Connect with us

Articles

ഈ ഫെഡറേഷനില്‍ കണ്‍സ്യൂമര്‍ പുറത്താണ്

Published

|

Last Updated

അരി വില കുത്തനെ കൂടിയൊരു കാലം. നാടാകെ പ്രതിഷേധം. സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി മാധ്യമങ്ങളും. ആന്ധ്ര ലോബിയും മൊത്തക്കച്ചവടക്കാരും ചേര്‍ന്നുനിന്നപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അരി തന്നെ കിട്ടാത്ത സാഹചര്യം. എന്തുചെയ്യുമെന്നറിയാതെ സപ്ലൈകോയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും പകച്ചു നില്‍ക്കുന്നു. കണ്‍സ്യൂമര്‍ ഫെഡ് എന്ന സ്ഥാപനത്തിന്റെ വിലയെന്തെന്ന് കേരളം അന്ന് തിരിച്ചറിഞ്ഞു. വകുപ്പ് മന്ത്രിയായിരുന്ന ജി സുധാകരന്‍ നടത്തിയ ശ്രമകരമായ ഇടപെടലിലൂടെ ബംഗാളില്‍ പോയി കണ്‍സ്യൂമര്‍ ഫെഡ് അരി കൊണ്ടുവന്നു. കേരളത്തിലെ അരിക്കച്ചവടം കുത്തകയാക്കി വെച്ചിരുന്ന ആന്ധ്രയിലെ മൊത്തക്കച്ചവടക്കാര്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഈ നീക്കം കണ്ട് മൂക്കത്ത് വിരല്‍ വെച്ച് പോയി. ബംഗാള്‍ അരിയുമായി വാഗണുകള്‍ കൊച്ചിയിലെത്തും മുമ്പെ കേരളത്തിലെ അരി വില പതുക്കെയാണെങ്കിലും താഴ്ന്നുതുടങ്ങിയിരുന്നു.
ഇത്രയും പറഞ്ഞത് വിവാദങ്ങള്‍ക്ക് മാത്രം വിലക്കയറ്റമുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ ഇന്നത്തെ അവസ്ഥ വിലയിരുത്താന്‍ വേണ്ടിയാണ്. സഹകരണ മേഖലയുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു ജനകീയ സ്ഥാപനം തകര്‍ന്നടിയുന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ജീവനക്കാര്‍ക്ക് ദിവസവും മുന്നൂറ് രൂപ വേതനം കൊടുക്കാന്‍ ബുദ്ധിമുട്ടുകയാണ് കണ്‍സ്യൂമര്‍ഫെഡ്. 1100 കോടി രൂപയാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ബാധ്യത. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയും ധൂര്‍ത്തും ഇന്നലെയും ഇന്നും മാത്രം വാര്‍ത്തയില്‍ നിറയുന്നതല്ല. ഇന്ന് ഈ സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ മാത്രമാണ് ഇതിന്റെ ഉത്തരവാദികളെന്ന നിരീക്ഷണവുമില്ല. പക്ഷേ, തിരുത്തേണ്ട പലതും ഇനിയും തിരുത്തുന്നില്ലെന്നതിന്റെ ഉത്തരവാദിത്വം ഇന്നുള്ളവര്‍ക്കാണ്. സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളൂടെ ജീവല്‍പ്രശ്‌നം കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തെ ഇല്ലാതാക്കിയാല്‍ വരുംതലമുറയോട് കാണിക്കുന്ന കൊടുപാതകമാകും അത്. കെ എസ് ആര്‍ ടി സിക്ക് ഇന്ന് വന്നുപെട്ടിരിക്കുന്ന ദുര്യോഗം ആരും മറക്കരുത്. കെ എസ് ആര്‍ ടി സിയെ ഈ സ്ഥിതിയിലെത്തിച്ചത് കാലകാലങ്ങളില്‍ ആ സ്ഥാപനത്തെ നയിച്ചവരും അവിടുത്തെ ഒരു വിഭാഗം തൊഴിലാളികളുമാണ്. ഇന്ന് പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമരം ചെയ്യുന്നവരില്‍ ചിലരെങ്കിലും ആ സ്ഥാപനത്തെ ഈ പരുവത്തിലാക്കിയതില്‍ ഉത്തരവാദിത്വമുള്ളവരാണ്.
