ക്ലോക്ക് കണ്ട് ബോംബാണെന്ന് തെറ്റിദ്ധരിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥി അറസ്റ്റിലായി

Posted on: September 17, 2015 5:42 am | Last updated: September 17, 2015 at 12:44 am

വാഷിംഗ്ടണ്‍: വീട്ടില്‍ നിര്‍മിച്ച ക്ലോക്ക് സ്‌കൂളില്‍ കൊണ്ടു വന്ന വിദ്യാര്‍ഥിയെ ബോംബാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് അറസ്റ്റ് ചെയ്തു.
14കാരനായ അഹ്മദ് മുഹമ്മദ് എന്ന വിദ്യാര്‍ഥിയെ വീട്ടിലുണ്ടാക്കിയ ക്ലോക്ക് കണ്ട് ബോംബാണെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ഉദ്യോഗസ്ഥനും പ്രിന്‍സിപ്പലും വന്ന് അഞ്ച് പോലീസുകാരുള്ള മുറിയിലേക്ക് തന്നെ കൊണ്ട് പോവുകയായിരുന്നുവെന്ന് ഡള്ളാസ് ചാനലിനോട് തന്റെ വീട്ടിലെ ഇലക്‌ട്രോണിക്ക് വര്‍ക്ക് ഷോപ്പില്‍ നിന്നുള്ള വീഡിയോ അഭിമുഖത്തില്‍ അഹ്മദ് മുഹമ്മദ് പറഞ്ഞു. ബോംബുണ്ടാക്കിയില്ലെന്ന് തീര്‍ത്തു പറഞ്ഞിട്ടും പോലീസ് കൂട്ടാക്കിയില്ല. ഉടനെ കസ്റ്റഡിയിലെടുത്ത് ജുവൈനല്‍ ഹോമിലേക്ക് കൊണ്ടു പോയി. ജുവൈനല്‍ ഹോമില്‍ മുഹമ്മദ് കൈ വിലങ്ങ് ഇട്ടു നില്‍ക്കുന്ന ചിത്രം ട്വിറ്ററിലൂടെ പ്രചരിക്കുന്നുണ്ട്. ഒടുവില്‍ അബദ്ധം മനസ്സിലാക്കിയ പോലീസ് ബാലനെ വിട്ടയക്കുകയായിരുന്നു.
ഈ അറസ്റ്റ് കടുത്ത വംശീയതയാണെന്ന് അഹമ്മദിന്റെ പിതാവ് മുഹമ്മദ് അല്‍ ഹസ്സന്‍ പറഞ്ഞു. ഈ സംഭവം ഇസ്‌ലാമിക വിരുദ്ധതയില്‍ നിന്നുണ്ടായ വിവേചനമാണെന്നും ഇത് പ്രശ്‌നങ്ങളെ ഗുരുതരമാക്കുമെന്നും സിറ്റി മേയര്‍ ബെത്ത് വാന്‍ ഡ്യൂന്‍ അഭിപ്രായപ്പെട്ടു. സുഡാനില്‍ നിന്ന് കുടുയേറിയതാണ് മുഹമ്മദ് അല്‍ഹുസൈന്‍.