വികിരണ ലോകത്തെ അടുത്തറിയാന്‍ റീജനല്‍ സയന്‍സ് സെന്ററില്‍ പ്രദര്‍ശനം

Posted on: September 18, 2015 9:52 am | Last updated: September 18, 2015 at 9:52 am

കോഴിക്കോട്: റേഡിയേഷനെ സംബന്ധിച്ച് സമുഹത്തില്‍ നിലനില്‍ക്കുന്ന മിഥ്യാധാരണകളെ കുറിച്ചും അവക്ക് പിന്നിലെ യാഥാര്‍ഥ്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയത് കോഴിക്കോട് റീജയനല്‍ സയന്‍സ് സെന്ററില്‍ പ്രദര്‍ശനം. എല്ലായിടത്തും റേഡിയേഷനുണ്ട്. നമ്മുടെ നിലനില്‍പ്പ് തന്നെ റേഡിയേഷനുമായി ബന്ധപ്പെട്ട് കിടക്കുന്നു.
നിത്യജീവിതത്തില്‍ നേരാം വണ്ണം ഉപയോഗപ്പെടുത്താറുമുണ്ട്. എന്നാല്‍ ചില വികിരണങ്ങളുമായുള്ള അമിത സമ്പര്‍ക്കം വളരെയധികം അപകടകരമാണെന്നതിനാല്‍ നാം ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും പ്രദര്‍ശനം നല്‍കുന്നു. വികിരണങ്ങള്‍ മിക്കവയും സ്വാഭാവിക പ്രഭവകേന്ദ്രങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്നവയാണ്. ഏതാനും ചിലത് മനുഷ്യനിര്‍മിതവുമാണ്.സ്വാഭാവികവും മനുഷ്യനിര്‍മിതമായ വികിരണങ്ങള്‍ മനുഷ്യക്ഷേമത്തിനായി ഉപയോഗപ്പെടുത്തുന്നു. വികിരണങ്ങളുടെ വിവിധ ഉപയോഗങ്ങളെ പരിചയപ്പെടുന്നതിനും നിത്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും അവയുണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് അറിയുന്നതിനും സഹായകരമാകുന്നതാണ് പ്രദര്‍ശനം. മോഡലുകളും പാനലുകളും ക്വിസ് കോര്‍ണ്ണറുമൊക്കെ ഒരുക്കിയാണ് വികിരണങ്ങളുടെ ലോകത്തെ പരിചയപ്പെടുത്തുന്നത്. കാര്‍ഷിക വ്യാവസായിക മേഖലകളില്‍ റേഡിയേഷന്റെ സാധ്യതകളെയും ന്യൂക്ലിയര്‍് റിയാക്ടറില്‍ എങ്ങിനെ ന്യൂക്ലിയാര്‍ ഊര്‍ജ്ജം ഉത്ഭവിക്കുന്നുവെന്നും പരിചയപ്പെടുത്തുന്ന പ്രദര്‍ശനം ഇതോടൊപ്പമുണ്ട്.
രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും റേഡിയേഷന്റെ സാധ്യതകളെ കുറിച്ച് വ്യക്തമാക്കുന്ന ന്യൂക്ലിയര്‍ മെഡിസിന്‍ എന്ന പ്രദര്‍ശിനിയും എക്‌സിബിഷനിലുണ്ട്. ഒരാള്‍ക്ക് ഒരു വര്‍ഷം ഏല്‍ക്കേണ്ടി വരുന്ന റേഡിയേഷന്റെ അളവ് തിട്ടപ്പെടുത്താന്‍ സഹായിക്കുന്ന പ്രദര്‍ശിനിയും ഒരുക്കിയിട്ടുണ്ട്.ഹിരോഷിമയില്‍ ഫുക്കുഷിമ ദുരന്തത്തെ തുടര്‍ന്നനുഭവിക്കേണ്ടി വന്ന റേഡിയേഷന്റെ ഭീകരമുഖവും പ്രദര്‍ശനത്തില്‍ വിശകലനം ചെയ്യുന്നു. അടുത്ത മാസം 30 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം എ പ്രദീപ ്കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ വി എസ് രാമചന്ദ്രന്‍, കെ ബിനോജ്,ജയന്ത് ഗാംഗുലി എന്നിവരും സംബന്ധിച്ചു.