Connect with us

Wayanad

മന്ത്രിയുടെ പ്രസ്താവന അധികാര ദുര്‍വിനിയോഗം-സത്യന്‍ മൊകേരി

Published

|

Last Updated

മാനന്തവാടി: ജില്ലയിലെ കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ജില്ലാ കലക്ടറുടെ തീരുമാനം താല്‍ക്കാലികമായി റദ്ദ് ചെയ്തുവെന്ന മന്ത്രി മഞ്ഞളാംകുഴി അലിയുടെ പ്രസ്താവന അധികാര ദുര്‍വിനിയോഗമാണെന്ന് സി പി ഐ സംസ്ഥാന അസി. അസി. സെക്രട്ടറി സത്യന്‍ മൊകേരി മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യുവാനുള്ള അധികാരം മന്ത്രിക്കില്ല.
മന്ത്രിയുടെ പ്രസ്താവന വന്‍കിട ഫഌറ്റ് റിസോര്‍ട്ട് ലോബിയുടെ തല്‍പര്യം സംരക്ഷിക്കാനാണ്. ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കമാണ് വന്‍കിട റിയല്‍ എസ്റ്റേറ്റ് ഫഌറ്റ് ലോബികള്‍ നടത്തുന്നത്. ഇതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.
ജില്ലയുടെ പരിസ്ഥിതി സംരക്ഷിക്കുന്ന വിധത്തിലുള്ള റിസോര്‍ട്ടുകളും ഫളാറ്റുകളുമാണ് വയനാടിന് വേണ്ടത്. ഇത് സംബന്ധമായ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളജിന്റെ ചികിത്സാ വിഭാഗം ഗാന്ധിജയന്തി ദിനത്തില്‍ താല്‍ക്കാലികമായി ജില്ലാ ആശുപത്രിയില്‍ ആരംഭിക്കണം.
ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മൂന്നു ആദിവാസി കുഞ്ഞുങ്ങള്‍ മരണപ്പെട്ടത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല. സംഭവം മനുഷ്യ-ബാല-വനിതാവകാശങ്ങളുടെ ലംഘനമാണ്. ബന്ധപ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും സത്യന്‍ മൊകേരി ആവശ്യപ്പെട്ടു. ഇ ജെ ബാബു, പി കെ മൂര്‍ത്തി, പി ജി വിശ്വംഭരന്‍, സി എസ് സ്റ്റാന്‍ലി എന്നിവരും പങ്കെടുത്തു.

Latest