Connect with us

Wayanad

മന്ത്രിമാര്‍ കനിഞ്ഞില്ല; ജെയ്ഷയുടെ കുടുംബം കഴിയുന്നത് കൂരക്കുള്ളില്‍

Published

|

Last Updated

മാനന്തവാടി: മന്ത്രിമാര്‍ വാക്ക് പാലിക്കാത്തതിനെ തുടര്‍ന്ന് വീട് നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ ജെയ്ഷയുടെ കുടുംബം കഴിയുന്നത് ഷീറ്റ് കൊണ്ട് മറച്ച കൂരക്കുള്ളില്‍.
കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ രാജ്യത്തിന് വേണ്ടി മെഡലുകള്‍ കരസ്ഥമാക്കിയപ്പോള്‍ വീട് നിര്‍മിക്കാന്‍ ആവശ്യമായ പണം നല്‍കാമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, യുവജന കാര്യ മന്ത്രി പി കെ ജയലക്ഷ്മിയും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ആകെ ലഭിച്ചതാകട്ടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ മാത്രം. മറ്റ് കായിക താരങ്ങള്‍ക്ക് 10 ലക്ഷം രൂപയും വീടില്ലാത്തവര്‍ക്ക് 10 സെന്റ് സ്ഥലവും നല്‍കി. ജെയ്ഷക്ക് ലഭിച്ച അഞ്ച് ലക്ഷം കൊണ്ട് തൃശിലേരി ജയാലയത്തിലെ പഴയ വീട് പൊളിച്ച് പുതിയ വീടിന്റെ നിര്‍മാണം തുടങ്ങി.
അമ്മ ശ്രീദേവിയുടെ പേരില്‍ ബേങ്കില്‍ സ്ഥലത്തിന്റെ രേഖകളക്കം സമര്‍പ്പിച്ച് മൂന്ന് ലക്ഷം വായ്പയെടുത്തു. വീടിന്റെ പകുതി ജോലികള്‍ കഴിഞ്ഞതോടെ കൈയ്യിലുണ്ടായിരുന്ന പണവും തീര്‍ന്നു.
ഇതോടെ വീട് നിര്‍മാണവും നിലച്ചു. വീട്ടിലേക്ക് വാഹനങ്ങള്‍ വഴി ഇല്ലാത്തതിനാല്‍ നിര്‍മാണ സാമഗ്രികള്‍ ചുമന്നാണ് എത്തിച്ചത്. ഇതിന് നല്ലൊരു തുക ചെലവായി.
രോഗിയായ പിതാവ് വേണുഗോപാല്‍, സഹോദരി ജയ്‌ന, ഭര്‍ത്താവ് പ്രമോദ്, രണ്ട് കുട്ടികള്‍ എന്നിവരുള്‍പ്പെടെ ആറംഗ കുടുംബം ഇപ്പോള്‍ കഴിയുന്നത്. ഷീറ്റ് കൊണ്ട് മറച്ച കൂരക്കുള്ളില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയ തൃശിലേരിക്കാരി ജെയ്ഷയുടെ കുടുംബം കഴിഞ്ഞ കാലവര്‍ഷത്തില്‍ അന്തിയുറങ്ങിയത് ഏത് നിമിഷവും നിലം പതിക്കുന്ന ഈ കൂക്കുള്ളിലാണ്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണം കണ്ടെത്താന്‍ ഇവി തങ്ങള്‍ക്ക് യാതൊരു വഴിയുമില്ലെന്ന് ജയ്ഷയുടെ മാതാവ് പറഞ്ഞു. വയനാടിന്റെ കുഗ്രാമത്തില്‍ നിന്നും വളര്‍ന്ന് രാജ്യത്തിന്റെ അഭിമാനമായി മാറുമ്പോഴും ജെയ്ഷയുടെ ദുഃഖം വളര്‍ത്തി വലുതാക്കി രാജ്യം അറിയുന്ന കായിക താരമാക്കി മാതാപിതാക്കള്‍ക്ക് അന്തിയുറങ്ങാന്‍ ഒരു അഭയ കേന്ദ്രം ഇല്ല എന്നുള്ളതാണ്. മന്ത്രിമാരുടെ വാഗ്ദാനം പാലിക്കപ്പെട്ടാല്‍ രാജ്യത്തിന് വേണ്ടി മെഡലുകള്‍ വാരിക്കൂട്ടുന്നതിന് ജെയ്ഷക്ക് നല്‍കാവുന്ന ഏറ്റും വലിയ പുരസ്‌കാരം കൂടിയായി മാറും അത്.

---- facebook comment plugin here -----

Latest