സര്‍ക്കാര്‍ ഡോക്ടറുമാരുടെ സമരം പിന്‍വലിച്ചു

Posted on: September 15, 2015 7:10 pm | Last updated: September 17, 2015 at 12:20 am

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഒരാഴ്ചയായി നടത്തി വന്ന സമരം പിന്‍വലിച്ചു. കെ ജി എം ഒ എ ഭാരവാഹികളുമായി ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ സെക്രട്ടേറിയറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. സമരക്കാരുടെ മുഖ്യ ആവശ്യമായ നൈറ്റ് ഡ്യൂട്ടി വിഷയത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തില്‍ ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം ക്രമപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. നൈറ്റ് ഡ്യൂട്ടിയുള്ള ദിവസം ഡേ ഡ്യൂട്ടി ചെയ്യണമെന്ന് ഡോക്ടര്‍മാരെ നിര്‍ബന്ധിക്കില്ല. എന്നാല്‍ ഒ പി, സര്‍ജറി, ലേബര്‍ റൂം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ ക്രമീകരണങ്ങള്‍ ബാധിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ടുമാര്‍ ഉറപ്പു വരുത്തണം.
എന്നാല്‍, സമരത്തിനോടനുബന്ധിച്ച് കൂട്ട അവധി എടുത്ത നടപടി അംഗീകരിക്കാനാകില്ല. അവധിയെടുത്തത് മാനദണ്ഡങ്ങള്‍ പാലിച്ചാണോ എന്ന് പരിശോധിക്കും. ഇക്കാര്യം പരിശോധിച്ച് വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കമെന്നും മന്ത്രി വ്യക്തമാക്കി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ നിസ്സഹകരണ സമരം പ്രഖ്യാപിച്ചിരുന്നു. നോട്ടീസ് നല്‍കാതെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. സമ്പൂര്‍ണ നിസ്സഹകരണ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമരക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കുമെന്ന സര്‍ക്കാറും നിലപാട് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ചക്കു ശേഷം സമരം അവസാനിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. നിലവില്‍ കാഷ്വാലിറ്റി സംവിധാനങ്ങളില്ലാത്ത താലൂക്കാശുപത്രികളില്‍ അവ ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കും. ഡോക്ടര്‍മാരുടെ അഭാവം നിലനില്‍ക്കുന്ന താലൂക്ക് ആശുപത്രികളില്‍ രണ്ടു ഘട്ടമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ചര്‍ച്ചയില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ഡയറക്ടര്‍ ഡോ. എസ് ജയശങ്കര്‍, കെ ജി എം ഒ എ പ്രസിഡന്റ് ഡോ. പ്രമീളാദേവി, സെക്രട്ടറി ഡോ. ജോസഫ് ചാക്കോ, ട്രഷറര്‍ കെ സി രമേശന്‍, ഡോ. സുരേഷ് ബാബു, ഡോ. റഊഫ്, ഡോ. വിജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.