ക്ലോക്കുണ്ടാക്കിയതിന് അറസ്റ്റിലായ കുട്ടിക്ക് വൈറ്റ് ഹൗസിലേക്ക് ക്ഷണം

Posted on: September 17, 2015 7:34 pm | Last updated: September 18, 2015 at 3:02 pm

ahmed
വാഷിംഗ്ടണ്‍: വീട്ടില്‍ നിര്‍മിച്ച ക്ലോക്ക് സ്‌കൂളില്‍ കൊണ്ടു വന്നപ്പോള്‍ ബോംബാണെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥി യു എസിലെ താരമാകുന്നു. അബദ്ധം തിരിച്ചറിഞ്ഞതോടെ വിദ്യാര്‍ഥിക്ക് വൈറ്റ് ഹൗസില്‍ നിന്നടക്കം ക്ഷണം ലഭിച്ചിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ക്ലോക്കുമായി വൈറ്റ് ഹൗസിലേക്ക് വരാന്‍ പറ്റുമോ എന്നാണ് അഹമ്മദ് മുഹമ്മദ് എന്ന 14കാരനോട് ചോദിച്ചിരിക്കുന്നത്. അഹമ്മദിന്റെ ശ്രമത്തെ പുകഴ്ത്തിയ ഒബാമ അഹമ്മദിനെപ്പോലുള്ള കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കി.

വൈറ്റ്ഹൗസിന് പുറമെ ഫേസ്ബുക്കിലേക്കും ഗൂഗിളിലേക്കും അഹമ്മദിന് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്തെങ്കിലും നിര്‍മിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയല്ല പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ക്ലോക്കുമായി വരൂ എന്നാണ് ഗൂഗിള്‍ അഹമ്മദിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

14കാരനായ അഹ്മദ് മുഹമ്മദ് എന്ന വിദ്യാര്‍ഥിയെ വീട്ടിലുണ്ടാക്കിയ ക്ലോക്ക് സ്‌കൂളില്‍ കൊണ്ടുവന്നതാണ് പ്രശ്‌നമായത്. ക്ലോക്ക് കണ്ട് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ഉദ്യോഗസ്ഥനും പ്രിന്‍സിപ്പലും വന്ന് അഞ്ച് പോലീസുകാരുള്ള മുറിയിലേക്ക് തന്നെ കൊണ്ട് പോവുകയായിരുന്നുവെന്ന് ഡള്ളാസ് ചാനലിനോട് തന്റെ വീട്ടിലെ ഇലക്‌ട്രോണിക്ക് വര്‍ക്ക് ഷോപ്പില്‍ നിന്നുള്ള വീഡിയോ അഭിമുഖത്തില്‍ അഹ്മദ് മുഹമ്മദ് പറഞ്ഞു.

clock boy us

ബോംബുണ്ടാക്കിയില്ലെന്ന് തീര്‍ത്തു പറഞ്ഞിട്ടും പോലീസ് കൂട്ടാക്കിയില്ല. ഉടനെ കസ്റ്റഡിയിലെടുത്ത് ജുവൈനല്‍ ഹോമിലേക്ക് കൊണ്ടു പോയി. ജുവൈനല്‍ ഹോമില്‍ മുഹമ്മദ് കൈ വിലങ്ങ് ഇട്ടു നില്‍ക്കുന്ന ചിത്രം ട്വിറ്ററിലൂടെ പ്രചരിക്കുന്നുണ്ട്. ഒടുവില്‍ അബദ്ധം മനസ്സിലാക്കിയ പോലീസ് ബാലനെ വിട്ടയക്കുകയായിരുന്നു.

ഈ അറസ്റ്റ് കടുത്ത വംശീയതയാണെന്ന് അഹമ്മദിന്റെ പിതാവ് മുഹമ്മദ് അല്‍ ഹസ്സന്‍ പറഞ്ഞു. ഈ സംഭവം ഇസ്‌ലാമിക വിരുദ്ധതയില്‍ നിന്നുണ്ടായ വിവേചനമാണെന്നും ഇത് പ്രശ്‌നങ്ങളെ ഗുരുതരമാക്കുമെന്നും സിറ്റി മേയര്‍ ബെത്ത് വാന്‍ ഡ്യൂന്‍ അഭിപ്രായപ്പെട്ടു. സുഡാനില്‍ നിന്ന് കുടുയേറിയതാണ് മുഹമ്മദ് അല്‍ഹുസൈന്‍.