തെരുവ് നായശല്യം: സേഫ് കേരള പദ്ധതി നടപ്പാക്കും

Posted on: September 17, 2015 6:26 am | Last updated: September 18, 2015 at 3:01 pm

dogതിരുവനന്തപുരം: തെരുവുനായശല്യം തടയുന്നതിന് സേഫ് കേരള പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നായകളുടെ കടിയേറ്റ് ആശുപത്രിയിലെത്തുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും. നായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി എത്തിക്കുന്നവര്‍ക്ക് 250 രൂപ വീതം നല്‍കുന്നതിന് പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവായി. തെരുവുനായ്ക്കളുടെ ശല്യം തടയുന്നതിന് സര്‍ക്കാര്‍ രൂപവത്കരിച്ച കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. വന്ധ്യംകരണത്തിന് വിധേയമാക്കിയശേഷം തിരികെവിടുന്ന നായകള്‍ക്ക് ഒന്നിന് 250 രൂപ വീതം നല്‍കും. വന്ധ്യംകരിക്കുന്നതിനായി ക്ലിനിക്കുകളിലെത്തിക്കുന്ന വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കും 250 രൂപ വീതം നല്‍കും. നിലവില്‍ 50 വന്ധ്യംകരണ കേന്ദ്രങ്ങളാണ് ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. 100 കേന്ദ്രങ്ങള്‍കൂടി ഉടന്‍ തുറക്കും. ഓരോ ബ്ലോക്കിലും ഓരോ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് തീരുമാനമെന്ന് തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് അറിയിച്ചു.
അക്രമകാരികളായ തെരുവ്‌നായ്ക്കളുടെ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ വിവേചനാധികാരം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടകാരികളായ നായ്ക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമപരമായ അധികാരം അവര്‍ക്കുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ഇതേക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തി. തെരുവുനായശല്യം സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നായ്ക്കളെ പിടികൂടി കൊല്ലുന്നതിന് സര്‍ക്കാരിന് പേടിയുണ്ടോയെന്ന ചോദ്യത്തിന്, കൊല്ലുക എന്നത് പദ്ധതിയിലില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഏതായാലും മനുഷ്യജീവനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. കുട്ടികള്‍, സ്ത്രീകള്‍, പ്രായമായര്‍ എന്നിവരെ നായ്ക്കള്‍ ആക്രമിക്കുന്നത് സംബന്ധിച്ച് പരാതികള്‍ ഏറെയുണ്ട്. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സ്‌കീം വിജയകരമായി നടപ്പാക്കുന്നുണ്ട്. ഈ പദ്ധതി കൂടുതല്‍ മൃഗാശുപത്രികളിലേക്ക് വ്യാപിപ്പിക്കും.
പദ്ധതിയുടെ നടത്തിപ്പിനായി കൂടുതല്‍ പണം അനുവദിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. അക്രമകാരികളായ നായ്ക്കള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. അത് നടപ്പാക്കാനുള്ള നിയമപരമായ അധികാരം അവര്‍ക്കുണ്ട്. ആ അധികാരപരിധിയില്‍ നിന്നുകൊണ്ട് ആകുന്നത് ചെയ്യുകയാണ് വേണ്ടത്. വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.