മണ്ണിന്റെ മക്കള്‍ വാദം അഖണ്ഡതക്ക് ഭീഷണി

Posted on: September 18, 2015 10:13 am | Last updated: September 18, 2015 at 10:13 am

മഹാരാഷ്ട്രയില്‍ മണ്ണിന്റെ മക്കള്‍ വാദവും ഭാഷാവെറിയും ശക്തിപ്പെടുകയാണ്. നവംബര്‍ ഒന്ന് മുതല്‍ മറാത്തി ഭാഷ സംസാരിക്കുന്നവര്‍ക്ക് മാത്രമേ ഓട്ടോറിക്ഷാ പെര്‍മിറ്റ് അനുവദിക്കുകയുള്ളുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ചു തീരുമാനമെടുത്തു കഴിഞ്ഞതായും നിലവില്‍ പെര്‍മിറ്റുള്ളവരെ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കുമെന്നും മഹാരാഷട്ര ഗതാഗത മന്ത്രി ദിവാകര്‍ റാവത്ത് അറിയിച്ചു. സര്‍ക്കാര്‍ അടുത്തിടെ നടത്തിയ സര്‍വേയില്‍ സംസ്ഥാനത്തെ 70 ശതമാനം ഓട്ടോറിക്ഷക്കാരും സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. ലക്ഷക്കണക്കിന് ഓട്ടോകള്‍ ഓടുന്നുണ്ട് മഹാരാഷ്ട്രയില്‍. മുംബൈ നഗരത്തില്‍ മാത്രം 11 ലക്ഷത്തിലേറെ ഓട്ടോ പെര്‍മിറ്റുകളുണ്ട്. ഇവരില്‍ ഏറെയും ഉത്തരേന്ത്യക്കാരായതിനാല്‍ അവരെയാണ് ഈ തീരുമാനം കൂടുതല്‍ ബാധിക്കുക.
മറാത്തികളില്‍ രാഷ്ട്രീയ സ്വാധീനം നേടാന്‍ ശിവസേനാ നേതാവ് ബാല്‍താക്കറെ സ്വീകരിച്ച കുത്സിത മാര്‍ഗമാണ് മണ്ണിന്റെ മക്കള്‍ വാദം. മഹാരാഷ്ട്രയിലെ ജോലികളും പദവികളും തദ്ദേശീയര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അവിടെ തൊഴിലെടുക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്ന ഇതര സംസ്ഥാനക്കാരെല്ലാം സംസ്ഥാനം വിട്ടുപോകണമെന്നുമായിരുന്നു ബാല്‍താക്കറെയുടെ നിലപാട്. രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായ മുംബൈ നഗരത്തെ ഈ വാദം ഉയര്‍ത്തിപ്പിടിച്ചു നാല് സംവത്സരക്കാലം അദ്ദേഹം വിറപ്പിക്കുകയുണ്ടായി. ഇപ്പേരില്‍ അന്യസംസ്ഥാനക്കാര്‍ക്കെതിരെ ശിവസേന ക്രൂരമായ അക്രണം അഴിച്ചുവിട്ടു. തെക്കേ ഇന്ത്യക്കാരെയാണ് തുടക്കത്തില്‍ വേട്ടയാടിയത്. ഉഡുപ്പി ഹോട്ടലുകളും മലയാളികളുടെ വഴിവാണിഭണങ്ങളും ആക്രമണത്തിന് വിധേയരായി. അവരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും കൊള്ളയടിക്കുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ട് നിരവധി മലയാളികളും തമിഴരും അന്ന് മുംബൈ വിടേണ്ടിവന്നു. അടുത്ത കാലത്തായി ഉത്തരേന്ത്യക്കാര്‍ക്കെതിരെയും അക്രമം വ്യാപിപ്പിച്ചിട്ടുണ്ട്. മുബൈ നഗരത്തിലെ ബീഹാറികളെയും യു പിക്കാരെയും നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ചു ഇപ്പോള്‍ അവരെയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
