും സര്‍ക്കാറിനെ അദ്ദേഹം ഓര്‍മിപ്പിക്കുകയുണ്ടായി. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ് തുടങ്ങി ഉത്തരവാദപ്പെട്ട പല ഉന്നതോദ്യോഗസ്ഥരും അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ തുറന്നടിച്ചതാണ്.
കൊന്നുതിന്നവര്‍ക്ക് ചുട്ടുതിന്നവര്‍ കൂട്ട് എന്ന മട്ടിലാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരും സര്‍ക്കാറിന്റെ തലപ്പത്തിരിക്കുന്നവരും തമ്മിലുള്ള ബന്ധം. പൊതുഖജനാവിനെ കാര്‍ന്നുതിന്നുന്ന കീടങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന് പകരം അവരെ സംരക്ഷിക്കുകയും അഴിമതിയോട് രാജിയാകാന്‍ വിസമ്മതിക്കുന്ന ഉദ്യോസ്ഥരെ നിരന്തരം സ്ഥലം മാറ്റിയും തരം താഴ്ത്തിയും പീഡിപ്പിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. ഇത്തരം ജനവിരുദ്ധ സമീപനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ച പ്രതിഷേധത്തിന്റെ ബഹിര്‍സ്ഫുരണമാണ് മൂന്നാറിലും മറ്റു തൊഴില്‍ മേഖലകളിലും കണ്ടത്. ഇനിയും സര്‍ക്കാര്‍ കണ്ണ് തുറക്കുന്നില്ലെങ്കില്‍ ജനങ്ങളില്‍ നാമ്പിട്ടു കഴിഞ്ഞ അരാഷ്ട്രീയ ചിന്താഗതി കൂടുതല്‍ ശക്തി പ്രാപിക്കുകയും കക്ഷിരാഷ്ട്രീയത്തിന് പ്രസക്തി നഷ്ടമാകുകയും ചെയ്യുന്ന നാളുകള്‍ വിദൂരമായിരിക്കില്ല.

Latest