ഇനി നാല് വിമാനങ്ങള്‍; 1223 പേര്‍ യാത്രതിരിക്കും

Posted on: September 15, 2015 5:04 am | Last updated: September 15, 2015 at 12:05 am

HAJJ 2015നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി മൂന്ന് ദിവസം കൂടി എയര്‍ ഇന്ത്യ ഹജ്ജ് വിമാന സര്‍വീസ് നടത്തും. നാല് വിമാനങ്ങളാണ് സര്‍വീസ് നടത്തുക. 15, 16 തീയതികളില്‍ ഓരോ സര്‍വീസും 17ന് രണ്ട് സര്‍വീസുകളുമാണ്. മൂന്ന് ദിവസത്തെ നാല് സര്‍വീസുകളിലായി 1223 പേര്‍ ഹജ്ജ് കര്‍മത്തിന് യാത്ര തിരിക്കും.
ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ഏഴായിരത്തോളം പേര്‍ക്കാണ് കേരളം, ലക്ഷ്വദ്വീപ്, മാഹി എന്നിവിടങ്ങളിലായി അവസരം ലഭിച്ചിട്ടുള്ളത്. ആദ്യ ലിസ്റ്റില്‍ 6500 പേര്‍ക്കാണ് അവസരം കിട്ടിയത്. വെയ്റ്റിംഗ് ലിസ്റ്റിലെ 500ഓളം പേര്‍ക്കും ഹജ്ജിന് അവസരം ലഭിച്ചു. സെപ്തംബര്‍ രണ്ടിന് ആരംഭിച്ച ഹജ്ജ് യാത്ര 17ന് അവസാനിക്കും. ഇത്തവണ മക്കയിലേക്ക് നേരിട്ടാണ് ഹാജിമാരുടെ യാത്ര. മദീന വഴി കര്‍മങ്ങള്‍ നിര്‍വഹിച്ച് ഒക്‌ടോബര്‍ 15 മുതല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടിലേക്ക് തിരിക്കും.
ഇന്നലെ വരെ എയര്‍ ഇന്ത്യ നടത്തിയ 16 ഹജ്ജ് വിമാന സര്‍വീസുകളിലായി 5781 പേര്‍ യാത്രതിരിച്ചു. ഇനി പോകാനുള്ള 1223 പേരില്‍ 340 പേര്‍ ഇന്ന് പുറപ്പെടും. എയര്‍ ഇന്ത്യയുടെ എ ഐ 5433 വിമാനത്തില്‍ 165 പുരുഷന്മാരും 175 സ്ത്രീകളുമാണ് ഇന്ന് പുറപ്പെടുക. കണ്ണൂര്‍ രണ്ട്, കോഴിക്കോട് 132, മലപ്പുറം 118, പാലക്കാട് ഏഴ്, തൃശൂര്‍ 14, കൊല്ലം രണ്ട്, എറണാകുളം മൂന്ന്, ഇടുക്കി ഒന്ന്, പത്തനംതിട്ട 11, തിരുവനന്തപുരം 37, വയനാട് 13 എന്നിങ്ങനെയാണ് യാത്രക്കാര്‍ ഉള്ളത്. ഇന്നലെ ഉച്ചക്ക് 1.40ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ ഐ 5431 വിമാനത്തില്‍ 167 പുരുഷന്മാരും 173 സ്ത്രീകളും ഒരു വളണ്ടിയറുമടക്കം 341 പേരാണ് യാത്ര ചെയ്തത്. കൊല്ലം 20, കോട്ടയം 14, കോഴിക്കോട് 112, മലപ്പുറം 190, കാസര്‍കോട് രണ്ട്, ലക്ഷ്വദ്വീപ് രണ്ട് എന്നിങ്ങനെയാണ് യാത്രക്കാരുണ്ടായിരുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനതാവളം വഴിയുള്ള ഇത്തവണത്തെ ഹജ്ജ് യാത്രയില്‍ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. ഇന്നലെ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ക്യാമ്പ് സന്ദര്‍ശിച്ചു.