Connect with us

Kozhikode

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

Published

|

Last Updated

കോഴിക്കോട്: തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ ആകെ 22,61,069 വോട്ടര്‍മാര്‍. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതല്‍. ആകെയുള്ള വോട്ടര്‍മാരില്‍ 11,73,664 പേരും സ്ത്രീകളാണ്. 10,87,401 പുരുഷ വോട്ടര്‍മാരാണുള്ളത്. ഭിന്നലിംഗക്കാര്‍ നാലു പേരുണ്ട്. ഭിന്നലിംഗക്കാരെ ആദ്യമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ജില്ലയില്‍ നാല് പേരുണ്ട്.
വോട്ടര്‍പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും ഇനിയും അവസരമുണ്ട്. അതിനാല്‍ വോട്ടര്‍മാരുടെ എണ്ണം നിലവിലുള്ളതിനേക്കാള്‍ ഉയരും. നാമ നിര്‍ദേശ പത്രിക സ്വീകരിക്കുന്ന തീയതിക്ക് 10 ദിവസം മുമ്പുവരെ നല്‍കുന്ന അപേക്ഷകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പരിഗണിക്കും. ജൂണില്‍ പ്രസിദ്ധീകരിച്ച കരടു പട്ടികയില്‍ തിരുത്തലുകള്‍ പൂര്‍ത്തിയാക്കിയാണ് പുതിയ പട്ടിക. പുതിയ നഗരസഭകളിലെയും വോട്ടര്‍ പട്ടിക വാര്‍ഡ് പുനര്‍നിര്‍ണയത്തിനുശേഷം വീണ്ടും പ്രസിദ്ധീകരിക്കും.
ജില്ലയില്‍ പുതിയ അഞ്ച് മുനിസിപ്പാലിറ്റികളാണ് രൂപവത്കരിക്കുന്നത്. ഇതോടെ ജില്ലയിലെ മുനിസിപ്പാലിറ്റികളുടെ ആകെ എണ്ണം ഏഴായി വര്‍ധിക്കും. സംസ്ഥാനത്തെ 28 ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളാക്കിയ നടപടി തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചതോടെയാണ് ജില്ലയില്‍ പുതിയതായി അഞ്ച് മുന്‍സിപ്പാലിറ്റികള്‍ രൂപം കൊണ്ടത്. ഫറോക്ക്, രാമനാട്ടുകര, കൊടുവള്ളി, മുക്കം, പയ്യോളി എന്നിവയാണ് പുതിയ മുനിസിപ്പാലിറ്റികള്‍. ഇതേ പേരിലുള്ള ഗ്രാമപഞ്ചായത്തുകളാണ് ഇത്തവണ ജില്ലയില്‍ മുനിസിപ്പാലിറ്റിയായി മാറിയത്.
ഇത്രയും ഗ്രാമപഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളാവുന്നതോടെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 75ല്‍ നിന്ന് 70 ആയി കുറയും. ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം 12 തന്നെയായിരിക്കും. എന്നാല്‍ അതിലുള്‍പ്പെടുന്ന പഞ്ചായത്തുകളുടെ കാര്യത്തില്‍ അവസാന തീരുമാനമായിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകളുടെ ഡിവിഷന്‍ പുനര്‍നിര്‍ണയത്തിനുസരിച്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും മാറ്റം വരും. കോഴിക്കോട് കോര്‍പറേഷന്‍ 2010 ലെ അതെ അവസ്ഥയില്‍ തുടരും. 75 വാര്‍ഡുകളാണ് കോര്‍പ്പറേഷനിലുള്ളത്. ഇത്തവണ കോഴിക്കോട് കോര്‍പ്പറേഷനെ വിഭജിച്ച് എലത്തൂര്‍, ബൈപ്പൂര്‍, ചെറുവണ്ണൂര്‍- നല്ലളം എന്നീ മുനിസിപ്പാലിറ്റികള്‍ ഉണ്ടാക്കാനായിരുന്നു ശുപാര്‍ശ. ഏറെ വിമര്‍ശനം കേട്ട ഈ വിഭജനം ഹൈക്കോടതി റദ്ദാക്കി.
പുതിയ മുനിസിപ്പാലിറ്റികളില്‍, ഇവ ഗ്രാമപഞ്ചായത്തുകളായിരുന്ന സമയത്തേക്കാള്‍ കൂടുതല്‍ വാര്‍ഡുകള്‍ ഇനി ഉണ്ടാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മുക്കം, രാമനാട്ടുകര മുനിസിപ്പാലിറ്റികളില്‍ 31 വാര്‍ഡുകള്‍ ഉണ്ടാകും. നിലവില്‍ മുക്കം പഞ്ചായത്തില്‍ നിലവില്‍ 21 വാര്‍ഡുകളും രാമനാട്ടുകരയില്‍ 19 വാര്‍ഡുകളുമാണുള്ളത്. കൊടുവള്ളിയിലും പയ്യോളിയിലും 36 വാര്‍ഡുകള്‍ വീതമാണുണ്ടാവുക. രണ്ടിടത്തും ഇപ്പോള്‍ 23 വാര്‍ഡുകളാണുള്ളത്. ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ 38 വാര്‍ഡുകള്‍ ഉണ്ടാകും. നിലവില്‍ 23 വാര്‍ഡാണുള്ളത്. ജില്ലയില്‍ നിലവില്‍ വടകര, കൊയിലാണ്ടി എന്നീ മുനിസിപ്പാലിറ്റികളാണുള്ളത്. ഇതിനു പുറമെയാണ് പുതിയ അഞ്ചെണ്ണം വരുന്നത്.

Latest