വിലക്കയറ്റം തടയുകയെന്നതായിരുന്നു കണ്‍സ്യൂമര്‍ ഫെഡിന്റെ അടിസ്ഥാന ലക്ഷ്യം. ഈ ലക്ഷ്യത്തില്‍ നിന്ന് പൂര്‍ണമായി വ്യതിചലിച്ചിരിക്കുകയാണ് ഇന്ന് ഈ സ്ഥാപനം. വിവാദങ്ങളും തമ്മിലടിയും മാത്രമാണ് ഈ സ്ഥാപനത്തില്‍ ഇന്നത്തെ സ്ഥിതി. ചെയര്‍മാന്‍ ഒരു വഴിക്ക്. മാനേജിംഗ് ഡയറക്ടര്‍ മറ്റൊരു വഴിക്ക്. ഭരണസമിതി വേറൊരു ദിശയില്‍. ഇതിലൊന്നും പെടാതെ തൊഴിലാളികള്‍. കണ്‍സ്യൂമര്‍ ഫെഡ് സ്റ്റോറുകളെല്ലാം അവശ്യസാധനങ്ങളില്ലാതെ തുറന്ന് വെച്ചിരിക്കുകയാണ്. സ്‌റ്റോറുകള്‍ പലതും അടച്ച് പൂട്ടലിന്റെ വക്കില്‍. അവശ്യസാധനങ്ങള്‍ വാങ്ങിയ വകയില്‍ 324 കോടി രൂപയാണ് വിവിധ സ്ഥാപനങ്ങള്‍ക്ക് കണ്‍സ്യൂമര്‍ ഫെഡ് നല്‍കാനുള്ള കുടിശ്ശിക. കുടിശ്ശിക തീര്‍ക്കാതെ ഇനി സാധനങ്ങള്‍ തരില്ലെന്ന് മൊത്തക്കച്ചവടക്കാര്‍ നിലപാടെടുത്തതോടെ തുറന്ന് വെച്ചിരിക്കുന്ന സ്‌റ്റോറുകളില്‍ പോലും ഒന്നും വില്‍ക്കാനില്ലാതെയായി. കഴിഞ്ഞ ഓണക്കാലത്ത് വിപണി ഇടപെടലിനായി 25 കോടി രൂപ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഫെഡിന് കൊടുത്തു. ഓണം ഫെയറുകള്‍ തുറന്നതാകട്ടെ നഗരങ്ങളില്‍ മാത്രവും.
വില്‍ക്കാന്‍ ഒന്നുമില്ല, വിവാദത്തിനാകട്ടെ വന്‍ മാര്‍ക്കറ്റുമുണ്ട്- ഇതാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ഇന്നത്തെ അവസ്ഥ. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയും വെട്ടിപ്പും പുറത്ത് കൊണ്ടുവന്നത് വിജിലന്‍സ് അന്വേഷണമാണ്. ക്രമക്കേടുകളെക്കുറിച്ച മാധ്യമ വാര്‍ത്തകളത്തെുടര്‍ന്ന് “ഓപറേഷന്‍ അന്നപൂര്‍ണ” എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ റെയ്ഡില്‍ 60 കോടിയുടെ ക്രമക്കേടുകള്‍ വ്യക്തമായി. ഇതിനെ തുടര്‍ന്ന് എം ഡിയായിരുന്ന റിജി ജി നായരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മൂന്നു തവണ വിജിലന്‍സ് ശിപാര്‍ശ ചെയ്തു. എന്നാല്‍, പുതിയ നിയമനമടക്കം നല്‍കി സര്‍ക്കാറും ആഭ്യന്തര വകുപ്പും അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. ഒടുവില്‍ സ്വയം വിരമിക്കലിന് അവസരമൊരുക്കിയാണ് സസ്‌പെന്‍ഷന്‍ തീരുമാനം കൈക്കൊണ്ടത്. അന്നത്തെ വിജിലന്‍സ് അന്വേഷണത്തിന് പോലും ഭരണതലത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. പിന്നീട് ചാര്‍ജ്ജെടുത്ത ടോമിന്‍ ജെ തച്ചങ്കരി നടത്തിയ ആഭ്യന്തരഅന്വേഷണത്തില്‍ കൂടുതല്‍ വെട്ടിപ്പ് കണ്ടെത്തി. കണ്‍സ്യൂമര്‍ ഫെഡിന്റെ ചെയര്‍മാന്‍ പദവിയിലിരിക്കുന്ന ജോയ് തോമസിനെ പോലും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു തച്ചങ്കരിയുടെ റിപ്പോര്‍ട്ടുകള്‍. അഴിമതിയും ധൂര്‍ത്തും ക്രമക്കേടും കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം ശിപാര്‍ശ ചെയ്തു. ചെയര്‍മാന്‍ ജോയ് തോമസുമായി അദ്ദേഹം ഏറ്റുമുട്ടി.
