മുന്‍കാല പ്രാബല്യത്തിലൂടെ ഖജനാവില്‍ നിന്ന് കോടികള്‍ നല്‍കുന്നു

Posted on: September 14, 2015 12:59 am | Last updated: September 14, 2015 at 12:59 am

തിരുവന്തപുരം: കുത്തകകള്‍ക്കും കച്ചവട ലോബികള്‍ക്കും നേട്ടംകൊയ്യാന്‍ അവസരം നല്‍കിയുള്ള ധനകാര്യ വകുപ്പിന്റെ ഇടപെടല്‍ സംസ്ഥാന ഖജനാവിന് വരുത്തിവെക്കുന്നത് കോടികളുടെ നഷ്ടം. വാണിജ്യ നികുതി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കെത്തേണ്ട കോടികള്‍ കുത്തകകളും കച്ചവട ലോബികളും പോക്കറ്റിലാക്കുന്നുവെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് 2500 കോടിയുടെ നഷ്ടം വരുത്തിയ ധനകാര്യവകുപ്പിന്റെ നടപടി.
വാണിജ്യ നികുതി വരുമാനത്തില്‍ നിന്ന് 35,480 കോടി നികുതിവരുമാനം ലക്ഷ്യമിടുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദം അവസാനിച്ചപ്പോള്‍ പ്രതീക്ഷിത തുകയുടെ 19.28 ശതമാനം മാത്രമാണ് ഖജനാവിലെത്തിയത്. എന്നാല്‍ ഇക്കാലയളവില്‍ ധനകാര്യ വകുപ്പിന്റെ സഹായത്തോടെ കുത്തകകളും വന്‍കിട കമ്പനികളും കച്ചവടലോബികളും കൊയ്ത കോടികളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അതേസമയം ഈ കാലയളവില്‍ സംസ്ഥാന ഖജനാവിലേക്കെത്തേണ്ട നിശ്ചിത നികുതിയില്‍ 2500 കോടിയുടെ കുറവ് നിലനില്‍ക്കുകയാണ്.
ടൂറിസം മേഖലയുടെ അഭിവൃദ്ധിക്കെന്ന പേരില്‍ ആഡംബര ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും നികുതി 60 ശതമാനം കുറച്ചുകൊടുത്തത് വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട കോടികളാണ് റിസോര്‍ട്ട് മാഫിയകളുടെയും, പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പുകളുടെയും പെട്ടികളിലേക്ക് വഴിമാറി ഒഴുകിയത്. ഇതിന് പുറമെ ഇളവുകള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കുക വഴി പൊതുഖജനാവിലെത്തിയ തുക കൂടി ഇത്തരം മുതലാളിമാര്‍ക്ക് തിരികെ നല്‍കിക്കൊണ്ടാണ് ധനകാര്യ വകുപ്പിന്റെ ഉദാര സമീപനം.
ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ബാധകമായിരുന്ന ആഡംബര നികുതി നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലാണ് ഇളവ് ചെയ്ത് നല്‍കിയത്. നേരത്തെ 12.5 ശതമാനമുണ്ടായിരുന്ന നികുതി അഞ്ച് ശതമാനമായി കുറച്ചാണ് ഹോട്ടല്‍ റിസോര്‍ട്ട് മാഫിയയയെ ധനകാര്യ വകുപ്പ് കൈയയച്ച് സഹായിച്ചത്.
സംസ്ഥാനത്ത് വിനോദസഞ്ചാരമേഖലയില്‍ ഏറ്റവുംകൂടുതല്‍ തിരക്കുള്ള ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ നികുതിയിലാണ് വന്‍ ഇളവ് നല്‍കിയിരുന്നതെന്നതും ശ്രദ്ധേയമാണ്. ടൂറിസത്തില്‍ നിന്ന് സര്‍ക്കാറിന് ഏറ്റവും കൂടുതല്‍ നേട്ടം ലഭിക്കേണ്ട സമയത്താണിതെന്നതും കൂട്ടിവായിക്കേണ്ടതാണ്. വിനോദസഞ്ചാര മേഖലയില്‍ വന്‍ സാധ്യതകളുള്ള വയനാട്, ഇടുക്കി ജില്ലകളിലാണ് ഇത്തരത്തില്‍ വന്‍ നികുതി ചോര്‍ച്ച പ്രകടമായത്.
