സിഖ്കാരനായ വൃദ്ധനെതിരെ വംശീയ അതിക്രമം: അമേരിക്കക്കാരന് 13 വര്‍ഷം തടവ്

Posted on: September 17, 2015 5:42 am | Last updated: September 17, 2015 at 12:42 am

വാഷിങ്ടണ്‍: സിഖ്കാരനായ വൃദ്ധനെ വംശീയ വിദ്വേഷത്തിന്റെ പേരില്‍ ക്രൂരമായി ആക്രമിച്ച അമേരിക്കക്കാരന് അമേരിക്കന്‍ കോടതി 13 വര്‍ഷം തടവ് വിധിച്ചു. കാലിഫോര്‍ണിയ സംസ്ഥാനത്ത് രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ ഗുരുദ്വാരക്ക് പുറത്തുവെച്ചാണ് 82കാരനായ സിഖ് വൃദ്ധനെ ഇരുമ്പ് ദണ്ഡുകൊണ്ട് ക്രൂരമായി മര്‍ദിച്ചത്. സമൂഹ സദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഗുരുദ്വാരയില്‍നിന്നും പുറത്തേക്കിറങ്ങിയ പിയാറ സിംഗിനെ അലറിവിളിച്ചെത്തിയ ഗാര്‍സിയ താലിബാനെയും മുസലിംകളെയും കുറിച്ച് ചിലത് പറഞ്ഞ് ആക്രമിക്കുകയായിരുന്നു. 2013 മെയ് അഞ്ചിനായിരുന്നു സംഭവം. കൈയിലെയും നെഞ്ചിലെയും എല്ലുകള്‍ പൊട്ടുകയും തലക്ക് മാരകമായി പരുക്കേല്‍ക്കുകയും ചെയ്ത സിംഗ് ഒരാഴ്ചയിലധികം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.