അഭയാര്‍ഥികള്‍ക്ക് വേണ്ടി യൂറോപ്പിലെങ്ങും റാലികള്‍

Posted on: September 14, 2015 12:40 am | Last updated: September 14, 2015 at 12:40 am

ലണ്ടന്‍: യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും തകര്‍ത്തെറിഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്ന അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങളിലും ആസ്‌ത്രേലിയന്‍ നഗരങ്ങളിലും കൂറ്റന്‍ റാലികള്‍. അഭയാര്‍ഥികള്‍ക്കനുകൂലമായ പ്ലക്കാര്‍ഡുകളുമായി ആയിരക്കണക്കിന് പേര്‍ ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനില്‍ റാലി നടത്തി. സോഷ്യലിസ്റ്റ് നേതാവും ലേബര്‍ പാര്‍ട്ടി നേതാവുമായ ജറമി കോര്‍ബിന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. വന്‍കരഘോഷത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ ജനക്കൂട്ടം സ്വീകരിച്ചത്. അഭയാര്‍ഥികളുടെ വിഷയത്തില്‍ ബ്രിട്ടന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നാണ് റാലിയില്‍ പങ്കെടുത്ത ആയിരങ്ങള്‍ ആവശ്യപ്പെട്ടത്. ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ 30,000ത്തിലധികം പേര്‍ അഭയാര്‍ഥികള്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തി. സമാനമായ രീതിയില്‍ മാഡ്രിഡ്, ഹംബര്‍ഗ് നഗരങ്ങളിലും റാലികള്‍ നടന്നു. ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലും നിരവധി പേര്‍ പങ്കെടുത്ത റാലികള്‍ സംഘടിപ്പിച്ചു. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സ്വാഗതം എന്ന ബാനറുകളുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. സ്റ്റോക്‌ഹോം, ഹെല്‍സിന്‍കി, ലിസ്ബണ്‍ നഗരങ്ങളിലും ആയിരങ്ങള്‍ പങ്കെടുത്ത റാലികള്‍ നടന്നു.
അതേസമയം, കിഴക്കന്‍ യൂറോപ്പിലെ ചില രാജ്യങ്ങളില്‍ അഭയാര്‍ഥികള്‍ക്കെതിരെയും റാലികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. വാര്‍സോയില്‍ നടന്ന റാലിയില്‍ 5,000 പേര്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.