ബാല്‍താക്കറെയുടെ മരണത്തോടെ മഹാരാഷ്ട്രയിലെ മണ്ണിന്റെ മക്കള്‍ വാദം കെട്ടടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ശിവസേന പിളരുകയും താക്കറെയുടെ മരുമകന്‍ രാജ്താക്കറെ നവ നിര്‍മാണ്‍ സേന രൂപവത്കരിച്ചു പാര്‍ട്ടിയില്‍ നിന്ന് വേറിട്ടുപോകുകയും ചെയ്തതോടെ ഇത് പൂര്‍വോപരി ശക്തിപ്പെടുകയാണുണ്ടായത്. മണ്ണിന്റെ മക്കള്‍ വാദത്തില്‍ തങ്ങളാണ് കൂടുതല്‍ തീവ്രമെന്ന് വരുത്തിത്തീര്‍ക്കാനുള്ള മത്സരത്തിലാണ് ഇപ്പോള്‍ ഇരു പാര്‍ട്ടികളും. തന്റെ പാര്‍ട്ടി അധികാരത്തിന്‍ വന്നാല്‍ മഹാരാഷ്ട്രയിലെ ജോലി മറാത്തികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും മറ്റു സംസ്ഥാനക്കാരെ അതിര്‍ത്തിയില്‍ തടയുമെന്നുമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജ്താക്കറെയുടെ മുഖ്യവാഗ്ദാനം. ആദ്യഘട്ടത്തില്‍ ബാല്‍താക്കറെയുടെ ഈ ഫാസിസത്തിന് കൂട്ടുനിന്ന ബി ജെ പിയും ആര്‍ എസ് എസും ശിവസേനയുടെയും നവ നിര്‍മാണ്‍ സേനയുടെയും കുന്തമുന വടക്കന്‍ സംസ്ഥാനങ്ങളിലെ ഹിന്ദിക്കാര്‍ക്ക് നേരെ കൂടി നീണ്ടതോടെയാണ് കണ്ണ് തുറന്നത്. മഹാരാഷ്ട്രയിലെ ജോഗേശ്വരിയിലെ വടക്കേ ഇന്ത്യക്കാരായ കച്ചവടക്കാര്‍ക്ക് നേരെ നവ നിര്‍മാണ്‍ സേന അടുത്തിടെ ആക്രമണം നടത്തിയിരുന്നു. സംഘടിച്ചെത്തിയ സേനാ പ്രവര്‍ത്തകര്‍ കച്ചവടക്കാരുടെ കടകള്‍ തല്ലിത്തകര്‍ക്കുകയും ഉടമകളെ ക്രൂരമായി മര്‍ദിക്കുകയയും ചെയ്തു. മഹാരാഷ്ട്രക്ക് പുറത്തു നിന്നുള്ളവര്‍ തങ്ങളുടെ ജോലിയും അവകാശങ്ങളും തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. റെയില്‍വേ ബോര്‍ഡ് പരീക്ഷ എഴുതാനായി മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ഹിന്ദിക്കാരുള്‍പ്പെടെയുള്ള അന്യസംസ്ഥാനക്കാരായ ഉദ്യോഗാര്‍ഥികളെയു അവര്‍ മൃഗീയമായി ആക്രമിച്ചു. ഇതോടെ ബി ജെ പിയും ആര്‍ എസ് എസും മണ്ണിന്റെ മക്കള്‍ വാദത്തെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതരായി. മുംബെ എല്ലാ ഇന്ത്യക്കാരുടേതുമാണെന്നും രാജ്യത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും അവിടെ ജോലി ചെയ്യാന്‍ അവകാശമുണ്ടെന്നുമാണ് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് ഇതിനിടെ പ്രസ്താവിച്ചത്.
അത്യന്തം അപകടകരമാണ് മണ്ണിന്റ മക്കള്‍ വാദം. ഭാഷയും വസ്ത്രവും വ്യത്യസ്തമാണെങ്കിലും ഇന്ത്യക്കാരെല്ലാം തുല്യരാണ്. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും രാജ്യത്തിന്റെ ഏതു ഭാഗത്ത് ജോലി ചെയ്യാനും താമസിക്കാനും അവകാശമുണ്ടെന്ന് ഭരണഘടനയുടെ 19(1)(ഇ) വ്യക്തമാക്കുന്നു. ഒരൊറ്റ ഇന്ത്യ, ഒരേയൊരു ജനത എന്ന ദേശീയ ബോധത്തിലൂന്നിയ മുദ്രാവാക്യം കൈവെടിഞ്ഞു മറ്റു സംസ്ഥാനക്കാരും ഇതുപോലെ മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്താന്‍ തുടങ്ങിയാല്‍ രാജ്യത്തിന്റെ ഭാവി എന്താകും? ബാല്‍താക്കറെയുടെ നിലപാടിനെ തുടക്കത്തിലെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാറുകള്‍ കാണിച്ച അലംഭാവമാണ് അത് കൂടുതല്‍ കൂടുതല്‍ തീവ്രമാകാന്‍ കാരണം. മറാത്തക്കാരുടെ വോട്ട് ബേങ്കില്‍ കണ്ണുവെച്ചാണ് അന്ന് കോണ്‍ഗ്രസ് അതിന് നേരെ കണ്ണടച്ചത്. തുടക്കത്തിലേ നുള്ളിക്കളയേണ്ടതായിരുന്നു ഇത്തരം വിഘടനവാദങ്ങള്‍. സര്‍ക്കാര്‍ ഇനിയും ഉദാസീനത തുടര്‍ന്നാല്‍ രാജ്യത്തിന്റെ അഖണ്ഡത അപകടത്തിലാകും.