ടോമിന്‍ ജെ തച്ചങ്കരി മുന്‍കൈയെടുത്ത് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ചെയര്‍മാന്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്നായിരുന്നു കണ്ടെത്തല്‍. ഔദ്യോഗിക വാഹനത്തിന്റെയും യാത്രകളുടെയും പേരില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചു. താമസത്തിനും ഭക്ഷണത്തിനുമായി മൂന്നര ലക്ഷത്തോളം രൂപ അനധികൃത അലവന്‍സ് ആയി ജോയ് തോമസ് എഴുതി എടുത്തതായും കണ്‍സ്യൂമര്‍ഫെഡ് വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു.
പ്രതിസന്ധിയില്‍ കണ്‍സ്യൂമര്‍ ഫെഡ് നട്ടം തിരിയുമ്പോഴും ധൂര്‍ത്തിലൂടെ ചെയര്‍മാന്‍ ജോയ് തോമസ് കണ്‍സ്യൂമര്‍ ഫെഡിനെ തകര്‍ക്കുകയാണെന്നായിരുന്നു തച്ചങ്കരിയുടെ കണ്ടെത്തല്‍. 2011 ആഗസ്റ്റ് മാസത്തില്‍ ചുമതലയേറ്റത് മുതല്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചതിന് 3,43,735 രൂപയാണ് ജോയ് തോമസ് അലവന്‍സ് ഇനത്തില്‍ എഴുതി എടുത്തത്. യാത്രക്കും താമസത്തിനും ഭക്ഷണത്തിനുമുള്ള ചിലവ് അതാതു ജില്ലകളിലെ ഓഫീസുകള്‍ വഹിക്കുമ്പോഴാണ് ഇത്രയും തുക അനധികൃതമായി എഴുതി എടുത്തത്. ഇതിന് പുറമേ ഡ്രൈവര്‍ സന്തോഷിന്റെ പേരില്‍ ഭക്ഷണത്തിനും ഇന്ധനത്തിനുമായി 9,17,940 രൂപയും ജോയ് തോമസ് എഴുതിയെടുത്തതായും കണ്ടെത്തി.
