കൈകളില്ലെങ്കിലും തോല്‍ക്കാത്ത മനസ്സും ഉള്‍ക്കരുത്തുമായ് പ്രണവ്

Posted on: September 15, 2015 9:42 am | Last updated: September 15, 2015 at 9:42 am

പാലക്കാട്: ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ സമഗ്ര പാലിയേറ്റിവ് പരിചരണ പദ്ധതി പ്രഖ്യാപന ചടങ്ങില്‍ ഇരുകൈകളുമില്ലാതെ കാലുകൊണ്ട് നിലവിളക്ക് കത്തിക്കുന്ന പ്രണവിനെ കണ്ടപ്പോള്‍ കണ്ടുനിന്നവരുടെ ഹൃദയത്തില്‍ ഒരു തേങ്ങല്‍ അനുഭവപ്പെട്ടു.
ആലത്തൂര്‍ കാട്ടുശ്ശേരി ബാലസുബ്രഹ്മണ്യന്റെയും സ്വര്‍ണ്ണകുമാരിയുടെയും രണ്ടാമത്തെ മകനായ പ്രണവിന് ജന്മനാ ഇരുകൈകളുമില്ല. കൈകളില്ലെങ്കിലും കലാ-കായികരംഗത്തെ താരമാണ് പ്രണവ്. പത്താംക്ലാസ് പരീക്ഷയ്ക്ക് കാലുകൊണ്ട് പരീക്ഷയെഴുതി 85 ശതമാനം മാര്‍ക്ക് വാങ്ങിയാണ് പ്രണവ് വിജയം കൈവരിച്ചത്.
ആലത്തൂര്‍ എ എസ് എം എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു കോമേഴ്‌സിന് പഠിക്കുകയാണ് പ്രണവ്. ലോക വികലാംഗദിനത്തില്‍ അമ്പത് മീറ്റര്‍ ഓട്ടത്തിലും നടത്തത്തിലും ഒന്നാം സ്ഥാനവും കോഴിക്കോട് നടന്ന സംസ്ഥാന മത്സരത്തില്‍ ഓട്ടത്തിലും ഒന്നാംസ്ഥാനം നേടി. കൈകളില്ലെങ്കിലും സൈക്കിള്‍ ചവിട്ടാനും പഠിച്ചു കഴിഞ്ഞു ഈ കൊച്ചുമിടുക്കന്‍. തന്റെ നേട്ടങ്ങള്‍ക്കെല്ലാം കാരണക്കാര്‍ അച്ഛനുമമ്മയുമാണെന്നാണ് പ്രണവ് പറയുന്നത്. സാധാരണ വീടുകളില്‍ വികലാംഗരായ കുട്ടികള്‍ ജനിച്ചാല്‍ നാലുചുവരുകള്‍ക്കുള്ളില്‍ തളച്ചിടുകയാണ് പതിവ്. അച്ഛനമ്മമാരുടെയും തന്റെയും ആത്മവിശ്വാസം കൊണ്ടാണ് തനിക്ക് എവിടെയും വിജയം നേടാനായതെന്നും എവറസ്റ്റ് കീഴടക്കിയ ടെന്‍സിങ്ങിന്റെയും ഹിലാരിയുടെയും വിജയത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രണവ് പറഞ്ഞു. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് നമ്മുടെ മനസ്സിനെ ആദ്യം ബോധ്യപ്പെടുത്തണമെന്നും ഈശ്വരവിശ്വാസവും ഒപ്പം വേണമെന്നും തോല്‍വിയില്‍ നമ്മള്‍ നിരാശപ്പെടരുതെന്നും ഓരോ പരാജയങ്ങളും പഠനങ്ങളാണെന്നും പ്രണവ് പറയുന്നു.
ജീവിതത്തില്‍ ഒട്ടേറെ സ്വപ്‌നങ്ങള്‍ കാണുന്ന പ്രണവിന് പൈലറ്റാകാനാണ് മോഹം. മൂന്ന് വര്‍ഷം സംഗീതം അഭ്യസിച്ച പ്രണവ് മികച്ച ചിത്രകാരനുമാണ്. വേദിയില്‍ പ്രണവ് കാലുകൊണ്ട് ചിത്രം വരച്ചത് കൗതുകക്കാഴ്ചയായി. പ്രണവ് സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചതോടെ സ്വന്തമായി ഒരു സൈക്കില്‍ വേണമെന്നാണ് പ്രണവിന്റെ ആഗ്രഹം. വാടകവീട്ടില്‍ താമസിക്കുന്ന മരപ്പണിക്കാരനായ അച്ഛന് മകന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ കഴിയുന്നില്ല.
പ്രണവിന് ഒരു സഹോദരനുണ്ട്, പ്രവീണ്‍ ഡിഗ്രി ഇലക്‌ട്രോണിക്‌സ് രണ്ടാം വര്‍ഷം പഠിക്കുന്നു. ജീവിതത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ ഇനിയും നേടുവാനുണ്ടെന്ന് പറയുന്ന പ്രണവ് ആത്മവിശ്വാസത്തിന്റ നെറുകയില്‍ നിന്നുകൊണ്ട് പ്രതിസന്ധികളെ നേരിടാനാകട്ടെയെന്ന് നമുക്ക് ആശംസിക്കാം.