Connect with us

Wayanad

പ്രതിഷേധം വകവെക്കാതെ കല്‍പ്പറ്റയില്‍ വിദേശ മദ്യശാലക്ക് വീണ്ടും നീക്കം; തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി

Published

|

Last Updated

കല്‍പ്പറ്റ: പ്രദേശവാസികളുടെ പ്രതിഷേധം വകവെക്കാതെ ബീവറേജസ് കോര്‍പ്പറേഷന്‍ വിദേശ മദ്യശാല കല്‍പ്പറ്റ എന്‍ എം ഡി സി കോമ്പൗണ്ടില്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോകുന്നതിനിടെ എന്തുവിലകൊടുത്തും തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി.
ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ രംഗത്തെത്തി കഴിഞ്ഞു. സി പി എം നേതൃത്വം നല്‍കുന്ന എന്‍ എം ഡി സിയുടെ സൊസൈറ്റി കോമ്പൗണ്ടിലാണ് മദ്യശാല ആരംഭിക്കാനിരിക്കുന്നത്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍ എം ഡി സി ബില്‍ഡിംഗിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ഇവിടെ മദ്യശാലക്കെന്നോണം നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. അടുത്ത ദിവസം തന്നെ മദ്യശാല ഇവിടെ പ്രവര്‍ത്തനമാരംഭിച്ചേക്കുമെന്നറിയുന്നു. പി.ഡബ്ല്യു.ഡി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല വര്‍ഷങ്ങളായി നാട്ടുകാര്‍ നടത്തിയ ജനകീയ പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായാണ് മാസങ്ങള്‍ക്ക് മുമ്പ് അടച്ചു പൂട്ടിയത്. എന്നാല്‍ ഇതിനേക്കാള്‍ ജനത്തിരക്കേറിയ മത്സ്യ-മാംസ മാര്‍ക്കറ്റിന് സമീപത്താണ് വീണ്ടും മദ്യശാല തുറക്കുന്നത്.
പി ഡബ്ല്യു ഡി റോഡില്‍ മുനിസിപ്പാലിറ്റിയുടെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല ഇതേ സ്ഥലത്ത് തന്നെ പ്രവര്‍ത്തനം തുടരാനുള്ള ശ്രമം ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ രാപ്പകല്‍ ഭേദമെന്യ മദ്യശാല തുറക്കാന്‍ അനുവദിക്കാതെ ഉപരോധിക്കുകയുണ്ടായി. നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ മുന്നില്‍ കീഴടങ്ങിയ അധികൃതര്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മദ്യശാല അടച്ചു പൂട്ടിയത്. എന്നാല്‍ പി ഡബ്ല്യു ഡി റോഡിനോട് സമാനമായ രീതിയില്‍ ജനനിബിഡവും വിദ്യാലയങ്ങളും ആരാധനാലയങ്ങളും മറ്റും പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് വീണ്ടും മദ്യശാല തുറക്കാന്‍ ബീവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ ശ്രമം നടത്തുന്നത്. നേരത്തെ ബിവറേജസ് പ്രവര്‍ത്തിച്ചിരുന്നത് പോക്കറ്റ് റോഡിലായിരുന്നെങ്കില്‍ പുതുതായി പ്രവര്‍ത്തി തുടങ്ങാന്‍ ശ്രമം നടക്കുന്നത് മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡിനോട് ചേര്‍ന്നാണ് മദ്യശാല ആരംഭിക്കാനിരിക്കുന്ന എന്‍ എം ഡി സി കെട്ടിടം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറത്തറ വഴിയുള്ള വാഹനങ്ങള്‍ക്ക് ഇവിടെ സ്‌റ്റോപ്പുമുണ്ട്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും മദ്യശാല ഭീഷണിയായിരിക്കും. സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍, മസ്ജിദ്, വൃദ്ധസദനം, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്ക്, മത്സ്യ-മാംസ മാര്‍ക്കറ്റ് എന്നിവയുടെ ഏറെ അടുത്തായാണ് മദ്യശാല ആരംഭിക്കാനിരിക്കുന്ന കെട്ടിടം. ഫാത്തിമ മാതാ മിഷന്‍ ആസ്പത്രി, എച്ച.്‌ഐ.എം.യു.പി സ്‌കൂള്‍, കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയം, കല്‍പ്പറ്റ എല്‍.പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളും രോഗികളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരും ഇതിലൂടെ സഞ്ചരിക്കുന്നു. ഇവരുടെയെല്ലാം സഞ്ചാരത്തിന് മദ്യശാല ഭീഷണിയാകുമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല പൂട്ടിയതോടെ കല്‍പ്പറ്റയില്‍ മദ്യപരുടെ ശല്യം ഇല്ലാതായിരുന്നു. മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന നാരങ്ങാക്കണ്ടി, ചേനമല, ലക്ഷംവീട് തുടങ്ങിയ ആദിവാസി കോളനികളിലും മദ്യപരുടെ എണ്ണം കുറയുകയും ഇവിടെ സമാധാന അന്തരീക്ഷം നിലനില്‍ക്കുകയുമാണ്. നിലവില്‍ വിവാഹത്തിനും, മറ്റുമാണ് എന്‍ എം ഡി സി കോമ്പൗണ്ടിലെ ഈ കെട്ടിടം ഉപയോഗിക്കുന്നത്.