ബാഴ്‌സലോണക്ക് ജയം

Posted on: September 14, 2015 12:40 am | Last updated: September 14, 2015 at 12:53 am
SHARE

_85518058_lionel_messi2_apമാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്‌സലോണക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ ജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറുമാണ് ബാഴ്‌സക്കായി ഗോള്‍ നേടിയത്. ഫെര്‍ണാണ്ടോ ടോറസിന്റെ വകയായിരുന്നു അത്‌ലറ്റിക്കോയുടെ ഏക ഗോള്‍.
ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. എന്നാല്‍ രണ്ടാം പകുതി തുടങ്ങി ആറാം മിനുട്ടില്‍ ടോറസിലൂടെ അത്‌ലറ്റിക്കോ മുന്നിലെത്തി. എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ബാഴ്‌സ മറുപടി ഗോള്‍ നേടി. ബോക്‌സിന് പുറത്ത് നിന്ന് നെയ്മറെടുത്ത ഫ്രീകിക്ക് അത്‌ലറ്റിക്കോയുടെ വലയില്‍ വീണു. 77ാം മിനുട്ടില്‍ മെസിയുടെ ബൂട്ടില്‍ നിന്ന് ബാഴ്‌സയുടെ വിജയ ഗോളും പിറന്നു. അതെ സമയം, മറ്റ് മത്സരങ്ങളില്‍, യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സെവിയ്യയെ ലവാന്റെ 1-1 സമനിലയില്‍ തളച്ചു. വലന്‍സിയ സ്‌പോര്‍ട്ടിംഗ് ജി ജിയോണിനെയും റയല്‍ ബെറ്റിസ് റയല്‍ സോസിഡാഡിനെയും തോല്‍പ്പിച്ചു. 1-0ത്തിനാണ് ഇരു ടീമുകളും ജയം സ്വന്തമാക്കിയത്. ജയത്തോടെ ബാഴ്‌സ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റാണ് ബാഴ്‌സക്ക്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്തുണ്ട്. വിയ്യാ റയലാണ് മൂന്നാമത്.

റെക്കോര്‍ഡ് റൊണാള്‍ഡോ
റയല്‍ മാഡ്രിഡിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സ്വന്തം. ലാലിഗയില്‍ എസ്പാനിയോളിനെ 6-0ത്തിന് കീഴടക്കിയ മത്സരത്തില്‍ അഞ്ച് ഗോള്‍ നേടിയാണ് ക്രിസ്റ്റ്യാനോ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. മത്സരത്തിന്റെ 7, 17, 20, 61, 81 മിനുട്ടുകളിലായിരുന്നു റോണാള്‍ഡോയുടെ ഗോളുകള്‍.
203 കളിയില്‍ നിന്ന് 230 ഗോളുകളാണ് റോണോ റയലിനായി ഇതുവരെ നേടിയത്. 228 ഗോള്‍ നേടിയ റൗള്‍ ഗോണ്‍സാലസായിരുന്നു ഇതുവരെ ടോപ് സ്‌കോറര്‍. റൗള്‍ 550 കളിയില്‍ നിന്നാണ് 228 ഗോള്‍ നേടിയത്.
ലാ ലിഗ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയിലും റൊണാള്‍ഡോ ഒരു പടി മുന്നേറി. നാലാം സ്ഥാനത്താണ് റോണാള്‍ഡോയിപ്പോള്‍. 287 ഗോളുമായി ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് മുന്നില്‍. അത്‌ലറ്റിക്കോ ബില്‍ബാവോയുടെ താരമായിരുന്ന ടെല്‍മോ സറയാണ് രണ്ടാമത്. 251 ഗോള്‍. 234 ഗോളടിച്ച ഹ്യൂഗോ സാഞ്ചസാണ് മൂന്നാമത്.