അതുപോലെ ഒരുകോടിലേറെ വിറ്റുവരവുള്ളതും, അഞ്ച് വര്‍ഷമായി കോമ്പൗണ്ട് നികുതി ഒടുക്കുകയും ചെയ്യുന്ന സ്വര്‍ണ വ്യാപാരികള്‍ക്ക് നല്‍കിയ ഇളവും ഖജനാവിന് വന്‍തോതില്‍ നഷ്ടമാണുണ്ടാക്ക വെച്ചു. 125 ശതമാനമായിരുന്ന നികുതി 115 ശതമാനമായും മൂന്ന് വര്‍ഷം കോമ്പൗണ്ട് നികുതി അടച്ചവര്‍ക്ക് 120 ശതമാനമായുമാണ് കുറച്ചത്. ഈ ഇളവിന് മുന്‍കാല പ്രാബല്യം കൂടി നല്‍കിയതോടെ വന്‍കിട ജ്വല്ലറി ശൃംഖലകളുടെ ചെറുപട്ടണങ്ങളിലെ ശാഖകള്‍ക്ക് വരെ ശരാശരി 25 ലക്ഷം വരെ അടച്ച നികുതി തിരിച്ചുനല്‍കേണ്ടി വന്നു. ഒപ്പം ഈ സാമ്പത്തിക വര്‍ഷം ഈ ഇളവ് നലനിര്‍ത്തി നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇതിന് പുറമെ ബജറ്റില്‍ നികുതി കുറക്കാവുന്നതാണെന്ന ഒറ്റ വരി പരാമര്‍ശത്തിലുള്‍പ്പെടുന്ന പലമേഖലകള്‍ക്കും പിന്നീട് വന്‍ നികുതിയിളവാണ് നല്‍കിയത്. ബജറ്റില്‍ കൂട്ടി നിശ്ചയിച്ച പിന്നീട് വന്‍ നികുതി യിളവ് പ്രഖ്യാപിച്ച ക്രഷര്‍ യൂനിറ്റുകള്‍ ഉള്‍പ്പെടയുള്ള ചില മേഖലകള്‍ ഇതിനുദാഹരണമാണ്. എം സാന്‍ഡ് വില്‍പ്പന നികുതി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് 14.5 ശതമാനമാക്കി ഉയര്‍ത്തിയെങ്കിലും പിന്നീട് ചെറിയ തുക നിശ്ചയിച്ച് കോമ്പൗണ്ടില്‍ കൊണ്ടുവരുന്നതാണ് കണ്ടത്.
മണിക്കൂറില്‍ 100 മുതല്‍ 150 മെട്രിക് ടണ്‍ വരെ ഉത്പാദന ശേഷിയുള്ള മെഷീനുകള്‍ക്ക് നിശ്ചയിച്ചിരുന്നത് 32.5 ലക്ഷമായിരുന്നു. ഇതുപ്രകാരം 10 കോടിയോളം വിറ്റുവരവുള്ള യൂനിറ്റുകള്‍ക്ക് നികുതിയായി 1.56 കോടി അടക്കേണ്ട സ്ഥാനത്ത് ഇത് 66 ലക്ഷമാക്കിയാണ് ഇളവ് നല്‍കിയത്. ഇത്തരത്തില്‍ ഉത്പാദന ശേഷിയുള്ള 828 ക്രഷര്‍ യൂനിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടൊണ് ഔദ്യോഗിക കണക്ക്. അനധികൃത ക്രഷറുകള്‍ വേറെയും വരും. ഈ കണക്ക് പ്രകാരം ഒരു യൂനിറ്റിന് മാത്രം ലഭിക്കുന്ന ലാഭം 90 കോടിയാണ്. ഇതുമൂലം പൊതുഖജനാവിനുണ്ടാകു നഷ്ടം 756 കോടിയിലധികം വരും. ഇത്തരത്തില്‍ ഖജനാവിലെത്തേണ്ട നികുതി വരുമാനത്തിന്റെ ചോര്‍ച്ചയാണ് സംസ്ഥാനത്ത് അടുത്തിടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനകാരണങ്ങളിലൊന്ന്.
അതേസമയം സംസ്ഥാനത്തെ രാഷ്ട്രീയ സ്വാധീനവും പിന്‍ബലവുമുള്ളവരാണ് ഈ ലോബിക്ക് പിന്നിലുള്ളതെന്നതാണ് യാഥാര്‍ഥ്യം. റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനെ പേരില്‍ റബറിന്റെ തറവില 136 രൂപയാക്കി നികുതിയിളവ് നല്‍കിയതിന്റെ ഗുണം ലഭിച്ചത് സംസ്ഥാനത്തെ രണ്ട് പ്രധാന റബ്ബര്‍ വ്യവസായികള്‍ക്കാണ്. തങ്ങള്‍ ശേഖരിച്ചതും, കരുതി വെച്ചതുമായി റബ്ബര്‍ ഇതിന്റെ മറവില്‍ വിറ്റഴിച്ചാണ് കമ്പനികള്‍ ലാഭം കൊയ്തത്.
നികുതി ഒഴിവാക്കിയതോടെ പരിശോധനയും ഒഴിവായത് കമ്പനികള്‍ക്ക് ഏറെ സൗകര്യപ്രദമായി. ഈ ഇനത്തില്‍ 50 കോടിയിലേറെ നഷ്ടമാണ് സര്‍ക്കാര്‍ ഖജനാവിനുണ്ടായത്. ഇതിന് പുറമെ സാധാരണക്കാര്‍ക്ക് ഉപയോഗമില്ലാത്ത സൗന്ദര്യ വര്‍ധക എണ്ണകളും മുഖലേപനങ്ങളും സോപ്പും, തടികുറക്കുന്ന മരുന്നുകളുമെല്ലാം ആയുര്‍വേദത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഇത്തരം കമ്പനികള്‍ക്കും വന്‍ നേട്ടം കൊയ്യാന്‍ ധനവകുപ്പ് അവസരമൊരുക്കിക്കൊടുത്തു.
ഇതുവഴി 14.5 ശതമാനമുണ്ടായിരുന്ന നികുതിയാണ് വെറും അഞ്ച് ശതമാനമാക്കി നല്‍കിയത്. ഇതിന് പുറമെ ഇളവിന് മുന്‍കാല പ്രാബല്യം നല്‍കിയതിലൂടെ ഖജനാവിലെത്തിയ 50 കോടി രൂപ ഈ മുതലാളിമാര്‍ക്ക് തിരികെ നല്‍കേണ്ടിയും വന്നു.