Connect with us

Wayanad

കാട്ടുപോത്തുകള്‍ കാടിറങ്ങുന്നു; ഒരു മാസത്തിനിടെ നാല് പേര്‍ക്ക് പരിക്കേറ്റു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: വയനാടന്‍ കാടുകളില്‍ കാട്ടുപോത്തുകളുടെ എണ്ണം പെരുകിയത് വനമേഖലയോട് ചേര്‍ന്ന കര്‍ഷകര്‍ക്ക് ദുരിതമാവുന്നു. മുമ്പെങ്ങുമില്ലാത്തവിധം കാട്ടുപോത്തുകളുടെ എണ്ണം വര്‍ധിച്ചത് മൂലം വനമേഖലയിലെ പാതകള്‍ മുറിച്ചുകടക്കുന്നതിനിടയില്‍ വാഹനമിടിച്ച് ചാവുന്ന കാട്ടുപോത്തുകളുടെ എണ്ണവും കൂടുകയാണ്.
കാടിറങ്ങുന്ന കാട്ടുപോത്തിന്റെ അക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഒരു മാസത്തിനിടയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം നാലായി. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി പാതയില്‍ ഒരു കാട്ടുപോത്ത് വാഹനമിടിച്ച് ചാവുകയും ചെയ്തു.
കാടുകളില്‍ കാട്ടുപോത്തുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് ഇവ കൂട്ടത്തോടെ കാടിറങ്ങുന്നതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. വയനാട് വന്യജീവി സങ്കേതത്തോടു ചേര്‍ന്നുകിടക്കുന്ന കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള, തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതങ്ങളിലെ വെയിലിന്റെ കഠിന്യവും പച്ചപ്പില്ലാത്തതുമാണ് വയനാടന്‍ കാടുകളില്‍ കാട്ടുപോത്തുകളുടെ വര്‍ധനയക്കു കാരണം. സുഖശീതളമായ കാലാവസ്ഥ തന്നെയാണ് ഇവയെ വയനാടന്‍ കാടുകളില്‍ പിടിച്ചുനിര്‍ത്തുന്നത്. വയനാടന്‍ കാടുകളിലെ നീരൊഴുക്കും അവശേഷിക്കുന്ന ചതുപ്പും ഇവയുടെ സങ്കേതമാവാന്‍ കാരണമായി. കടുത്ത വേനല്‍ക്കാലത്ത് മാത്രം വന്നിരുന്ന കാട്ടുപോത്തുകള്‍ ഇപ്പോള്‍ വനാതിര്‍ത്തികളില്‍ സ്ഥിരം സാന്നിധ്യമാണ്.

Latest