പ്രസിഡന്റ് ഉപയോഗിക്കുന്ന ഇന്നോവ കാര്‍ മറയാക്കി ലക്ഷങ്ങളാണ് തിരിമറി നടത്തിയത്. കാറിന്റെ ഇന്ധനത്തിന് ഇക്കാലയളവില്‍ 13 ലക്ഷം രൂപയും അറ്റകുറപ്പണിക്കായി ഏഴര ലക്ഷം രൂപയും ചിലവഴിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ചെയര്‍മാന്റെ കാര്‍ യാത്രക്ക് വന്നിരിക്കുന്ന ആകെ ചിലവ് 29,86,000 രൂപയാണ്. 2,30,000 കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ ജോയ് തോമസിന്റെ കാറിന്റെ 27 ടയറുകള്‍ മാറിയതായാണ് ബില്ല്. വാഹനത്തിന്റെ ടയര്‍ മാറ്റുന്നതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. ജോയി തോമസിന്റെ മകന്റെ വിവാഹത്തിന് തൊട്ടു മുമ്പ് പുതിയ കാര്‍ വേണമെന്ന നിര്‍ബന്ധത്തിലാണ് ഫോഡ് ഫീയസ്റ്റ മാറ്റി ഇന്നോവ വാങ്ങിയതെന്നും കണ്‍സ്യമര്‍ഫെഡ് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ ഒരു റിപ്പോര്‍ട്ടാണ് പ്രധാനമായും തച്ചങ്കരിയെ എം ഡി പദവിയില്‍ നിന്ന് തെറിപ്പിച്ചത്. അഴിമതി കഥകള്‍ വേറെയുമുണ്ട്. പലവ്യഞ്ജന മദ്യ ഇടപാടില്‍ നടന്നത് 60 കോടിയുടെ ക്രമക്കേട്. അഞ്ചു വര്‍ഷത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നടന്നത് 30 കോടിയുടെ അഴിമതി. ആസ്ഥാന ഓഫിസ് മുതല്‍ നന്മ സ്റ്റോറുകളില്‍ വരെ നടത്തിയ മോടിപിടിപ്പിക്കല്‍ അടക്കം പ്രവൃത്തികള്‍ക്ക് ചെലവഴിച്ചത് 45 കോടി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലര്‍ക്കും ചാകരയാകുകയായിരുന്നു. 15 കോടിയുടെ പണികള്‍ മാത്രം നടത്തി 30 കോടി ഉന്നതര്‍ അടിച്ചെടുക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
കണ്‍സ്യൂമര്‍ ഫെഡ് സ്‌പെഷ്യല്‍ പ്രോജക്ട് വിഭാഗത്തിലെ അഞ്ചു വര്‍ഷത്തെ കണക്ക് പരിശോധിച്ചപ്പോഴായിരുന്നു ഈ കണ്ടെത്തല്‍. 1852 ഫയലുകളില്‍ 50 എണ്ണം പരിശോധിച്ചപ്പോഴാണ് ചെലവഴിച്ചതിന്റെ ഇരട്ടി വെട്ടിപ്പ് കെണ്ടെത്തിയത്. സഹകരണ വകുപ്പിന്റെ അനുമതി വാങ്ങാതെയുള്ളതാണ് എല്ലാ നിര്‍മാണങ്ങളും. ആവശ്യമില്ലാത്ത പണികളാണ് ഏറെയും നടത്തിയത്. മേല്‍വിലാസങ്ങളും ക്വട്ടേഷനുകളും വ്യാജമായി നിര്‍മിച്ച് താത്പര്യമുള്ളവര്‍ക്കു മാത്രം നിര്‍മാണ കരാര്‍ നല്‍കി. പരിശോധനയുടെ ഫലമായി കത്തയച്ചപ്പോള്‍ ക്വട്ടേഷന്‍ സമര്‍പ്പിച്ച സ്ഥാപനങ്ങള്‍ നിലവിലില്ലെന്നായിരുന്നു തപാല്‍ വകുപ്പിന്റെ മറുപടി. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തപ്പോഴും കരാറുകാര്‍ക്ക് തുക നല്‍കുന്നതില്‍ അധികൃതര്‍ മുടക്കം വരുത്തിയില്ല. കൊല്ലം, തൃശൂര്‍, ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വാടകക്കെടുത്ത കെട്ടിടങ്ങള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് മോടിപിടിപ്പിച്ച ശേഷം ഒരുദിവസം പോലും ഉപയോഗിക്കാതെ തിരിച്ചുകൊടുത്ത സംഭവങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
തച്ചങ്കരി തെറിച്ചതോടെ കണ്‍സ്യൂമര്‍ ഫെഡിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അടങ്ങിയിട്ടില്ല. ജോയ് തോമസിനെ മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഉയര്‍ന്നിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. നയപരമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഉചിതമായ തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.