തെരുവുനായ ശല്യം രൂക്ഷം; നടപടിയെടുക്കാനാകാതെ അധികൃതര്‍

Posted on: September 14, 2015 9:26 am | Last updated: September 14, 2015 at 9:26 am

കോഴിക്കോട്: ജില്ലയിലെ നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യം ദിനം പ്രതി വര്‍ധിക്കുന്നു. വഴിയാത്രക്കാരെ മാത്രം ആക്രമിച്ചിരുന്ന നായകള്‍ സ്വന്തം വീട്ടു മുറ്റത്ത് കളിക്കുന്ന കുട്ടികളെയും ആക്രമിച്ചു തുടങ്ങിയത് അടുത്ത കാലത്താണ്.
തെരുവുനായയുടെ അക്രമത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് വരെ പരിക്കേറ്റിട്ടും യാതൊരു നടപടിയുമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍. കഴിഞ്ഞ ദിവസം പേരാമ്പ്രയിലും കൂരാച്ചുണ്ടിലും അഞ്ചും ഏഴും വയസുള്ള കുട്ടികളെയാണ് നായകള്‍ കടിച്ചു പരുക്കേല്‍പ്പിച്ചത്. നഗര പ്രദേശങ്ങളില്‍ പോലും രാത്രിയോ പകലെന്നോ വ്യത്യാസമില്ലാതെയാണ് നായകള്‍ ജനങ്ങളെ ആക്രമിക്കുന്നത്.
ദിനം പ്രതി തെരുവുനായകളുടെ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി വരികയുമാണ്. നായകളുടെ അക്രമത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത് രാത്രിയില്‍ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരാണ്. രാത്രിയില്‍ പെട്ടന്ന് വാഹനത്തിന് മുന്നിലേക്ക് ചാടിയാണ് നായകള്‍ യാത്രക്കാരെ കടിച്ചു കീറുന്നത്. ഇരുചക്ര വാഹന യാത്രക്കാരെ നായ ആക്രമിക്കുമ്പോള്‍ വാഹനത്തില്‍ നിന്നും വീണ് പരിക്കേല്‍ക്കുന്നതിന് പുറമേ നായയുടെ കടിയും ഏല്‍ക്കേണ്ടി വരുന്ന സ്ഥിതിയാണ്.
ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ പോലും നായകളുടെ ശല്യം രൂക്ഷമാണെന്നതാണ് ജനങ്ങളെ ഏറെ ആശങ്കയിലാഴ്ത്തുന്നത്. നഗരത്തിലെ പ്രധാന റോഡുകള്‍ പോലും സന്ധ്യ ആവുന്നതോടെ തെരുവുനായകളുടെ കേന്ദ്രമായി മാറുന്ന സ്ഥിതിയാണുള്ളത്. എരഞ്ഞിപ്പാലം-അരയിടത്ത്പാലം ബൈപാസില്‍ രാത്രിയാത്ര ഏറെ ദുഷ്‌കരമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവടെ നായകള്‍ കൂട്ടം കൂട്ടമായാണ് റോഡ് സൈഡില്‍ തമ്പടിക്കുന്നതും യാത്രക്കാരെ ഉപദ്രവിക്കുന്നതും.
കോര്‍പറേഷനില്‍ തെരുവുനായ വന്ധ്യംകരണം ഒരു തവണ നടപ്പാക്കിയിരുന്നെങ്കിലും പിന്നീട് അത് മുടങ്ങി. കഴിഞ്ഞ മാര്‍ച്ചിലാണ് വന്ധ്യംകരണ ക്യാമ്പ് നടത്തിയിരുന്നത്. അന്ന് 150 നായകളെ വന്ധ്യംകരണം നടത്തിയിരുന്നു. പദ്ധതി തുടരുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇത് നിലച്ച മട്ടാണ്. ഇതിനെല്ലാം പുറമെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നായയുടെ കടിയേറ്റ് ആശുപത്രിയിലെത്തുന്നവര്‍ക്ക് ഇരട്ട പ്രഹരമാണ് സമ്മാനിക്കുന്നത്. നായയുടെ കടിയേറ്റ് ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ട ദുരവസ്ഥയിലുമാണ്.