Connect with us

Kerala

നികുതി വളര്‍ച്ചാ നിരക്ക് ശതമാനം കുത്തനെ ഇടിഞ്ഞു

Published

|

Last Updated

തിരുവന്തപുരം: സംസ്ഥാനത്ത് വാണിജ്യ മേഖലയിലെ വിവിധ ലോബികള്‍ക്കും കുത്തകകള്‍ക്കും നികുതി വകുപ്പ് വന്‍തോതില്‍ നല്‍കിവരുന്ന നികുതി ഇളവ് തുടരുമ്പോള്‍ പൊതുഖജനാവിലേക്കുള്ള നികുതി വരുമാനം നാള്‍ക്ക് നാള്‍ കുറഞ്ഞു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ ആദ്യമാസമായ ജൂലൈയിലെ വാണിജ്യ നികുതി വരുമാന കണക്ക് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അവസാന മാസത്തെ കണക്കുകള്‍ പ്രകാരം നികുതി വരുമാന വളര്‍ച്ചാ നിരക്ക് ഒറ്റയക്കത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. സാമ്പത്തിക വര്‍ഷം ആദ്യ നാല് മാസം പിന്നിട്ടെങ്കിലും ഒറ്റത്തവണ പോലും പ്രതിമാസ നിശ്ചിത ലക്ഷ്യം കൈവരിക്കാനായിട്ടില്ല. ഇതിനിടയിലാണ് നികുതി വളര്‍ച്ചാ നിരക്ക് 11.39 ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യമായ 35480 കോടിയിലേക്കെത്താന്‍ 2956 കോടിയായിരുന്ന പ്രതിമാസ ലക്ഷ്യമായി നിശ്ചയിച്ചിരുന്നത്. ഇതുപ്രകാരം നാല് മാസത്തില്‍ 11824 കോടി രൂപയാണ് പിരിക്കേണ്ടത്. എന്നാല്‍ ഇക്കാലയളില്‍ 9050 രൂപ മാത്രമാണ് പിരിച്ചെടുത്തിരിക്കുന്നത്.
നിശ്ചിത തുകയില്‍ 2774 കോടിയുടെ കുറവ് നിലവില്‍ അനുഭവപ്പെട്ടിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകള്‍ ഉള്‍പ്പെടെ ഒട്ടേറെ നികുതി വരുമാന സ്രോതസ്സുകളുള്ള പാലക്കാട്, കൊല്ലം ജില്ലകളിലും, കോട്ടയത്തും നികുതി വളര്‍ച്ചാ നിരക്ക് അഞ്ചുശതമാനത്തില്‍ താഴെയാണ്.
ഏറ്റവും കൂടുതല്‍ നികുതി വരുമാനം ലഭിക്കുന്ന എറണാകുളം ഉള്‍പ്പെടെ 13 ജില്ലകളിലെ വരുമാനം കഴിഞ്ഞ മാസത്തേക്കാള്‍ കുറവാണ്. അതേ സമയം ധനകാര്യ വകുപ്പ് കച്ചവട ലോബികള്‍ക്കും കുത്തകകള്‍ക്കും അനുവദിച്ച ഇളവുകള്‍ ഇപ്പോഴും തുടരുകയാണ്. ധനകാര്യ വകുപ്പ് കച്ചവട ലോബികള്‍ക്ക് നല്‍കിയ നികുതി ഇളവുകളില്‍ ടൂറിസം മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി വന്‍കിട ഹോട്ടല്‍, റിസോര്‍ട്ട് ഉടമകള്‍ക്ക് നല്‍കിയ ആദ്യപാദ നികുതിയിളവ് മാത്രമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ഇതുതന്നെ വിനോദ സഞ്ചാര മേഖലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സമയത്താണ് ഇളവ് നല്‍കിയിരുന്നത്.
പിന്നീട് വിനോദസഞ്ചാര സീസണ്‍ ഏറെക്കുറെ അവസാനിക്കുന്ന സമയത്താണ് നികുതിയിളവ് പിന്‍വലിക്കുന്നത്. മറ്റു മേഖലകളില്‍ നല്‍കിയ നികുതിയിളവുകളെല്ലാം നിലവില്‍ തുടരുന്നുണ്ട്. സൗന്ദര്യ വര്‍ധക ഉത്പന്ന കമ്പനികള്‍ക്കും, ക്രഷര്‍ മെറ്റല്‍, പാറഖനന മേഖലയിലും, സ്വര്‍ണ വ്യാപാരികള്‍ക്കും നല്‍കി വന്ന ഇളവുകള്‍ ഈ മേഖലയിലുള്ളവര്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
അതില്‍ മുന്‍കാല പ്രാബല്യത്തോടെ നികുതിയിളവ് നല്‍കിയതാണ് ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയത്. പതിവിന് വിപരീതമായി മുന്‍കാല പ്രാബല്യത്തോടെ നികുതിയിളവ് നല്‍കുക വഴി നികുതിയായി അടച്ച പണം ഖജനാവില്‍ നിന്ന് അങ്ങോട്ട് തിരിച്ചുനല്‍കുന്ന പുതിയ പ്രവണതക്കാണ് ധനകാര്യ വകുപ്പ് തുടക്കമിട്ടത്. അതേസമയം ഈ വിരോധാഭാസം നിലനില്‍ക്കെയാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പ് ഭരണപരമായ ചിലകാര്യങ്ങളില്‍ തടസ്സം സൃഷ്ടിക്കുന്നത്. പി എസ് സിയുടെ ഫണ്ട് മരവിപ്പിച്ചതും, അറബിക് സര്‍വകലാശാല ആരംഭിക്കുന്നതിന് തടസ്സം നില്‍ക്കുന്നതെല്ലം സാമ്പത്തിക പ്രതിസന്ധി പറഞ്ഞാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest