ഹൈടെക്ക് ജൈവകൃഷിയുമായി കുടുംബശ്രീ ഗ്രീന്‍ ടെക്‌നീഷ്യന്മാര്‍

Posted on: September 16, 2015 9:43 am | Last updated: September 16, 2015 at 9:43 am

കോഴിക്കോട്: കുടുംബശ്രീ ജില്ലാമിഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘ജൈവജ്യോതി 2015’ പദ്ധതിയുടെ ഭാഗമായി രംഗത്തിറക്കുന്ന ഗ്രീന്‍ ടെക്‌നീഷ്യന്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനത്തിന് തുടക്കമായി. ‘വിഷരഹിത ജൈവകൃഷി, ആരോഗ്യമുള്ള ജനത’ എന്ന ലക്ഷ്യവുമായാണ് മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതി പ്രകാരം കൃഷിയില്‍ തല്‍പ്പരരായ വനിതകളെ ഉള്‍പ്പെടുത്തി ജൈവകൃഷി സംഘടിപ്പിക്കാന്‍ കുടുംബശ്രീ തയ്യാറെടുക്കുന്നത്. തരിശുനിലങ്ങളിലും പാര്‍പ്പിടങ്ങളുടെ മട്ടുപ്പാവിലും വിവിധ ഇനം പച്ചക്കറികളും മറ്റും ജൈവരീതിയിലൂടെ കൃഷി ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജൈവകൃഷിക്കാവശ്യമായ ഗ്രോബാഗ് നിര്‍മ്മാണം, ഗ്രോബാഗ് റീഫില്ലിംഗ്, ജൈവവള – കീടനാശിനികളുടെ നിര്‍മ്മാണവും വിതരണവും, ബയോ കമ്പോസ്റ്റിംഗ്, ജൈവ നഴ്‌സറികളിലൂടെ അത്യുല്‍പ്പാദനശേഷിയുള്ള തൈകളുടെ ഉല്‍പ്പാദനവും പരിപാലനവും എന്നീ പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകരെ സഹായിക്കുകയാണ് കുടുംബശ്രീ ഗ്രീന്‍ ടെക്‌നീഷ്യന്‍മാരുടെ ചുമതല. ഇവര്‍ക്കാവശ്യമായ സാങ്കേതിക പരിശീലനം ലഭ്യമാക്കാനാണ് ഈ രംഗത്തെ വിദഗ്ദരുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന പരിശീലനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സംരംഭക ഗ്രൂപ്പ് രൂപീകരിക്കാനും ഈ മാസാവസാനത്തോടെ ഇവരെ കര്‍മ്മപഥത്തിലെത്തിക്കാനുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് പുറമെ മറ്റ് കര്‍ഷകര്‍ക്കും വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ക്കും ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാകും.
കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി പി മുഹമ്മദ് ബഷീര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സയ്യിദ് അക്ബര്‍ ബാദ്ഷ ഖാന്‍ അധ്യക്ഷത വഹിച്ചു. ഏക്‌സാത്ത് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് പരിശീലകന്‍ ഇ ടി അനില്‍കുമാര്‍, പുതുപ്പാടി കൃഷി അസിസ്റ്റന്റ് സുബ്രഹ്മണ്യന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പരിശീലനം ബുധനാഴ്ച സമാപിക്കും.