തച്ചങ്കരിക്കെതിരെ അച്ചടക്കനടപടിക്കുള്ള ശിപാര്‍ശയില്‍ സ്വീകരിച്ച നടപടി അറിയിക്കണം: ഹൈക്കോടതി

Posted on: September 14, 2015 9:00 pm | Last updated: September 14, 2015 at 9:28 pm

കൊച്ചി: ഭൂമിയിടപാടുകളിലെ ദുരൂഹമായ പങ്കിന്റെ പേരില്‍ എഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശയിന്മേല്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഐജിയായിരുന്ന തച്ചങ്കരി തന്നെ പറവൂര്‍, വരാപ്പുഴ പീഡനക്കേസുകളില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് കന്യാകുമാരി സ്വദേശി കെ. മണികണ്ഠന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റീസ് പി. ഉബൈദിന്റേതാണ് നിര്‍ദേശം.

പറവൂര്‍, വരാപ്പുഴ പീഡനക്കേസുകള്‍ സിബിഐക്കു വിടണമെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നുമുള്ള ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച് ഭൂമിയിടപാടുകളില്‍ തച്ചങ്കരിക്കുള്ള ദുരൂഹമായ പങ്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രത്യേകമായി പരിഗണിക്കുകയാണെന്നു പറഞ്ഞു. സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ ടി.പി. സെന്‍കുമാര്‍ എഡിജിപിയായിരിക്കെ തച്ചങ്കരിയുടെ ദുരൂഹ ഇടപാടുകളെക്കുറിച്ച് 2013 മാര്‍ച്ച് പത്തിന് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തച്ചങ്കരിക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി 2014 ജനുവരി ആറിന് സര്‍ക്കാരിന് ശിപാര്‍ശ കത്തു നല്‍കി. ഈ രണ്ടു രേഖകളുടെയും അടിസ്ഥാനത്തില്‍ തച്ചങ്കരിക്കെതിരേ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുത്തതായി കാണുന്നില്ലെന്നു സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.