ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

Posted on: September 18, 2015 6:37 pm | Last updated: September 19, 2015 at 1:17 pm

oommenchandiതിരുവനന്തപുരം: അഗ്നിശമന സേനയുടെ ചുമതലയില്‍ നിന്ന് മാറ്റിയ ഡി ജി പി ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിമാരായ രമേശ് ചെന്നിത്തലക്കോ മഞ്ഞളാംകുഴി അലിക്കോ അതില്‍ പങ്കില്ല. മന്ത്രിസഭയാണ് ജേക്കബ് തോമസിനെ മാറ്റിയത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജേക്കബ് തോമസിനെക്കുറിച്ച് നിരവധി പരാതികള്‍ വിവിധ ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നു വന്നിരുന്നു. ഇത് പലതും മാധ്യമങ്ങളില്‍ വാര്‍ത്തയും ആയി. ജേക്കബ് തോമസിന്റെ പല നടപടികളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. മൂന്നു നില്ക്കു മുകളില്‍ സ്‌കൈലിഫ്റ്റ് ഇല്ലായെന്നതിന്റെ പേരില്‍ പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്നു ജേക്കബ് തോമസ് തീരുമാനിച്ചു. സ്‌കൈ ലിഫ്റ്റ് വാങ്ങേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. അതിനുള്ള നടപടികള്‍ നടന്നുവരികയാണ്. ഇതിന്റെ പേരില്‍ അതുവരെ നല്‍കി വന്ന അനുമതി അദ്ദേഹം പിന്‍വലിച്ചു. ഇതു കൂടാതെ അടൂര്‍ ഐ എച്ച് ആര്‍ ഡിയില്‍ നടന്ന ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. ഇതു ജനങ്ങള്‍ക്ക് അഗ്നിശമന സേനയില്‍നിന്ന് എന്തു സേവനമാണോ ലഭിക്കേണ്ടത് അത് ഇല്ലാതാക്കി.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അബോധാവസ്ഥയില്‍ കിടന്ന ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഫയര്‍ഫോഴ്‌സ് ആംബുലന്‍സ് വിളിച്ചപ്പോള്‍ അടൂര്‍ സംഭവത്തില്‍ ഇറക്കിയ സര്‍ക്കുലറിന്റെ പേരില്‍ ഫയര്‍ഫോഴ്‌സ് സേവനം നിഷേധിച്ചു. ഇതേ തുടര്‍ന്നു അബോധാവസ്ഥയിലുള്ളയാള്‍ മരിച്ചു. വയനാട് ചുരത്തില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടപ്പോഴും പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയില്‍ സമാന സംഭവമുണ്ടായപ്പോഴും ജനം അഗ്നിശമന സേനയുടെ സേവനം ആവശ്യപ്പെട്ടു. എന്നാല്‍, മരം മുറിക്കുന്നതല്ല തങ്ങളുടെ പണിയെന്നതാണു സേനയില്‍നിന്നു ലഭിച്ച മറുപടി. സേനയുടെ ഇത്തരം നടപടികള്‍ക്കു ജനങ്ങളോട് ഉത്തരം പറയേണ്ടത് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്‌കൈലിഫ്റ്റ് ഇല്ലാതിരുന്നതിന്റെ പേരില്‍ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാതിരുന്നിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷനേതാവെന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണ്. വെറുതെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്ന് വി എസ് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.